
കൊച്ചി: കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംഎ എഞ്ചിനീയറിങ് കോളേജിലെ മൂന്നാംവർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി അരുണാചൽ സ്വദേശി മിച്ചി മിർപുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കോളേജിനടുത്ത് വിദ്യാർഥികൾ പേയിങ് ഗസ്റ്റായി (പി.ജി.) താമസിക്കുന്ന വീട്ടിൽ മിർപുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മിച്ചിയുടെ പക്കൽനിന്നും മൂന്ന് പേജ് വരുന്ന ഹിന്ദി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എംഎ കോളേജ് ഓട്ടോണോമസ് കോളേജാണ്. ഇവിടെ വിദ്യാർഥികളുടെ ക്രെഡിറ്റ് സ്‌കോർ തീരുമാനിച്ചിരുന്നത് കോളേജ് അധികൃതർ തന്നെയാണ്.
മറ്റെല്ലാ എഞ്ചിനിയറിങ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ 18 ആണ് എന്നിരിക്കെ എംഎ കോളേജിൽ മാത്രം ഇത് 22 ആണെന്നും ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് വിദ്യാർഥികളുടെ ആരോപണം. ഇതിനെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിട്ടുണ്ട്.
ഇയർ ബാക്കുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിലുള്ള ആശങ്കകൾ നിലനിന്നിരുന്നതായാണ് വിവരം. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള കോളേജുകളിൽ ഇയർ ബാക്ക് പിൻവലിച്ചിരുന്നു.
അതേസമയം, എംഎ കോളേജിൽ സ്‌കോർ 22-ൽ എത്തിക്കാനാകാതെ ഇരുപതോളം വിദ്യാർഥികളാണ് ഇത്തരത്തിൽ ഇയർഔട്ട് ഭീഷണിയിലുള്ളത് എന്നും ഇത് ഭയന്ന് കുറച്ചു വിദ്യാർഥികൾ കോളേജിൽനിന്നും ടി.സി. വാങ്ങി പോയതായും വിദ്യാർഥികൾ പറയുന്നു.
ഈ വിഷയത്തെക്കുറിച്ച് മാനേജുമെന്റുമായി പലതവണ സംസാരിച്ചിരുന്നുവെങ്കിലും അവർ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങിയിരുന്നില്ല എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് സംസാരിച്ചിട്ടും വിഷയത്തിൽ നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
നിലവിൽ കോതമംഗലം പോലീസ് സ്‌റ്റേഷനുമുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ് വിദ്യാർഥികൾ. കോളേജിനെതിരെ നടപടിയെടുക്കണം എന്നാണ് ഇവരുടെ ആവശ്യം. എംഎ കോളേജ് ഒരു ഓട്ടോണോമസ് കോളേജ് ആണെന്നും അക്കാദമിക് കൗൺസിലാണ് അവിടെ ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നതെന്നുമാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.
വിദ്യാർഥികൾക്ക് വിദേശ പഠനത്തിനും കോളേജ് പ്ലേസ്‌മെന്റിനുമടക്കം സഹായിക്കുന്ന തരത്തിലുള്ള മാനദണ്ഡമനുസരിച്ച്, ഇൻഡസ്ട്രിയൽ സ്റ്റാൻഡേർഡ് അനുസരിച്ചാണ് ഈ സ്‌കോർ തീരുമാനിച്ചിരിക്കുന്നതെന്ന് കോളേജ് അധികൃതർ പറയുന്നു. വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ് സ്‌കോർ ഈ നിലയിൽ തുടരുന്നതെന്നും അവർ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: An engineering student was found dead in Kothamangalam due to an apparent suicide., A three-page suicide note in Hindi was recovered from the scene., Students allege that strict credit score rules at MA College led to the tragic incident., Concerns were raised regarding year-back and credit requirements compared to other technical universities.
Published: 15 Aug 2026, 10:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented