
കൊച്ചി: കഴിഞ്ഞ രണ്ടാഴ്ചയായി കൊച്ചിയിലെ ‘പരസ്യതാരങ്ങൾ’ ഉഷച്ചേച്ചിയും ജോസേട്ടനും മിനിമോളും രാമൻകുട്ടിയുമാണ്. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം ഇവരുണ്ട്. നിറഞ്ഞ ചിരിയാണ് പ്രധാന ആകർഷണം. ഒറ്റനോട്ടത്തിൽ വിവിധ തൊഴിൽമേഖലകളെ പ്രതിനിധീകരിക്കുന്ന സാധാരണക്കാർ. ഒന്നുകൂടി ശ്രദ്ധിച്ചുനോക്കിയാൽ നിർമിതബുദ്ധി (എ.ഐ.) ജനങ്ങൾക്കായി എന്ന അടിക്കുറിപ്പ് കാണാം. കർഷകരെയും സംരംഭകരെയുമെല്ലാം ഒരുപോലെ എ.ഐ.യിലേക്ക് കോർത്തിണക്കുന്ന ഈ പരസ്യത്തിലെ മോഡലുകളും എ.ഐ. നിർമിതമാണ്.
കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര ജെൻ എ.ഐ. ഉച്ചകോടിക്കുവേണ്ടി സർക്കാർ സ്ഥാപിച്ച പരസ്യങ്ങളാണിത്. എ.ഐ. സഹായത്തോടെ സൃഷ്ടിച്ചതാണ് ഇതിലെ പരസ്യമോഡലുകൾ. നാല് എ.ഐ. മോഡലുകളിൽ രാമൻകുട്ടി കർഷകനാണ്. മിനിമോൾ സംരംഭക, ഉഷച്ചേച്ചി തയ്യൽക്കാരി. ജോസേട്ടൻ സർക്കാർസേവനങ്ങൾ ആവശ്യമുള്ള ഒരു സാധാരണക്കാരനും.
എ.ഐ. ഉച്ചകോടിയ്ക്കുവേണ്ടിയായതിനാൽ ഈ പരസ്യം എ.ഐ. ഉപയോഗിച്ചുതന്നെ തയ്യാറാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി പരസ്യം തയ്യാറാക്കിയ സ്റ്റാർക് കമ്യൂണിക്കേഷൻസിന്റെ എക്സിക്യുട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ ഷെൽട്ടൺ പിൻഹീറോ പറഞ്ഞു. ഈ നിർദേശം ഉച്ചകോടിക്ക് ചുക്കാൻപിടിച്ച വ്യവസായവകുപ്പും ഐ.ബി.എമ്മും സ്വാഗതം ചെയ്തതോടെ പിന്നെ എല്ലാം വേഗത്തിലായി.
നിർമിതബുദ്ധിയുടെ സഹായത്തോടെ ഒരു മോഡലിനെ സൃഷ്ടിക്കാൻ ഏതാനും മിനിറ്റുകൾ മതി. യഥാർഥമെന്ന് തോന്നുന്ന രീതിയിൽ തേച്ചുമിനുക്കിയെടുക്കുന്നതാണ് ശ്രമകരം. ദക്ഷിണേന്ത്യയിൽനിന്നുള്ള സാധാരണക്കാരനായ കർഷകൻ, വസ്ത്രധാരണം, പശ്ചാത്തലം തുടങ്ങി വിശദാംശങ്ങൾ ഏറെ നൽകിയാണ് രാമൻകുട്ടിയുടെ ചിത്രം ഒരുക്കിയത്. ഇതേ രീതിയിൽ ഓരോ ചിത്രത്തിനും വേണ്ട മാർഗനിർദേശങ്ങൾ നൽകും. നമ്മൾ നൽകുന്ന നിർദേശങ്ങൾ സ്വീകരിച്ച്, ഇന്റർനെറ്റിൽ ലഭ്യമായ സമാനദൃശ്യങ്ങൾ അരിച്ചുപെറുക്കി അവയുടെ പ്രത്യേകതകളെല്ലാം പഠനവിധേയമാക്കിയാണ് സോഫ്റ്റ്‌വേർ രാമൻകുട്ടിയെയും ജോസേട്ടനെയുമെല്ലാം സൃഷ്ടിക്കുന്നത് - ഷെൽട്ടൺ ചൂണ്ടിക്കാട്ടി.
പരസ്യബോർഡിലെ ചിത്രങ്ങൾ എ.ഐ. നിർമിതമാണെന്ന് തിരിച്ചറിഞ്ഞവർ കുറവാണ്. ആരാണ് ചിത്രമെടുത്തതെന്ന് പലരും ചോദിച്ചിരുന്നു. എ.ഐ. ഉച്ചകോടിയിൽ ഈ പരസ്യങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഷെൽട്ടൺ പറഞ്ഞു.
Content Highlights: kochi international gen ai conclave advertisement shows new way
Published: 13 Jul 2024, 07:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented