
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഏതെങ്കിലും ഒന്നിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട ആളെ നിയമിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അയ്യങ്കാളിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു കൊടിക്കുന്നിൽ സുരേഷ് ആവശ്യം ഉന്നയിച്ചത്.
കേരളത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെ അഞ്ച് ദേവസ്വം ബോർഡുകളാണുള്ളത്. എന്നാൽ ഇതുവരെ ഇവയിലൊന്നിന്റെയും അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് അഞ്ച് ദേവസ്വം ബോർഡുകളിലൊന്നിന്റെയെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് എസ്സി വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് ഒരു തവണയെങ്കിലും അവസരം നൽകി ചരിത്രം തിരുത്തണമെന്നും ഇക്കാര്യത്തിൽ വി.ഡി. സതീശൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ആരുടെയും ഔദാര്യമല്ല, മറിച്ച് തങ്ങളുടെ നിയമപരമായ അവകാശമാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
അതേസമയം, കൊടിക്കുന്നിൽ സുരേഷിന്റെ ഈ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. അദ്ദേഹം ഒരു മുതിർന്ന നേതാവാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ തള്ളിക്കളയാൻ സർക്കാരിന് സാധിക്കില്ല. ദേവസ്വം ബോർഡുകൾക്ക് ഇനിയും ഒരു വർഷത്തിലധികംവരെ കാലാവധി ബാക്കിയുള്ളതിനാൽ ഈ ആവശ്യം ആലോചിക്കാൻ സമയമുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് സർക്കാരാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. ബോർഡുകളിൽ നിലവിൽ ദളിത് പ്രാതിനിധ്യമുണ്ടെന്നും എവിടെയെങ്കിലും അസമത്വങ്ങളോ പ്രാതിനിധ്യക്കുറവോ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകേണ്ടത് സിസ്റ്റത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Congress MP Kodikunnil Suresh demanded an SC community member be appointed as Devaswom Board president., The demand was raised at an Ayyankali birth anniversary event in Thiruvananthapuram., Devaswom Minister K. Muraleedharan stated that the government will consider the demand as time permits., Devaswom Board President K. Jayakumar noted that policy decisions are up to the government.
Published: 28 Aug 2026, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented