മരട്: വിവാഹ ദിനത്തില്‍ അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിന് ആവണിയുടെയും ഷാരോണിന്റെയും 'കെട്ടുറപ്പിനെ' തോല്‍പ്പിക്കാനായില്ല. വിവാഹദിനത്തില്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായ ആവണിക്ക് നെട്ടൂര്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗമാണ് കതിര്‍മണ്ഡപമായത്.

To advertise here,

ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷിന്റെയും ജ്യോതിയുടെയും മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമാണ് ആവണി. തുമ്പോളി വളപ്പില്‍വീട്ടില്‍ മനുമോന്റെയും രശ്മിയുടെയും മകനും ചേര്‍ത്തല കെവിഎം കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. െപ്രാഫസറുമാണ് ഷാരോണ്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് തുമ്പോളിയിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളായ അനന്തു, ജയനമ എന്നിവരും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുകയറുകയായിരുന്നു. ആവണിയുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റു.

വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ഒപ്പമെത്തി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ വിവാഹം നടത്തണമെന്ന ഇരു കുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ വിവാഹത്തിന് സമ്മതംമൂളി.

പ്രാര്‍ഥനചൊല്ലി, അതിഥികളെ സ്വീകരിച്ച് ബന്ധുക്കള്‍

ആലപ്പുഴ: അപ്രതീക്ഷിതമായ അപകടം വേദനിപ്പിച്ചെങ്കിലും ആവണിയുടേയും ഷാരോണിന്റേയും വിവാഹദിവസത്തെ തങ്ങളാല്‍ കഴിയുന്നവിധം ഭംഗിയാക്കി ബന്ധുക്കളും അതിഥികളും. ഇരുവരുടേയും ബന്ധുക്കള്‍ ഓഡിറ്റോറിയത്തിലെത്തി ദൂരെനിന്നെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിച്ചു. ആവണിക്കായി ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ മുഹൂര്‍ത്ത സമയത്ത് ബന്ധുക്കള്‍ ചേര്‍ന്ന് ഗുരുദേവ ചിത്രത്തിനുമുന്നില്‍ ദൈവദശകം ചൊല്ലി ഇരുവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഭക്ഷണം വിളമ്പി.

ആവണിയും ഷാരോണും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് തുമ്പോളിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളായ അനന്തു, ജയനമ എന്നിവരും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുകയറുകയായിരുന്നു.

എല്ലാവരും കല്യാണത്തലേന്ന് ചടങ്ങുകള്‍ക്കുശേഷം ആഘോഷത്തോടെ പിരിഞ്ഞ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. അതിരാവിലെയുണ്ടായ അപകടം ബന്ധുക്കളെയാകെ തളര്‍ത്തി. ഓഡിറ്റോറിയത്തില്‍ വിവാഹത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. അതിഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത് അവസാനഘട്ടത്തിലായിരുന്നു.