പാലക്കാട്: ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം നൽകിയ വകയിൽ കേന്ദ്ര സർക്കാരിൽനിന്ന് സംസ്ഥാനത്തിന് കിട്ടാനുള്ളത് 419 കോടി രൂപ. ദേശിയ സാമൂഹിക സഹായപദ്ധതിയിൽ (എൻ.എസ്.എ.പി.) ഉൾപ്പെടുത്തി നൽകുന്ന ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗപെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാപെൻഷൻ എന്നീ വിഭാഗങ്ങളിലെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്.
60 മുതൽ 79 വയസ്സുവരെയുള്ള വയോജനങ്ങൾക്ക് 200 രൂപയും വിധവ, അംഗപരിമിത പെൻഷൻ വാങ്ങുന്നവർക്ക് 300 രൂപയും 80-ന് മുകളിൽ പ്രായമുള്ളവർക്ക് 500 രൂപയും കേന്ദ്രവിഹിതമാണ്. സംസ്ഥാനസർക്കാരിന്റെ ഫണ്ടിൽ ഇതുകൂടി ചേർത്താണ് ഗുണഭോക്താക്കൾക്ക് 2,000 രൂപ ക്ഷേമപെൻഷൻ നൽകുന്നത്. കേന്ദ്ര വിഹിതം സംസ്ഥാനസർക്കാർതന്നെയാണ് ആദ്യം നൽകുന്നത്. പിന്നീട് സംസ്ഥാനം നൽകിയതുക കേന്ദ്രസർക്കാരിൽനിന്ന് വാങ്ങിയെടുക്കുന്നതാണ് പതിവ്. എല്ലാവർഷവും സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് കേന്ദ്രവിഹിതം സംസ്ഥാനത്തിന് കൈമാറുന്നത്. എന്നാൽ, കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷവും കേന്ദ്രവിഹിതം പൂർണമായും ലഭിച്ചില്ല. ഈ വകയിൽ 2023-24 സാമ്പത്തികവർഷം 153 കോടി രൂപയും 2024-25ൽ 34 കോടിയും 25-26ൽ 230 കോടിയുമാണ് സംസ്ഥാനത്തിന് കിട്ടാനുള്ളത്. ഒക്ടോബറിലാണ് അടുത്തഗഡു ലഭിക്കേണ്ടത്.
സാമ്പത്തികവർഷാവസാനം എല്ലാ സംസ്ഥാനങ്ങളും ഒരേസമയത്താണ് കണക്കുവിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുന്നത്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ ഇതെല്ലാം പരിശോധിക്കാൻ കാലതാമസമെടുക്കുന്നതുകൊണ്ടാണ് കേന്ദ്രഫണ്ട് മുഴുവനും ഒന്നിച്ച് ലഭിക്കാത്തതെന്നാണ് പെൻഷൻവിഭാഗം അധികൃതർ പറയുന്നത്. അതേസമയം പെൻഷനിലെ കേന്ദ്രവിഹിതത്തിൽ ഓഡിറ്റ് റിപ്പോർട്ട് ഇല്ലാത്തതും ഫണ്ട് തടസ്സപ്പെടാൻ കാരണമായി കേന്ദ്രസർക്കാർ അധികൃതരും പറയുന്നുണ്ട്.
സംസ്ഥാനത്തെ ഗുണഭോക്താക്കളിൽ 3,68,358 പേർ വിധവാപെൻഷനിലും 19,285 പേർ വികലാംഗ പെൻഷനിലും കേന്ദ്രവിഹിതം കൈപ്പറ്റുന്നുണ്ട്. 4,58,813 പേർ
വാർധക്യകാല പെൻഷനിലും ഇത് വാങ്ങുന്നു. ആകെ 8,46,456 പേരാണ് സംസ്ഥാനത്തെ എൻ.എസ്.എ.പി. ഗുണഭോക്താക്കൾ.
Content Highlights: Kerala government is awaiting Rs 419 crore in central welfare pension arrears., Outstanding amounts span three financial years: 2023-24, 2024-25, and 2025-26., 8.46 lakh beneficiaries rely on the National Social Assistance Programme (NSAP) funds., Audit report delays and verification processes cited as reasons for fund withholding.
Published: 28 May 2026, 07:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented