ചങ്ങനാശ്ശേരി: കൊടിക്കുന്നിൽ സുരേഷ് എം.പി. എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.  സൗഹൃദ സന്ദർശനമാണെന്നും രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു കൊടിക്കുന്നിൽ സുരേഷിന്‍റെ സന്ദർശനം എന്നതാണ് ശ്രദ്ധേയം.

To advertise here,

വൈകുന്നേരം എൻഎസ്എസ് ആസ്ഥാനത്ത് കൊടിക്കുന്നിൽ സുരേഷ് എത്തിയിരുന്നെങ്കിലും മാധ്യമപ്രവർത്തകരെ കണ്ടതോടെ തിരികെ പോവുകയായിരുന്നു. പിന്നീട് രാത്രിയോടെ അദ്ദേഹം വീണ്ടും ആസ്ഥാനത്തെത്തുകയായിരുന്നു. ഇന്നത്തെ ദിവസം അങ്ങനെ ഒരു ദിവസമായതുകൊണ്ടാണ് തിരികെപ്പോയതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി സൗഹൃദ സന്ദർശനമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ‘എല്ലാ സമയത്തും ചങ്ങനാശ്ശേരി വരുമ്പോൾ എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ട്. അദ്ദേഹവുമായി സൗഹൃദസംഭാഷണം നടത്താറുണ്ട്. മണ്ഡലത്തിലെ കാര്യങ്ങളും പൊതുവായ കാര്യങ്ങളുമൊക്കെ സംസാരിക്കും, അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനേക്കുറിച്ച് രാവിലെ സുകുമാരൻനായർ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, എൻഎസ്എസ് ആസ്ഥാനത്തുവെച്ച് അത്തരത്തിൽ രാഷ്ട്രീയ പ്രതികരണത്തിനില്ലെന്നും അദ്ദേഹം മറുപടി നൽകി. ‘സന്ദർശനത്തിന് യാതൊരു രാഷ്ട്രീയപ്രാധാന്യവുമില്ല. എൻഎസ്എസ് നേതൃത്വവുമായി എനിക്കുള്ള ബന്ധം ഊഷ്മളമാണ്. എപ്പോൾവേണമെങ്കിലും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാൻ വരുന്നതിന് ഒരു പ്രാധാന്യവും കൽപ്പിക്കണ്ട. ഇത് എന്റെ വീടാണ്, അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ സുകുമാരൻ നായർ രാവിലെ വിമർശനം ഉന്നയിച്ചിരുന്നു. എൻഎസ്എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി. സതീശൻ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്ന് പറയുന്നതിന്റെ കാര്യമെന്തെന്നും സുകുമാരൻ നായർ വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇങ്ങനെ പോയാൽ കോൺഗ്രസിന് അടികിട്ടുമെന്നും സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം സുകുമാരൻ നായർക്കുണ്ടെന്നും തനിക്കെതിരെ വ്യക്തിപരമായി പറയുന്നതിൽ യാതൊരു വിരോധവുമില്ലെന്നും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഗീയത പറയരുതെന്ന് മാത്രമാണ് പറഞ്ഞത്. വർഗീയതയ്‌ക്കെതിരേ സംസാരിക്കുന്നതും സമുദായ നേതാക്കളെ കാണുന്നതും രണ്ടും രണ്ടാണ്. താൻ പെരുന്നയിൽ പലതവണ പോയിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.