തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു.

To advertise here,

'കേരള നിയമസഭ ചരിത്രവും ധർമവും' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ്, കെ. വിജയരാഘവൻ അവാർഡ്, പി.സി. സുകുമാരൻ നായർ അവാർഡ്, മികച്ച നിയമസഭാ റിപ്പോർട്ടിങ്ങിനുള്ള ജി. കാർത്തികേയൻ സ്മാരക അവാർഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദീർഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു.

സംഗീതധ്യാപികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മയാണ് ഭാര്യ. മക്കൾ- രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്‌സ്), സുജ (എൽഐസി ഹൗസിങ് ഫിനാൻസ്). മരുമക്കൾ- രാജശേഖരൻ ( മുൻ അനൗൺസർ, ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രോവിഡൻന്റ് ഫണ്ട്).

കെ.ജി പരമേശ്വരൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

നിയമസഭ റിപ്പോർട്ടിങ്ങിന്റെ ആഴവും പരപ്പും അറിഞ്ഞ ലേഖകനായിരുന്നു കെ.ജി. പരമേശ്വരൻ നായർ. മൂന്നര പതിറ്റാണ്ടുകാലം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്ന അദ്ദേഹം നിയമസഭാ റിപ്പോർട്ടിങ്ങിന്റെ പതിവ് രീതികളും സ്വഭാവവും അപ്പാടെ മാറ്റിക്കളഞ്ഞു. പുതുമുഖമായി നിയമസഭയിൽ എത്തിയ ഞാനടക്കമുള്ളവർക്ക് കെ.ജി പരമേശ്വരൻ നായരുടെ റിപ്പോർട്ടുകൾ ഒരു റഫറൻസായിരുന്നു.

അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്നും വാക്കുകളും വാചകങ്ങളുമായി പരിണമിച്ച പുസ്തകമാണ് 'കേരള നിയമസഭ ചരിത്രവും ധർമവും'. ദീർഘകാലം നിയമസഭ റിപ്പോർട്ട് ചെയ്തതിന് സഭ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കെ.ജി പരമേശ്വരൻ നായർക്ക് ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.