
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമർശത്തിനെതിരെ അവർ വിചാരണ കോടതിയിൽ ഹർജി നൽകി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. പള്‍സര്‍ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നുമാണ് അന്ന് അവര്‍ പറഞ്ഞത്.
പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവര്‍ ചെയ്ത മുന്‍കാല പ്രവര്‍ത്തികള്‍ മുഴുവന്‍ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണ്. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പള്‍സര്‍ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇതിനെതിരെയാണിപ്പോൾ അതിജീവിത രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തുറന്നുപരിശോധിച്ച കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ഈ കത്തിൽ അവർ ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുടങ്ങാനിരിക്കേയാണ് ശ്രീലേഖയ്ക്കെതിരെ ഹർജിയുമായി അവർ വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോള്‍ ജയില്‍ മേധാവിയായിരുന്നു ശ്രീലേഖ. നേരത്തേയും ദിലീപിനെതിരേ കേസില്‍ തുടരന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ ശ്രീലേഖ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
Content Highlights: Survivor in the Kochi actress attack case files contempt petition against former DGP R. Sreelekha
Published: 11 Dec 2024, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented