കൊല്ലം: ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന കുന്നത്തൂർ മണ്ഡലത്തിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് മുൻ ജനപ്രതിനിധി കോവൂർ കുഞ്ഞുമോൻ. കഴിഞ്ഞ 25 വർഷക്കാലം ജനങ്ങളോടൊപ്പം നിൽക്കുകയും മണ്ഡലത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുകയും ചെയ്ത തനിക്ക് ഇത്തവണയുണ്ടായ വോട്ട് ചോർച്ചയുടെ കാരണം മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പരാജയം വ്യക്തിപരമായി അംഗീകരിക്കുന്നുവെന്നും എന്നാൽ ഇടതുപക്ഷ കോട്ടയിൽ എങ്ങനെ ഇത്തരമൊരു വീഴ്ചയുണ്ടായി എന്ന് സംസ്ഥാന നേതൃത്വം ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ടപ്പോൾ തനിക്കും അത്തരമൊരു ആഗ്രഹം ഉണ്ടായെന്നും, ചിട്ടികളിൽ ചേർന്ന് സ്വരൂപിച്ച 27 ലക്ഷം രൂപ ഉപയോഗിച്ചാണ് താൻ ആ കാർ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി വീടില്ലാതിരുന്ന താൻ ഇഷ്ടപ്പെട്ട് വാങ്ങിയ ഈ കാറിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വലിയ കാര്യമില്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തനിക്ക് സ്വന്തം ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തനത്തിൽ സുതാര്യതയാണ് തന്റെ കരുത്തെന്ന് അദ്ദേഹം ആവർത്തിച്ചു.

മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ വോട്ടായി മാറാതിരുന്നതിനെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കിഫ്‌ബിയുടെ ഒരു സഹായവും കുന്നത്തൂരിന് ലഭിച്ചില്ലെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. മൈനാഗപ്പിള്ളി റെയിൽവേ മേൽപാലം, ശാസ്താംകോട്ട മിനി സിവിൽ സ്റ്റേഷൻ, കണ്ണക്കാട്ട് കടവ് പാലം തുടങ്ങിയ നിരവധി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് വർഷക്കാലം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നടപ്പിലാക്കാത്ത വികസനമാണ് കേരളത്തിൽ നടന്നതെന്നും എന്നാൽ ചില കാര്യങ്ങൾ ജനം അംഗീകരിച്ചില്ലെന്നും അദ്ദേഹം വിലയിരുത്തി.

തന്റെ പരാജയത്തിന് കാരണമായി അദ്ദേഹം കാണുന്ന പ്രധാന പോരായ്മ സോഷ്യൽ മീഡിയയിലെ സാന്നിധ്യക്കുറവാണ്. താൻ ചെയ്ത പ്രവർത്തനങ്ങൾ റീൽസുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം സമ്മതിച്ചു. പരസ്യപ്പലകകൾ സ്ഥാപിച്ചോ ഫ്ലെക്സ് അടിച്ചോ പ്രശസ്തി നേടാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും, മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ നേരിട്ട് അറിയാമെന്ന വിശ്വാസത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിലെ പ്രചാരണമില്ലായ്മ ഒരു വലിയ പോരായ്മയായി മാറിയെന്ന് താൻ ഇപ്പോൾ തിരിച്ചറിയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.