കൊല്ലം: ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മിഷന്‍. വാര്‍ത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗരേഖയിലാണ് ഇതു പറയുന്നത്. ശുപാര്‍ശകള്‍ സഹിതം ഇക്കാര്യം സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.

To advertise here,

'വളയിട്ട കൈകളില്‍ വളയം ഭദ്രം' പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്കുവരുമ്പോള്‍ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കുക. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുന്‍പില്‍ അപ്രസക്തമാണ്. സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്പോള്‍ 'പെണ്‍ബുദ്ധി പിന്‍ബുദ്ധി' തുടങ്ങിയ പ്രയോഗം, 'അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്' എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നതരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണം.

സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കാന്‍ രഹസ്യമായി പുറപ്പെടുന്ന 'ഒളിച്ചോട്ട' വാര്‍ത്തകളില്‍ 'രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെകൂടെ ഒളിച്ചോടി' എന്നരീതിയില്‍ സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാര്‍ത്താ തലക്കെട്ടുകളും മാറ്റണം. പാചകം, വൃത്തിയാക്കല്‍, ശിശുസംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ശരിയല്ല. 'സെക്‌സി ഷറപ്പോവ' പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടുകള്‍ ഒഴിവാക്കണം.

ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഭാഷാവിദഗ്ധര്‍, ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്ധര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറുമാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധര്‍ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.