
കൊച്ചി: “പ്രിയപ്പെട്ട ഡോക്ടർ, ഞങ്ങളുടെ കുഞ്ഞനുജത്തി ആവണി കൃഷ്ണയ്ക്ക് പുതുഹൃദയം തുന്നിച്ചേർത്ത് പുതുജീവൻ നൽകിയ അങ്ങേയ്ക്കും സഹപ്രവർത്തകർക്കും ഹൃദയത്തിൽ തൊട്ട് സ്നേഹാദരവ്...” വൈഷ്ണവും റേച്ചലും ഷാരോണും സജനയും വിപിനും അനസും നമിതയുമൊക്കെ എഴുതിയ കത്തുകൾ വായിക്കുമ്പോൾ ഡോ. ജോസ് ചാക്കോയുടെ മിഴികളിലും നനവുണ്ടായിരുന്നു. കത്തുകളെല്ലാം വായിച്ചശേഷം ഡോക്ടർ അവർക്കെല്ലാമായി ഹെഡ്മാസ്റ്റർക്ക് മറുപടി കത്തയച്ചു.
“പ്രിയപ്പെട്ട സാർ, കുഞ്ഞുകുട്ടികളുടെ പ്രാർഥനയും ആശംസകളും ഞാൻ ആവണിയെ കാണിച്ചു. അവൾക്ക് വളരെയധികം സന്തോഷമായി. എല്ലാ കൂട്ടുകാരോടും അവളുടെ അന്വേഷണം അറിയിക്കാൻ പറഞ്ഞു. ഹൃദയപൂർവം കുഞ്ഞുമനസ്സുകൾക്ക് നന്മകൾ നേരുന്നു...”
കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനെ തേടിയെത്തിയത് കുറേ കുഞ്ഞുങ്ങളുടെ കത്തുകളായിരുന്നു. കൊല്ലം ഇടമൺ വിഎച്ച്എസ്എസിലെ 40-ഓളം കുട്ടികളാണ് ആവണി കൃഷ്ണ എന്ന 13-കാരിക്ക് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് കത്തെഴുതിയത്. കഴിഞ്ഞ ദിവസം താമരക്കുടി എസ്‌വിവി സ്‌കൂളിൽ നിന്ന് ഇരുപതിലേറെ കുട്ടികളുടെ കത്തും ഡോക്ടർക്ക് കിട്ടി. കുട്ടികൾ അയച്ച കത്തുകൾ വായിക്കുമ്പോൾ ഡോക്ടറുടെ മിഴികളും നിറഞ്ഞിരുന്നു.
“ആവണിയുടെ ഹൃദയം സ്പന്ദിക്കുന്നത് അവളിൽ മാത്രമല്ല... അവളോടൊപ്പം ഒരേ ക്ലാസിൽ, ഒരേ ബെഞ്ചിൽ ദുഃഖത്തിലും സന്തോഷത്തിലും ജീവിതം ഇക്കാലമത്രയും പങ്കിട്ട കൊച്ച് ഇടനെഞ്ചുകളിൽ കൂടി അല്ലേ... അവിടെ മതമില്ല, നിറമില്ല, പണമില്ല, സ്‌നേഹം മാത്രം...” ഡോക്ടറുടെ വാക്കുകളിൽ ആ മനസ്സ് മുഴുവൻ മിടിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ മാസമാണ് അഞ്ചൽ കരുകോൺ സ്വദേശി ആവണി കൃഷ്ണ എന്ന 13-കാരിക്ക് ഡോ. ജോസ് ചാക്കോയുടെ നേതൃത്വത്തിൽ അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയം മാറ്റിവെച്ചത്. ഇത്രയും കുഞ്ഞുങ്ങൾ ഒരുമിച്ച് കത്തെഴുതിയത് അവയവ ദാനത്തിന്റെ മഹത്ത്വം അടയാളപ്പെടുത്തുന്നതാണെന്നും ഡോക്ടർ പറഞ്ഞു.
Content Highlights: Children send heartfelt letters to Dr. Jose Chacko, celebrating a successful heart transplant for 13-year-old Avani Krishna. A touching tribute to organ donation and young compassion.
Published: 17 Oct 2025, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented