തൃശ്ശൂർ: ഏറെ രാഷ്ട്രീയവിവാദമുണ്ടാക്കിയ കൊടകര കുഴൽപ്പണക്കേസിന് ഏപ്രിൽ മൂന്നിന് നാലുവർഷം തികയുന്നു. ഇതിലുള്ള അന്വേഷണമാകട്ടെ എങ്ങുമെത്തിയതുമില്ല. കേസന്വേഷിച്ച കേരള പോലീസിന്, കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയിൽ 1.38 കോടി എവിടെയെന്ന് കണ്ടെത്താനായില്ല. രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ച്, കേരള പോലീസ് കേസ് പാതിയിൽ ഉപേക്ഷിച്ച നിലയിലാണ്. കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാകട്ടെ (ഇഡി), കുഴൽപ്പണത്തെപ്പറ്റി അന്വേഷിക്കാതെ പണം തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചു മാത്രം റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കുകയും ചെയ്തു.

To advertise here,

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ്, 2021 ഏപ്രിൽ മൂന്നിന് പുലർച്ചെ നാലിനാണ് കൊടകരയിൽ മൂന്നരക്കോടിയുടെ കുഴൽപ്പണം വാഹനസഹിതം കവർന്നത്. ബിജെപി തിരഞ്ഞെടുപ്പിനായി കേരളത്തിൽ എത്തിച്ച പണമായിരുന്നു എന്നായിരുന്നു കേരള പോലീസ് കണ്ടെത്തിയത്.കുഴൽപ്പണത്തട്ടിപ്പിൽ പ്രധാന വെളിപ്പെടുത്തലുമായെത്തിയ ബിജെപി തൃശ്ശൂർ ജില്ലാ ഒാഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷിൽനിന്ന് ആരും തെളിവെടുത്തതുമില്ല.

കേസിന്റെ നാള്‍വഴികള്‍
 

  • 2021 ഏപ്രിൽ മൂന്ന്- മൂന്നരക്കോടിയുമായി കൊടകരയിലൂടെ പോകുകയായിരുന്ന കാർ മോഷ്ടാക്കൾ തട്ടിക്കൊണ്ടുപോയി
  • ഏപ്രിൽ ഏഴ്- കാർ ഡ്രൈവർ ഷംജീർ കൊടകര പോലീസിൽ പരാതി നൽകി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി
  • ജൂലായ് ഒന്ന്- കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ 22 പേർ അറസ്റ്റിലായി
  • ജൂലായ് 14- ബിജെപി സംസ്ഥാന പ്രസിഡന്റ് െക. സുരേന്ദ്രനെ കേസിൽ സാക്ഷിയാക്കി പോലീസ് മൊഴിയെടുത്തു
  • ജൂലായ് 23 -കേസിൽ ആദ്യ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
  • ഒാഗസ്റ്റ് അഞ്ച്- മാർച്ച് അഞ്ച് മുതൽ ഒരുമാസം ബിജെപി കേരളത്തിൽ വിതരണം ചെയ്തത് 41.4 കോടിയെന്ന് പോലീസ് റിപ്പോർട്ട് കോടതിയിൽ
  • സെപ്റ്റംബർ 25-രണ്ടാംഘട്ട തെളിവെടുപ്പ് തുടങ്ങി
  • 2022 ജൂൺ പത്ത്- കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇഡി, ആദായനികുതി വകുപ്പ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്ക്ക് കുഴൽപ്പണം സംബന്ധിച്ച് കേരള പോലീസ് റിപ്പോർട്ട് അയച്ചു
  • 2022 നവംബർ 15- പോലീസ് അന്തിമ കുറ്റപത്രം സമർപ്പിച്ചു
  • 2024 ഒക്േടാബർ 31- കുഴൽപ്പണം ബിജെപി യുടെ തൃശ്ശൂർ ജില്ലാ ഒാഫീസിൽ എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ
  • നവംബർ 28- കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി
  • 2025 മാർച്ച് 25-കുഴൽപ്പണക്കേസിൽ മൂന്നരക്കോടി തട്ടിയത് മാത്രം അന്വേഷിച്ച് ഇഡിയുടെ കുറ്റപത്രം.