തിരുവനന്തപുരം: ശല്യംചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് നല്‍കിയിട്ടുള്ള അനുമതി നിബന്ധനകളോടെ മാത്രമാണെന്നു വ്യക്തമാക്കി കേന്ദ്രം.

To advertise here,

സംസ്ഥാനങ്ങള്‍ക്ക് ഇതിന് അനുമതിയുണ്ടെന്നുമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വക്താക്കള്‍ പൊതുവേ പറയാറ്. നിയമവ്യവസ്ഥകള്‍ പറയാറില്ല. ഇത് തെറ്റിദ്ധരിപ്പിക്കലാണെന്ന കേരളത്തിന്റെ വാദം ശരിവെക്കുന്നതാണ് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്സ് (വൈല്‍ഡ് ലൈഫ്) രാജേഷ്‌കുമാര്‍ ജാഗേനിയ ബുധനാഴ്ച അയച്ച കത്ത്.

വന്യജീവിസംരക്ഷണ നിയമത്തില്‍ ഭേദഗതിവേണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ് കത്ത്. വംശനാശഭീഷണി നേരിടുന്ന ജന്തുക്കള്‍ അത്യധികം സംരക്ഷണം വേണ്ടവയാണ്. അവയെ സംരക്ഷിക്കാനും വേട്ടയാടപ്പെടുന്നത് തടയാനുമാണ് നിയമത്തിലെ വ്യവസ്ഥകളെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

നിയമത്തിലെ പട്ടിക ഒന്നില്‍ ഉള്‍പ്പെടുന്ന കാട്ടാന, കടുവ തുടങ്ങിയ മൃഗങ്ങളെ മനുഷ്യജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് അനുമതിയുണ്ട്.

പക്ഷേ, ഇത് പെട്ടെന്ന് നല്‍കാവുന്ന അനുമതിയല്ലെന്നും എല്ലാ സംഭവങ്ങളിലും ബാധകമല്ലെന്നും നിയമവ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പറയുന്നു.

കാട്ടുപന്നിപോലെ പട്ടിക രണ്ടില്‍പെടുന്ന ജീവികള്‍ ജീവനും കൃഷിക്കും ഭീഷണിയാണെന്നുകണ്ടാല്‍ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ട്. എന്നാല്‍, ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുരോഗമിച്ചതിനാല്‍ അനുമതികള്‍ വേഗത്തില്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.