ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തെ വിശാലലോകത്തിലേക്ക് പൗരാണികകലയായ പാവക്കൂത്തിനെ ആനയിക്കാന്‍ നേതൃത്വം നല്‍കിയ കെ.കെ. രാമചന്ദ്ര പുലവര്‍ക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യത്തിന്റെ ആദരം. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയാണ് പുലവര്‍.

Read more: പാവക്കൂത്ത്, നിലനില്‍പ്പിനായി ക്ഷേത്രം വിട്ടിറങ്ങിയ ദൈവകല | അതിജീവനം-03

പാവക്കൂത്ത് കലാകാരന്മാരുടെ കുടുംബത്തിലാണ് രാമചന്ദ്ര പുലവരുടെ ജനനം. പ്രശസ്ത തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.എല്‍. കൃഷ്ണന്‍കുട്ടി പുലവരുടെ മകനാണ് ഇദ്ദേഹം. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ നാല്‍പ്പതിലധികം ക്ഷേത്രങ്ങളില്‍ ഇന്ന് രാമചന്ദ്ര പുലവര്‍ പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്.  

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക ചരിത്രം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച കലാരൂപമാണു നിഴല്‍ പാവക്കൂത്ത്. ജാതിക്കും മതത്തിനുമപ്പുറത്തു വിശാലമായ ലോകവീക്ഷണവും ചരിത്ര പശ്ചാത്തലവുമുണ്ട് പാവക്കൂത്തിന്. ദേവിക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിട്ടപ്പെടുത്തിയ ദൈവികകലയാണ് പാവക്കൂത്ത് എന്നാണ് ഐതിഹ്യം. എന്നാല്‍ ഇന്നു കലയുടെയും കലാകാരന്റെയും അതിജീവനത്തിനായി രാമചന്ദ്ര പുലവര്‍ പാവക്കൂത്തിനെ ജനകീയ കാലയാക്കി മാറ്റിയിരിക്കുകയാണ്.

പോസ്റ്റ് ഓഫിസിലെ ജോലി രാജിവെച്ചാണ് രാമചന്ദ്ര പുരവര്‍ ഈ മേഖലയിലേക്കു കടന്നുവന്നത്. ഇന്ന് ഇദ്ദേഹത്തിന്റെ മക്കളും പാവക്കൂത്തിനൊപ്പം ഉണ്ട്. കൂടാതെ നാല്‍പ്പതോളം ശിഷ്യന്മാരും. ലോകത്തിലെതന്നെ ആദിമ കലാരൂപങ്ങളില്‍ ഒന്നായ നിഴല്‍ പാവക്കൂത്തിനെ, ഓര്‍മ്മയുടെ പടുകുഴിയിലേക്കു വലിച്ചെറിയാന്‍ തയ്യാറല്ലെന്നു പ്രായോഗികതയിലൂടെ തെളിയിക്കുകയാണു രാമചന്ദ്ര പുലവര്‍.

ഇന്ത്യയിലെ വിവിധയിടങ്ങളിലും റഷ്യ, സ്വീഡന്‍, സ്‌പെയിന്‍, അയര്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, സിങ്കപ്പുര്‍ തുടങ്ങി വിവിധ രാജ്യങ്ങളിലും രാമചന്ദ്ര പുലവര്‍ പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍നിന്ന് ജൂനിയര്‍ ഫെല്ലോഷിപ്പും സീനിയര്‍ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. തോല്‍പാവക്കൂത്ത് എന്ന പുസ്തകവും രാമചന്ദ്ര പുലവര്‍ രചിച്ചിട്ടുണ്ട്.

തായ്‌ലന്‍ഡ് ഗവണ്‍മെന്റ് പുരസ്‌കാര്‍(2011), ഡോ. ബി.ആര്‍. അംബേദ്കര്‍(2011), കേരള സംസ്ഥാന ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ്(2012) , കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാര്‍(2013) തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

content highlights: kk ramachandra pulavar padma shri award