ഇന്ന് തയ്യൽയന്ത്രദിനം-ടെക്സ്റ്റൈൽ വ്യവസായത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കണ്ടുപിടിത്തമാണ് തയ്യൽയന്ത്രത്തിന്റേത്. 1790-ലെ തോമസ് സെയ്ന്റിന്റെ ആ നേട്ടത്തിന്റെ ഓർമ്മയ്ക്കാണ് തയ്യൽയന്ത്രദിനം ആചരിക്കുന്നത്

കൊല്ലം: ‘നാലു തൊഴിലാളികളുണ്ടായിരുന്നു. വെട്ടിക്കൊടുക്കാനേ എനിക്കു നേരമുണ്ടായിരുന്നുള്ളൂ. തയ്ച്ചുകഴിഞ്ഞാൽ താഴെ പായയിലോട്ട് ഇട്ടുകൊടുക്കും. അവിടെയിരുന്ന് ബട്ടൺ വെക്കാൻ ഒരു സംഘം. ഈ പണി പഠിക്കാൻ വരുന്നവരും ഏറെ. എന്നാലിപ്പോൾ ഞാനും ഈ തയ്യൽയന്ത്രങ്ങളും മാത്രം. എനിക്കുള്ള ജോലി ഇപ്പോഴും കിട്ടുന്നുണ്ട്’- 50 വർഷമായി തയ്യൽജോലികൊണ്ട് ജീവിതം തുന്നിച്ചേർക്കുന്ന രാമൻകുളങ്ങര മാസ് ടെയ്‌ലേഴ്‌സ് ഉടമ വിജയൻ പറയുന്നു.
റെഡിമെയ്ഡ് തുണിത്തരങ്ങളിലേക്ക് ജനങ്ങൾ തിരിഞ്ഞതോടെയാണ് പരമ്പരാഗത തയ്യൽത്തൊഴിൽ ക്ഷീണത്തിലായത്. തുണി തയ്‌ക്കാൻ തരുന്നവരുടെ എണ്ണം കുറഞ്ഞു. റെഡിമെയ്ഡ് മേഖലയിൽ യന്ത്രവത്കരണമായതിനാൽ അവിടെയും തൊഴിലവസരം കുറവാണ്. അതുകൊണ്ടാവും ഈ തൊഴിൽ പഠിക്കാൻ അധികമാരും വരാത്തത്. പണ്ട്, പഠിക്കാൻ മോശമായ കുട്ടികളെ, ജീവിക്കാനൊരു തൊഴിൽ എന്ന നിലയിൽ കൊണ്ടുവിടുന്നത് തയ്യൽക്കടകളിലേക്കായിരുന്നു. തുന്നൽപ്പണി പഠിച്ചാൽപ്പിന്നെ മറ്റു പണി വേണ്ടെന്നായിരുന്നു അന്നത്തെ ചൊല്ല്.
‘ഞാൻ പത്താംക്ളാസ് കഴിഞ്ഞ് ചെന്നൈയിൽ പോയി ചെറിയച്ഛന്റെ കൂടെയാണ് തയ്യൽ പഠിക്കുന്നത്. മൂന്നുകൊല്ലത്തിനുശേഷം നാട്ടിൽ വന്ന് ഹൈസ്കൂൾ ജങ്ഷനിലെ യൂണിവേഴ്സലിൽ തയ്യൽക്കാരനായി. സിദ്ധാർഥൻ എന്ന മേസ്തിരിയായിരുന്നു അവിടെ. നടൻ ജയൻ അന്നവിടെ എപ്പോഴും വന്നിരിക്കുമായിരുന്നു. ഞങ്ങൾക്ക് ജയനായിരുന്നില്ല, കൃഷ്ണൻനായരായിരുന്നു. സിനിമയിൽ കാണുംപോലെ ബെൽബോട്ടം ആയിരുന്നില്ല, സാധാരണ പാന്റ്‌സായിരുന്നു ധരിക്കാറ്.
അദ്ദേഹം സിനിമാനടനായി മാറിയതൊക്കെ പിന്നെ പോസ്റ്റർ കണ്ടപ്പോഴാണ് മനസ്സിലായത്’ -വിജയൻ ഓർക്കുന്നു. പിന്നീട് 1984-ലാണ് മാസ് ടെയ്‌ലേഴ്‌സ് തുടങ്ങുന്നത്. അന്ന് കൊല്ലത്ത് മാസ് എന്നൊരു സംഘടനയുണ്ടായിരുന്നു. അതിലെ അംഗമായിരുന്നു ഞാനും. ആ പേരാണ് കടയ്ക്കിട്ടത്. പിന്നീട് ബൈപാസ് സർജറി ചെയ്യേണ്ടിവന്നു. അതിന്റെ ക്ഷീണമെല്ലാം അതിജീവിച്ച് ഇപ്പോഴും തയ്യൽയന്ത്രം ചവിട്ടുന്നു.
തയ്യൽരംഗത്തെ സ്ത്രീതരംഗം
‘പരമ്പരാഗത തയ്യൽക്കടകളും തൊഴിലാളികളും കുറവാണെങ്കിലും ആധുനികരീതിയിൽ ഇപ്പോഴും നല്ല സ്കോപ്പുള്ള തൊഴിലാണ് തയ്യൽ. പുരുഷതൊഴിലാളികൾ കുറഞ്ഞെങ്കിലും ഒട്ടേറെ സ്ത്രീകൾ ഈ രംഗത്തേക്കു കടന്നുവരുന്നുണ്ട്. ബ്യുട്ടിക് തുടങ്ങി സ്വന്തമായി ഡിസൈൻ ചെയ്യുന്നവരുടെ എണ്ണവും കൂടി. പരിശീലനം നൽകുന്ന സ്ഥാപനങ്ങളും ധാരാളമായി വരുന്നുണ്ട്. ഞങ്ങൾതന്നെ കുണ്ടറയിൽ ഒരു സ്ഥാപനം തുടങ്ങി 410 പേർക്കാണ് പരിശീലനം കൊടുത്തത്.
അതു വലിയ വിജയമാണ്. ടെയ്‌ലർ ടച്ച് എന്ന പേരിൽ തുടങ്ങിയ ബ്രാൻഡും നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. 610 കൗണ്ടറുകളാണുള്ളത്. യൂണിഫോം പോലുള്ള ഓർഡർ വർക്കുകളും തയ്യൽക്കാർക്കു ലഭിക്കുന്നുണ്ടിപ്പോൾ. വീട്ടിലിരുന്നു തയ്‌ക്കുന്ന സ്ത്രീകളും ധാരാളമുണ്ടിപ്പോൾ’- ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സജീവൻ പറഞ്ഞു.
Content Highlights: Traditional tailoring is shifting from manual craftsmanship to boutique-style design., The decline in traditional tailoring is attributed to the popularity of readymade garments., Women are increasingly entering the tailoring sector, boosting modern design trends., Mass Tailors, established in 1984, remains a symbol of resilience in the industry., Professional training centers are successfully bridging the skill gap for new tailors.
Published: 13 Jun 2026, 08:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented