തൃക്കോതമംഗലം(കോട്ടയം): പിഎന്‍എന്‍എം സ്‌കൂള്‍മുറ്റത്തും പരിസരത്തുമായി കരഞ്ഞുതളര്‍ന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന രക്ഷിതാക്കള്‍. മൗനംപൂണ്ട സഹഅധ്യാപകര്‍. അനുപമ ടീച്ചറെ അവസാനമായി കാണാന്‍ സങ്കടത്തോടെ സ്‌കൂളിലേക്കെത്തുന്ന പൂര്‍വ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും. പ്രവേശനോത്സവം നടക്കേണ്ട വിദ്യാലയാങ്കണത്തില്‍ കണ്ണീരിന്റെ നനവ്.

To advertise here,

സ്‌കൂള്‍ പ്രവേശനോത്സവനത്തിനുള്ള ഒരുക്കങ്ങള്‍ക്കുശേഷം മടങ്ങിയ എസ്. അനുപമ ഞായറാഴ്ച വൈകീട്ടോടെയാണ് ഹൃദയാഘാതംമൂലം മരിച്ചത്. കുട്ടികളെ സ്വീകരിക്കാന്‍ കടലാസ് കിരീടം തയ്യാറാക്കിയും മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കിയും മറ്റ് അധ്യാപകര്‍ക്കൊപ്പം കഴിഞ്ഞദിവസംവരെ ടീച്ചര്‍ സ്‌കൂളില്‍ സജീവമായിരുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി തൃക്കോതമംഗലം, ഉദിക്കാമല, ഇരവിനല്ലൂര്‍ ക്ഷേത്രങ്ങളിലെല്ലാം ഞായറാഴ്ച ദര്‍ശനംനടത്തി മടങ്ങിയതാണ്.

കുട്ടികളുടെ ഹൃദയത്തില്‍ ചേക്കേറിയ സ്‌നേഹത്തിന്റെ മറുപേരാണ് 31 വര്‍ഷം സ്‌കൂളില്‍ സേവനംചെയ്ത അനുപമയുടേത്. സബ്ജില്ലാ കലോത്സവത്തിലുള്‍പ്പെടെ എവറോളിങ് ട്രോഫി നേടുന്നതിനും കുട്ടികളെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രാപ്തരാക്കുന്നതിനും മുന്‍പന്തിയിലായിരുന്നു. കോവിഡ് കാലത്തടക്കം കുട്ടികള്‍ക്ക് അക്ഷരശ്ലോകം, ചിത്രരചന, പാട്ടുകള്‍ തുടങ്ങിയവ പരിശീലിപ്പിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്കൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. വിവിധ സ്ഥാപനപ്രതിനിധികള്‍, ക്ഷേത്രഭാരവാഹികള്‍, രക്ഷാകര്‍ത്താക്കള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11-ന് കൂരോപ്പട പടിഞ്ഞാറ്റക്കര കുടുംബശ്മശാനത്തില്‍.