തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. അധ്യക്ഷസ്ഥാനത്തിനായി സമ്മര്‍ദതന്ത്രവുമായി നേതാക്കള്‍ രംഗത്തുണ്ട്. നിലവിലെ ഭാരവാഹികള്‍ക്ക് പകരം പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നാല്‍ രാജിവെക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയടക്കമുള്ള 40 ഭാരവാഹികളുടെ നിലപാട്.

To advertise here,

നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പ്രസിഡന്റ് ഏതെങ്കിലും ഘട്ടത്തില്‍ രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിന് ആ ചുമതല കൈമാറുന്നതാണ് രീതിയെന്ന് ഇവര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്ക് പരിഗണിക്കപ്പെടേണ്ടയാള്‍ അബിന്‍ വര്‍ക്കിയാണ്. 

അതിന് പുറമേ മറ്റുപേരുകളും അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ അത്തരം തീരുമാനങ്ങളിലേക്ക് കടന്നാല്‍ കടുത്ത നിലപാടെടുക്കുമെന്ന് അബിന്‍ വര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു.  ഇക്കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം. 

കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ അബിന്‍ വര്‍ക്കിക്കുനേരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ അബിനാണെന്നും സ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്. 

ബിനു ചുള്ളിയില്‍, കെഎം അഭിജിത്ത് എന്നിവരുടെ പേരുകളും പരി​ഗണനയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്. ഏറ്റവും ഒടുവില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ പുനസംഘടനയില്‍ അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായ ആളാണ് ബിനു ചുള്ളിയിൽ. കെസി വേണുഗോപാലുമായുള്ള അടുപ്പം അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ സഹായകരമാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.