കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ മകനെ വളരാന്‍ അനുവദിക്കില്ല. കെ.കെ രമയുടെ എം.എല്‍.എ ഓഫീസിലാണ് കത്ത് എത്തിയത്. ആര്‍.എം.പി നേതാവായ എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്‌.

ചാനല്‍ ചര്‍ച്ചയില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെതിരെ സംസാരിക്കരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നു. 

ടി.പി വധത്തിന് കാരണം മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണെന്നും കത്തില്‍ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എന്‍. വേണു വടകര എസ്.പിക്ക് പരാതി നല്‍കി. 2014ലും തന്നെ കൊലപ്പെടുത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് കിട്ടിയിട്ടുണ്ടെന്നും വേണു മാതൃഭൂമി ഡോട് കോമിനോട്‌ പറഞ്ഞു.

സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു. 

ടി.പി.യുടെ മകനെതിരെ ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ് വെട്ടിയത് കണ്ണൂര്‍ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കില്‍ അന്ന് തന്നെ തീര്‍ക്കുമായിരുന്നുവെന്നും ഭീഷണിക്കത്തില്‍ പറയുന്നു.

Content Highlights: KK Rema`s son will be killed says threatening letter recieved in MLA office