
കൊച്ചി: ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങൾക്ക് തങ്ങളോട് സംസാരിക്കാമെന്നും അങ്ങനെയൊരു സിസ്റ്റമാണ് കൊച്ചി കോർപറേഷനിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും കൊച്ചി മേയർ വി.കെ. മിനിമോൾ. കൊച്ചിയുടെ നിയുക്ത മേയർക്കും ഡെപ്യൂട്ടി മേയർക്കും മാതൃഭൂമി നൽകിയ സ്വീകരണത്തിൽ കൊച്ചി കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
'രാഷ്ട്രീയമായ ഭരണമാറ്റങ്ങൾ ഉണ്ടായെങ്കിലും മുൻ ഭരണസമിതി ചെയ്ത നല്ല കാര്യങ്ങളെ നല്ലതായി കാണാനും തെറ്റുകളെ തിരുത്തി മുന്നോട്ട് പോകാനുമാണ് പുതിയ ഭരണ സമിതി ലക്ഷ്യമിടുന്നത്. കേവലം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം പൂർത്തീകരിക്കാൻ സാധിക്കുന്ന പദ്ധതികൾ മാത്രം തിരഞ്ഞെടുത്ത് അവ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനാണ് സമിതി ആഗ്രഹിക്കുന്നത്.' മേയർ പറഞ്ഞു.
കൊച്ചി നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ്, മാലിന്യ സംസ്‌കരണം, ഗതാഗതക്കുരുക്ക്, തെരുവ്‌നായ ശല്യമടക്കമുള്ള വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുക എന്നത് പുതിയ സമിതിയുടെ പ്രധാന മുൻഗണനകളിൽപ്പെട്ട വിഷയമാണെന്നും വി.കെ. മിനി മോൾ പറഞ്ഞു.
'മേയറെന്ന നിലയ്ക്ക് എനിക്കോ ഡെപ്യൂട്ടി മേയറായ ദീപക്കിനോ ജനങ്ങളുടെ പണം ആവശ്യമില്ല. ജനങ്ങൾക്ക് ഇടനിലക്കാരില്ലാതെ കോർപറേഷനുമായി ബന്ധപ്പെട്ട എന്ത് വിഷയവും ഞങ്ങളോട് സംസാരിക്കാം. അങ്ങനെയൊരു സിസ്റ്റമാണ് കൊച്ചി കോർപറേഷനിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. വിജിലൻസിനോട് പരാതി പറയുന്നതിന് മുമ്പ് തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും അഴിമതി ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കുകയും ചെയ്യാനായി സാധിക്കും.' മേയർ വ്യക്തമാക്കി.
'കോർപറേഷനുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾക്ക് വേണ്ടിയും എപ്പോൾ വേണമെങ്കിലും സമീപിക്കാം. പുതിയ കൗൺസിൽ കൊച്ചിയിലെ വികസനം ലക്ഷ്യംവെച്ച് അമ്പതുദിന കർമപദ്ധതികൾ രൂപീകരിക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവ പൂർത്തിയാക്കാനാണ് ലക്ഷ്യംവെക്കുന്നത്.' ഡെപ്യൂട്ടി മേയർ ദീപക് ജോയ് പറഞ്ഞു.
'കഴിഞ്ഞ കൗൺസിലിലെ നല്ല പദ്ധതികൾ ഉണ്ട്. എന്നാൽ അവയിൽ ചിലതിൽ ഓഡിറ്റുകൾ നടത്തേണ്ടതുണ്ട്. അതിന്റെ അവസ്ഥ എന്താണെന്ന് ജനങ്ങളോട് തുറന്നു പറയേണ്ടതുണ്ട്. നല്ലതിനെ നല്ലതായി കാണാനും തെറ്റിനെ തിരുത്താനുമാണ് ശ്രമിക്കുന്നത്.' എന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
മാതൃഭൂമി നൽകിയ സ്വീകരണത്തിൽ മാതൃഭൂമി പബ്ലിക് റിലേഷൻസ് വൈസ് പ്രസിഡന്റ് പി.വി. മിനി, കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യദാസ്, മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് കെ. പത്മജൻ, മറ്റ് വിവിധ സെക്ഷനുകളിൽ നിന്നുള്ള ജീവനക്കാരും പങ്കെടുത്തു.
Content Highlights: Kochi Mayor VK Minimol aims for direct citizen communication, bypassing middlemen. Unveiling a 50-day action plan to address key civic issues like waste management and traffic.
Published: 02 Jan 2026, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented