കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക ചരിത്രം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച കലാരൂപമാണു നിഴല്‍ പാവക്കൂത്ത്. ജാതിക്കും മതത്തിനുമപ്പുറത്തു വിശാലമായ  ലോകവീക്ഷണവും ചരിത്ര പശ്ചാത്തലവുമുണ്ട് പാവക്കൂത്തിന്. ഹൈന്ദവ മതബോധത്തില്‍ അധിഷ്ഠിതമായാണ് ഈ കല മുന്നോട്ട് പോകുന്നത്. പല കലാരൂപങ്ങളും മതത്തിന്റെ ചട്ടക്കൂടിന് അകത്തുനിന്നു പുറത്തു കടക്കാനാവാതെ ഇല്ലാതായതും ചരിത്രം.

ദേവിക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിട്ടപ്പെടുത്തിയ ദൈവികകലയാണ് പാവ കൂത്ത് എന്നാണ് ഐതിഹ്യം. എന്നാല്‍ ഇന്നു കലയുടെയും കലാകാരന്റെയും അതിജീവനത്തിനായി രാമചന്ദ്ര പുലവര്‍ പാവക്കൂത്തിനെ ജനകീയ കാലയാക്കി മാറ്റിയിരിക്കുന്നു. ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തു രാമായണം കഥക്കു പുറമെ പാവകള്‍ ഗാന്ധിയും നെഹ്രുവും യേശു ക്രിസ്തുവും ഒക്കെ ആണ്. അവയെല്ലാം സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളോട്, ഇരുളും വെളിച്ചവും ചേര്‍ന്ന ഇത്തിരി വെട്ടത്തില്‍ സംവദിക്കുന്നുണ്ട്. അരണ്ട വെളിച്ചത്തില്‍ ഇരുട്ടിനോടു വിരല്‍ ചൂണ്ടുന്നുണ്ട്. സാമൂഹിക പ്രശ്‌നങ്ങളെ ചോദ്യം ചെയ്തുകൊണ്ടേ ഇരിക്കുന്നുണ്ട്. കല ഇവിടെ വിയോജിപ്പുകളുടെ കലാപം ആവുകയാണ്.

കേരളത്തില്‍ ഒട്ടേറെ കാവുകളും ചാത്തന്‍ തറകളും കാലത്തിനൊപ്പം രൂപമാറ്റം വന്നിട്ടുണ്ട്. ചിലതെല്ലാം ഇല്ലാതെയായെങ്കിലും മിക്കവയും ഇന്ന് അമ്പലങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ പരമ്പരാഗതമായി കൊണ്ടാടുന്ന ക്ഷേത്രകലകള്‍ ഭാവവ്യത്യാസം ഇല്ലാതെ ഇന്നും തുടരുകയാണ്. പലതും കൊണ്ടുനടക്കാന്‍ അളില്ലാത്തതിനാല്‍ ഊര്‍ദ്ധ ശ്വാസം വലിക്കുകയുമാണ്. എന്നാല്‍ ലോകത്തിലെതന്നെ ആദിമ കലാരൂപങ്ങളില്‍ ഒന്നായ നിഴല്‍ പാവക്കൂത്തിനെ, ഓര്‍മ്മയുടെ പടുകുഴിയിലേക്കു വലിച്ചെറിയാന്‍ തയ്യാറല്ലെന്നു പ്രായോഗികതയിലൂടെ തെളിയിക്കുകയാണു രാമചന്ദ്ര പുലവര്‍.

making

കലകളില്‍നിന്നാണ് ഐതിഹ്യവും സംസ്‌കാരവും

ലോകത്തിലെ ആദ്യത്തെ കലാരൂപമായിരിക്കണം നിഴല്‍ പാവക്കൂത്ത്. നിഴലിന്റെ സാധ്യതകളെ മനുഷ്യന്‍ തിരിച്ചറിഞ്ഞതിനോളം പഴക്കം നിഴല്‍ പാവക്കൂത്തിനുണ്ട്. നിഴലും നൃത്തവും ചേര്‍ന്നാണ് ഇതു ചിട്ടപ്പെടുത്തുന്നത്. ലോകം മുഴുവന്‍ പരന്നു കിടക്കുന്ന കലയാണ് പാവകളി.

കരയുന്ന കുഞ്ഞിന് ഒരു പാവകൊടുത്തു നോക്കു. കരച്ചില്‍ നിര്‍ത്തി കുഞ്ഞു പാവയിലേക്കു ശ്രദ്ധിക്കും. അത്തരത്തില്‍ മനുഷ്യമനസിനെ ആനന്ദിപ്പിക്കുന്നതിലും വിസ്മയിപ്പിക്കുന്നതിലും പാവകള്‍ക്കുള്ള പങ്കു വലുതാണ്. ഓരോ രാജ്യത്തും അവരുടേതായ സംസ്‌കാരത്തെ വളര്‍ത്തി എടുത്തിരുന്നതില്‍ പാവകളിക്കുള്ള സ്ഥാനം പ്രധാനമാണ്. 

കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കില്‍ മിക്കവാറും എല്ലാ കലകളും ദേവി സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്. തെയ്യമായാലും പടയണിയായാലും ദൈവപ്രീതിക്ക് വേണ്ടിയാണ്. ദാരികാസുരന്‍ എന്ന അസുരനോടു കൂടി ഭദ്രകാളി യുദ്ധം ചെയ്യാന്‍ പോയ സമയത്താണു രാമരാവണ യുദ്ധം ഉണ്ടായത്. ദാരികനെ കൊന്നു തലയുമായി വരുമ്പോള്‍ ജനങ്ങളില്‍നിന്നാണു ദേവി രാമനും രാവണനും തമ്മില്‍ നടന്ന ഘോരയുദ്ധത്തെക്കുറിച്ച് അറിഞ്ഞത്. ഈ യുദ്ധം കാണണമെന്നു പിതാവായ പരമശിവന്റെ അടുത്തുചെന്ന് ആവശ്യപ്പെടുകയായിരുന്നു ദേവി. തുടര്‍ന്നു പരമശിവനാണ് യുദ്ധം നിഴല്‍ നാടകരൂപത്തില്‍ കാണിച്ചു തരാം എന്ന് ദേവിയോടു പറയുന്നത്.

Preparation

ക്രിസ്തുവര്‍ഷം 807-ലാണ് ചോള സാമ്രാജ്യത്തിന്റെ ആസ്ഥാനകവിയായ കമ്പരെ ആണ് പരമശിവന്‍ തന്റെ പുത്രിയായ ദേവിക്കു വേണ്ടി രാമായണം ചിട്ടപ്പെടുത്താന്‍ നിയോഗിച്ചത്. അങ്ങിനെയാണു കമ്പരാമായണം രൂപപ്പെട്ടതും തുടര്‍ന്നു പാവകളിലൂടെ രാമായണം ദേവിക്കായി അവതരിപ്പിച്ചതും. ഇതാണു തോല്‍ പാവക്കൂത്തിന്റെ ഐതിഹ്യം.

പുഴയോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലാണു കേരളത്തില്‍ തോല്‍ പാവക്കൂത്തിന്റെ കേന്ദ്രങ്ങള്‍ ഉള്ളത്. ഭാരതപ്പുഴയുടെ ഓരങ്ങളിലാണു പ്രധാനമായും ഇത്തരത്തിലുള്ള കൂത്തുമാടങ്ങള്‍ ഉള്ളത്. പാവക്കൂത്ത് നടത്താന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കിയ വേദിയാണു കൂത്തുമാടം. പ്രത്യേകം സജ്ജീകരിച്ച ഇത്തരം കൂത്തുമാടങ്ങള്‍ കേരളത്തിന്റെ സവിശേഷതയാണ്. 

പണ്ടുകാലങ്ങളില്‍ കൊയ്ത്ത് ഉത്സവങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ കൂട്ടത്തോടെ ഭാരതപ്പുഴയുടെ തീരങ്ങളില്‍ ഒത്തുകൂടാറുണ്ട്. പുഴയോടു ചേര്‍ന്ന ദേവിക്ഷേത്രത്തിന്റെ കൂത്തുമാടത്തിലാണു കമ്പരാമായണം പാവക്കൂത്ത് അവതരിപ്പിച്ചിരുന്നത്. തമിഴായിരുന്നു അന്നത്തെ ഭാഷ. ചെന്തമിഴ്. അതുകൊണ്ടു തന്നെ ഇന്നും ചെന്തമിഴിലാണ് പാവക്കൂത്ത് ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്നത്. കമ്പരുടെ ഗോത്രത്തില്‍ പെട്ട പണ്ഡിതന്മാരാണ് തങ്ങള്‍. പരമശിവനാല്‍ ദേവി ക്ഷേത്രങ്ങളില്‍ പാവക്കൂത്ത് നടത്താന്‍ നിയോഗിക്കപെട്ടവര്‍. 85 ദേവിക്ഷേത്രങ്ങളില്‍ ഇന്നും പാവക്കൂത്ത് കൃത്യമായ ഇടവേളകളില്‍ നടത്തി പോരുന്നുണ്ട്.

Ramachandra Pulavar

പാവകളെ ക്ഷേത്രത്തിനു പുറത്തേക്കു നയിച്ചത് ഇ.എം.എസ്.

ക്ഷേത്രകലകളുടെ പുനഃരുദ്ധാരണത്തിന്റെ ഭാഗമായി ലോക മലയാള മഹാ സമ്മേളനത്തിലേക്കു പാവക്കൂത്ത് കലാകാരന്മാരെ ക്ഷണിക്കുകയായിരുന്നു. ഇ.എം.എസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ക്ഷണം ലഭിച്ചത്. കൃഷ്ണന്‍ കുട്ടി പുലവര്‍ വരാമെന്നു മറുപടിയും നല്‍കി. ഇതറിഞ്ഞു പാവക്കൂത്ത് ക്ഷേത്രത്തിനു പുറത്ത് അവതരിപ്പിച്ചാല്‍ ദേവീകോപം ഉണ്ടാകുമെന്ന് പറഞ്ഞ് ഒട്ടേറെ പേര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കടുത്ത ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു കൃഷ്ണന്‍കുട്ടി പുലവര്‍ക്ക്. ഇന്നും അത്തരം വിശ്വാസം വച്ചുപുലര്‍ത്തുന്നവര്‍ ഉണ്ട്.

Ramachandra Pulavar with Father
രാമചന്ദ്ര പുലവര്‍
പിതാവിനൊപ്പം.

ഭക്തിയുടെ തലത്തില്‍ നോക്കിയാല്‍ രാമ എന്ന മന്ത്രം ചൊല്ലുന്നത് ഏതൊരു പാപത്തിനും പരിഹാരമാണ്. രാമമന്ത്രത്തെ എല്ലാവര്‍ക്കും ഇടയിലേക്ക് കൊണ്ടുവരാനും പാവക്കൂത്തിലൂടെ സാധിച്ചു. മത-ജാതി വ്യത്യാസമില്ലാതെ എല്ലാവരിലും നന്മ ഉണ്ടാക്കുക, എല്ലാവരും മോക്ഷം പ്രാപിക്കുക എന്ന തത്വത്തിന്റെ സാക്ഷാത്ക്കാരം കൂടെയാണ് ഇതിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ പലര്‍ക്കും അത് ഉള്‍കൊള്ളുക അസാധ്യമായിരുന്നു.

ക്ഷേത്രങ്ങള്‍ക്കു പുറത്ത് ആദ്യമായി സമ്മേളനവേദിയില്‍ അങ്ങിനെയാണു പാവക്കൂത്ത് അവതരിപ്പിക്കപ്പെട്ടത്. അതും പൊതുവേദിയില്‍. ദേവിക്കു കാണാന്‍ മാത്രമായി ഉണ്ടാക്കിയ ഒരു കലാരൂപം അവിടെ മുതലാണു ജനകീയമായത്. ഇതുപോലെ കാലത്തിനൊപ്പം ഒഴുകാന്‍ ഓരോ കലക്കും സാധിക്കണം. എന്നാല്‍ മാത്രമെ അതിനു നിലനില്‍പ്പ് ഉണ്ടാവൂ. പാവക്കൂത്ത് അവതരണത്തിന് ശേഷം ഇ.എം.എസില്‍നിന്ന് വന്ന പ്രതികരണവും ഏറെ ഊര്‍ജ്ജം പകരുന്ന ഒന്നായിരുന്നു.

IFFK logo

ഐ.എഫ്.എഫ്.കെ ലോഗോയും അനീതിയും

ബ്രിട്ടീഷ് ഇന്ത്യയില്‍ 1913-ലാണ് ഇന്ത്യന്‍ സിനിമ പിറവിയെടുക്കുന്നത്. ദാദാ സാഹിബ് ഫാല്‍ക്കെ ആയിരുന്നു ആദ്യ സിനിമാസംവിധായകന്‍. അദ്ദേഹത്തിനു സിനിമയിലേക്കുള്ള ചിന്ത രൂപപ്പെടുത്തി കൊടുത്തതു പാവക്കൂത്താണ്. നിഴലും വെളിച്ചവും ആണല്ലോ സിനിമയും. ആദ്യസിനിമ രാജ ഹരിചന്ദ്ര രൂപപ്പെട്ടത് അങ്ങിനെയാണ്. അതുകൊണ്ടാണു കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയുടെ ലോഗോ ഇത്തരത്തില്‍ നിര്‍മിച്ചത്. ലോഗോയുടെ പിന്നിലെ ചരിത്രമതാണ്.

തോല്‍പ്പാവയുടെ നല്ല സന്ദേശം ഉള്‍കൊണ്ട ഒരു പാവയെ കാണണം എന്നു പറഞ്ഞാണ് ഐ.എഫ്.എഫ്.കെ. പ്രതിനിധികള്‍ വന്നത്. പാവകളുടെ രൂപത്തെ പോലെ തന്നെ പ്രധാനമായിരുന്നു അതു നല്‍കുന്ന സന്ദേശവും. അങ്ങിനെ വലിയ ഒരു പരിശ്രമത്തിനു ശേഷമാണ് ഇന്നു കാണുന്ന ലോഗോ ആയ ലങ്കാലഷ്മി തിരഞ്ഞെടുത്തത്. സീതയെ അന്വേഷിച്ചു ലങ്കയില്‍ പോയ ഹനുമാനെ ലങ്കയുടെ കവാടത്തില്‍വച്ചു കാവല്‍ക്കാരിയായ ലങ്കാലക്ഷ്മി തടയുകയാണ്. 

Ramachandra Pulavar

ലങ്കാ മഹാകാളിഎന്നാണ് പേര്. ബ്രഹ്‌മദേവരുടെ ഭന്ധാരം കാക്കുന്ന സ്ത്രീയാണു മഹാകാളി ആയിരുന്ന  ദേവി. ഏല്പിച്ച ചുമതലയില്‍ സംഭവിച്ച പിഴവുകൊണ്ടു ബ്രഹ്‌മദേവര്‍ ദേവിയെ ശപിച്ചു. ഒരു വാനരന്റെ അടിയേറ്റാല്‍ ശാപമോക്ഷം ഉണ്ടാകും എന്നും പറഞ്ഞു. അങ്ങിനെയാണു മഹാകാളിയായയി ലങ്കയുടെ കാവല്‍ നില്‍ക്കേണ്ടി വന്നത്. സീതയെ തിരഞ്ഞു ലങ്കയില്‍ എത്തിയ ഹനുമനെ ലങ്കാലക്ഷ്മി തടയുകയും ഹനുമാനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ആയിരുന്നു. ഇതേ തുടര്‍ന്നാണ് ഹനുമാന്റെ അടിയേറ്റു ശാപമോക്ഷം ലഭിച്ചത്.

'ഞാന്‍ ഇതാ മോക്ഷം പ്രാപിച്ചിരിക്കുന്നു. നിങ്ങളും സല്‍കര്‍മ്മം ചെയ്യൂ, മോക്ഷം പ്രാപിക്കൂ' എന്നാണു ലങ്കാലക്ഷ്മി ആ സമയം പറഞ്ഞത്. അങ്ങിനെ രാക്ഷസരൂപത്തില്‍ നിന്നു മാറി വിശ്വരൂപം എടുക്കുകയായിരുന്നു. ഈ വിശ്വരൂപമാണ് ഐ.എഫ്.എഫ്.കെയുടെ ലോഗോ ആയിട്ടുള്ള ലങ്കാലക്ഷ്മി.

ഏതാനും വര്‍ഷങ്ങളായി ഇവര്‍ക്ക് ഐ.എഫ്.എഫ്.കെയിലേക്ക് ക്ഷണമില്ലാതെ ആയിട്ട്. അന്തര്‍ ദേശീയതലത്തില്‍ മേള ഉയര്‍ന്നപ്പോള്‍ സാധാരണ കലാകാരന്മാരെ പൂര്‍ണ്ണമായും മറക്കുകയാണ്്. മേളയിലേക്ക് ക്ഷണിക്കാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി, എല്ലാ വര്‍ഷവും അതിന്റെ ആവശ്യമുണ്ട് എന്നു തോന്നുന്നില്ല എന്നാണ്. മുന്‍മ്പൊക്കെ ഈ ലോഗോ എന്താണെന്നു പാവകളിയിലൂടെ ഞങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അതിനുള്ള അവസരം വര്‍ഷങ്ങളോളം തന്നതുമാണ്. എന്നാല്‍ ഇന്നു വളര്‍ന്നു വലുതായ മേളക്കൊപ്പം അവര്‍ സാധാരണ കലാകാരന്മാരെ തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ ചെറുതാവുകയാണ്. പുതുതായി മേളക്ക് എത്തുന്ന ഭൂരിഭാഗം പേര്‍ക്കും ലോഗോക്കു പിന്നിലെ ചരിത്രവും മഹത്തായ ഒരു കലാരൂപവും ആണ് ഇതിലൂടെ അന്യമാവുന്നത്.

Gandhi

കലകള്‍ കാലത്തിനൊപ്പം നടക്കണം

1972-ലാണ് ഡല്‍ഹിയിലെ സംഗീത നാടക അക്കാദമിയിലേക്ക് ക്ഷണം ലഭിക്കുന്നത്. കൂട്ടുകാരുടെ അടുത്തുനിന്ന് കടം വാങ്ങിയ പാന്റും ഷര്‍ട്ടും ഒക്കെ ഇട്ടാണ് അന്ന് ഡല്‍ഹിക്കു പോയത്. അത്രക്കു മോശമായിരുന്നു അന്നത്തെ സാമ്പത്തിക നില. ആദ്യമായാണു കേരളം വിട്ട് പാവകളുമായി ഇത്ര ദൂരം പോയത്. അതും രഹസ്യമായി. കാരണം ഇതൊക്കെ ഭക്തജനങ്ങള്‍ അറിഞ്ഞാല്‍ വലിയ പ്രശ്‌നത്തിന് ഇടവക്കും. അന്നത്തെ സാഹചര്യം അതായിരുന്നു.

ഇന്നു രാമായണം മാത്രമല്ല പാവക്കൂത്തിന്റെ വിഷയം. നിയമസഭയിലും ക്രിസ്ത്യന്‍ പള്ളികളിലും തെരുവോരങ്ങളിലും വരെ പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്. അതും പല ഭാഷകളില്‍. ഓരോ ഇടങ്ങളിലും ആളുകള്‍ ആവശ്യപ്പെടുന്ന കഥയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ബൈബിള്‍ മുതല്‍ രാഷ്ട്രീയപാവകള്‍ വരെ തയ്യാറാണ്. പള്ളികളില്‍ വലിയ സ്വീകാര്യതയാണു പാവക്കൂത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ വേദികളും ആസ്വാദകരും ഉണ്ട്.

Mahabharatham

പണ്ടുകാലത്തു വര്‍ഷത്തില്‍ അഞ്ചു മാസം മാത്രമാണ് അമ്പലങ്ങളില്‍ പാവക്കൂത്ത് ഉണ്ടാവുക. അതു കഴിഞ്ഞാല്‍ പണ്ടൊക്കെ ഒരു പണിയും ഉണ്ടാകാറില്ല. അര്‍ദ്ധ പട്ടിണി തന്നെ. എന്നാല്‍ ഇന്നു വര്‍ഷം മുഴുവന്‍ പാവക്കൂത്തുണ്ട്. അതിനു കാരണം വ്യത്യസ്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ്. മുമ്പൊക്കെ ക്ഷേത്രകലകളുമായി ബന്ധപ്പെട്ട പല കലാകാരന്മാരും ഉത്സവങ്ങള്‍ കഴിഞ്ഞാല്‍ പട്ടിണിയായിരുന്നു. ഇന്നും പലരും അന്ധ വിശ്വാസങ്ങളിലും ആചാരങ്ങളിലും കുടുങ്ങി കിടക്കുകയാണ്. വിശാലമായ ഒരു ലോകം എല്ലാ കലകള്‍ക്കും ഇവിടെ ഉണ്ട്. ഈ യാഥാര്‍ഥ്യമാണ് ഓരോ കലാകാരനും തിരിച്ചറിയേണ്ടത്.

ഇതൊക്കെയാണെങ്കിലും കലക്കു ഒരു കോട്ടവും തട്ടാതെയാണ്  അവതരിപ്പിക്കുന്നത്. കല നിലനില്‍ക്കണം, അതിന്റെ എല്ലാ തനിമയോടും കൂടി തന്നെ. ക്ഷേത്രത്തിനു പുറത്തേക്ക് ഒരു പക്ഷെ പാവക്കൂത്ത് കൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഇന്ന് ആ കല തന്നെ ഇല്ലാതാകുമായിരുന്നു. എന്നാല്‍ ഇവിടെ കല കാലത്തിനൊപ്പം വളരുകയാണ്. പോസ്റ്റ് ഓഫിസിലെ ജോലി രാജിവച്ചാണ് രാമചന്ദ്ര പുരവര്‍ ഈ മേഖലയിലേക്കു കടന്നുവന്നത്.  മക്കളും പാവക്കൂത്തിനൊപ്പം ഉണ്ട്. കൂടാതെ നാല്‍പ്പതോളം ശിഷ്യന്മാരും. വളരെ വലുതാണ് ഇന്നു പാവക്കൂത്തിന്റെ സാധ്യതകള്‍. ആരും കലാകാരനാകാന്‍ മടിക്കേണ്ടതില്ല. കലയിലൂടെ സാധ്യമാണ് അതിജീവനം.

Jesus

സ്ത്രീവിലക്കുകള്‍ കാലം ഇല്ലാതാക്കും

സ്ത്രീകളെ കൂത്തുമാടത്തിനകത്തു കയറ്റിയെന്നു പറഞ്ഞ് രാമചന്ദ്ര പുലവര്‍ക്കു രണ്ടു ക്ഷേത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. ക്ഷേത്രത്തിനകത്തു ശാന്തിക്കാരന്‍ മനസ്സുകൊണ്ട് പൂജ ചെയ്യുന്നു. പാവക്കൂത്തു കലാകാരന്‍മാര്‍ ക്ഷേത്രത്തിനു പുറത്തു രാമരാവണ യുദ്ധം കഥ പാടി ദേവിയെ തൃപ്തിപ്പെടുത്തുന്നു. ഇതിലൂടെ ദേവി സന്തോഷവതി ആകുന്നു.
ദേവിയുടെ സന്തോഷമാണു നാടിന്റെ ഐശ്വര്യമായി മാറുന്നത് എന്നാണ് ഐതിഹ്യം. 

സ്ത്രീകള്‍ക്കു പലയിടങ്ങളിലും ഉള്ളതുപോലെ ഇവിടെയും വിലക്കാണ്. അതൊരു പരമ്പരാഗത രീതിയുടെ ഭാഗമായി വന്നതാണ്. ആ രീതി മാറ്റം വരുത്താന്‍ ആഗ്രഹിച്ചാണു സ്ത്രീകളെ കൂത്തുമാടത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. ഇതില്‍ അസഹിഷ്ണുത പൂണ്ട ചിലരുണ്ടായിരുന്നു. രണ്ടു ക്ഷേത്രങ്ങളില്‍ പാവക്കൂത്ത് നടത്താന്‍ ഇതോടെ വിലക്കായി.

full team

ചിത്രം, ശില്‍പ്പം, സംഗീതം, വാദ്യം, സാഹിത്യം ഇതെല്ലം ചേര്‍ന്നതാണു നിഴല്‍ പാവക്കൂത്ത്. ഒപ്പം ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും. ഇവയെല്ലാം ചിട്ടപ്രകാരം പഠിക്കുക എന്നത് ഏറെ ശ്രമകരമാണ്. അതിനു സത്യത്തില്‍ ഇന്ന് ആളില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ഒരുപാടു സ്ത്രീകള്‍ പാവക്കൂത്തു പഠിക്കാന്‍ തയ്യാറായി വരുന്നുണ്ട്. ചില എതിര്‍പ്പുകളാണ് അതിന് തടസ്സം. പക്ഷെ വരുംകാലങ്ങളില്‍ ഈ പ്രതിസന്ധികള്‍ അതിജീവിച്ചു സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പാവക്കൂത്തു നടത്തും. നിലവില്‍ ക്ഷേത്രത്തിനു പുറത്തുള്ള മറ്റു വേദികളില്‍ ഒട്ടേറെ സ്ത്രീകള്‍ ഒപ്പം പങ്കെടുക്കുന്നുണ്ട്. പാവനിര്‍മ്മാണം മുതല്‍ സ്ത്രീകള്‍ ഒപ്പമുണ്ട്. പഠിക്കാനായി വരുന്നവരും കുറവല്ല.

ഐതിഹ്യപ്രകാരം സ്ത്രീകള്‍ കൂത്തുമാടത്തില്‍ കയറാന്‍ പാടില്ല. എന്നാല്‍ രാമചന്ദ്ര പുലവര്‍ സ്ത്രീകളെ അകത്തു കയറാന്‍ അനുവദിക്കാറുണ്ട്. അകത്തു കയറി പ്രാര്‍ത്ഥിക്കാന്‍ മടിയുള്ളവരെ മുന്‍കൈ എടുത്തു പ്രാര്‍ത്ഥിക്കാന്‍ അവസരം ഉണ്ടക്കി കൊടുക്കാറുമുണ്ട്. കാലം എല്ലാ വിലക്കുകളെയും അതിജീവിക്കും.

Content Higlights: Athijeevanam, marionette, Paavakoothu, Ramachandra Pulavar,