കൊച്ചി: സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയും സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്ന് ആരോപിച്ചും പോലീസുകാരനിൽനിന്ന് നാലുലക്ഷം രൂപ തട്ടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലാരിവട്ടം സി.ഐ. സനീഷിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുക.

To advertise here,

ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിപിഒയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത നാലുലക്ഷം രൂപ ഉപയോഗിച്ച് സ്പാ ജീവനക്കാരി വൈക്കം സ്വദേശിനി രമ്യ വാങ്ങിയ സ്വർണം പോലീസ് കണ്ടെടുത്തു. റിമാൻഡിലായിരുന്ന രമ്യയെയും രണ്ടാംപ്രതി സ്പാ നടത്തിപ്പുകാരൻ വാത്തുരുത്തി സ്വദേശി പി.എസ്. ഷിഹാമിനെയും സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് സ്വർണം വാങ്ങിയ വിവരം ലഭിച്ചത്.

അതിനിടെ ഒന്നാംപ്രതി പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജു (53) ഒളിവിൽ തുടരുകയാണ്. ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലാരിവട്ടം റോയൽ വെൽനസ് സ്പായിൽ പോയിവന്ന പോലീസുകാരനെ രമ്യ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ മാല പോലീസുകാരൻ മോഷ്ടിച്ചെന്നും ആറരലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പോലീസുകാരൻ നിഷേധിച്ചതോടെ പാലാരിവട്ടം സ്റ്റേഷനിലെത്തി രമ്യ പരാതി നൽകി. ഇതിനിടെ, സ്പാ നടത്തിപ്പുകാരൻ ഷിഹാം പോലീസുകാരനെ ഫോണിൽ വിളിച്ച് സ്പായിൽ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് എസ്ഐ ബൈജു വിഷയത്തിലിടപെട്ട് നാലുലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിത്തീർക്കുകയായിരുന്നു.