കൊച്ചി: കോട്ടുവള്ളി കൂനമ്മാവ് പള്ളിക്കടവ് റോഡിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പള്ളിക്കടവ് റോഡിലെ ട്രാൻസ്ഫോർമാറിന് സമീപമുള്ള ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് വെള്ളിയാഴ്ച പകൽ മോഷണം നടന്നത്. ദേവസിയും ഭാര്യ ഷീലയും ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ഇവർ അടുക്കളവാതിൽ തകർത്തു കിടക്കുന്നത് കാണുകയും തുടർന്നുള്ള പരിശോധനയിൽ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി തിരിച്ചറിയുകയുമായിരുന്നു. വീടിന്റെ മുന്നിലെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ പിന്നിലൂടെ അടുക്കളവാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
ആകെ 14 പവൻ സ്വർണ്ണാഭരണങ്ങളും 15,000 രൂപയുമാണ് വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. വീടിന്റെ താഴത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഷീലയുടെ ഒരു പവൻ തൂക്കം വരുന്ന മൂന്ന് വളകളും രണ്ട് പവൻ തൂക്കമുള്ള ഒരു തടവളയും ഉൾപ്പെടെ 5 പവൻ സ്വർണ്ണവും 15,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഇതിനുപുറമെ, വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്ന മകൻ്റെ ഭാര്യ ജോവന്റെ മുറിയിലെ അലമാര തുറന്ന് അതിലുണ്ടായിരുന്ന 9 പവൻ സ്വർണ്ണാഭരണങ്ങളും മോഷ്ടാവ് കവർന്നു. എന്നാൽ അലമാരയിൽ തന്നെയുണ്ടായിരുന്ന 50,000 രൂപ മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാത്തതിനാൽ നഷ്ടപ്പെട്ടില്ല.
വീടിന്റെ പിന്നിലൂടെ തന്നെയാണ് മോഷ്ടാവ് സ്ഥലം വിട്ടതെന്ന് പോലീസ് സംശയിക്കുന്നു. മോഷണം നടന്ന ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും സമീപത്തെ ക്യാമറകൾ വരാപ്പുഴ പോലീസ് പരിശോധിച്ചു വരികയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ഒരാൾ മൂന്ന് തവണ വീടിന്റെ പരിസരത്ത് കൂടി നടക്കുന്നത് കണ്ടതായി ഒരു സ്ത്രീ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സമീപത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഭാഗങ്ങളിൽ പരിശോധന നടത്തുകയും മോഷ്ടാവിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു.
Content Highlights: A daylight burglary reported in Koonammavu, Kochi, as 14 sovereigns of gold and cash were stolen from a house.
Published: 19 Jun 2026, 08:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented