കൊച്ചി: പല കാര്യങ്ങളിലുമുള്ള അറിവില്ലായ്മയാണ് സമൂഹം നേരിടുന്ന പ്രധാന പ്രശ്നമെന്ന് സംവിധായകൻ ജിയോ ബേബി. ഇതിൽ മാറ്റം കൊണ്ടുവരുന്നതിന് പാഠ്യപദ്ധതിയിലുൾപ്പെടെ മാറ്റം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

To advertise here,

റെയ്‌സിങ് ഔർ വോയ്‌സസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുരോഗമന കുടുംബങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പുരുഷാധിപത്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്താശേഷിയും തിരിച്ചറിവുമുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിനെ കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടതെന്നും ജിയോ ബേബി പറഞ്ഞു.

സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമകൾ വളരെ കുറവാണെന്ന് നടി മുത്തുമണി സോമസുന്ദരൻ ചൂണ്ടിക്കാട്ടി. സിനിമയിൽ സ്ത്രീയെന്ന നിലയിലുള്ള വിവേചനങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല. എന്നാൽ സമൂഹത്തിൽ സ്ത്രീകളോടുള്ള സമീപനം പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അഭിമുഖങ്ങളിൽ നടനോട് ഗൗരവമാർന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ സ്ത്രീകൾക്ക് ഡയറ്റിനെക്കുറിച്ചും സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങളാണ് നേരിടേണ്ടിവരുന്നത്- മുത്തുമണി ചൂണ്ടിക്കാട്ടി.

പല കാര്യങ്ങളിലും ഇവിടെയൊരു നിശ്ശബ്ദ വിപ്ലവം നടക്കുന്നുണ്ടെന്ന് സംവിധായകൻ പി.ആർ. അരുൺ പറഞ്ഞു. നിരവധി കാര്യങ്ങളിൽ മാറ്റങ്ങൾ പ്രകടമാണെന്നും അരുൺ ചൂണ്ടിക്കാട്ടി.

ലിംഗനീതിക്കായി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് റെയ്‌സിങ് ഔർ വോയ്‌സസ് ഫൗണ്ടേഷൻ. രാജശ്രീ രാധാകൃഷ്ണനായിരുന്നു ചർച്ചയുടെ മോഡറേറ്റർ. മിനി തോമസ് സ്വാഗതം പറഞ്ഞു.