
കോഴിക്കോട്: വഖഫ്ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തെ അനുനയിപ്പിക്കാൻ മുസ്ലിം ലീഗിന്റെ ശ്രമം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും. തിങ്കളാഴ്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെ കുഞ്ഞാലിക്കുട്ടി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.
കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും അക്കാര്യത്തിൽ തങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പ്രാതിനിധ്യം കൊടുക്കേണ്ടതാണ്. കരുതിക്കൂട്ടി ഒഴിവാക്കിയതല്ല. ഹജ്ജ് കമ്മിറ്റി ചെയർമാൻ അവരുടെ ഭാഗത്തുനിന്നാണ്.
അങ്ങനെ ഒരു അറേഞ്ച്മെന്റ് മതിയാവുമെന്നാണ് വിചാരിച്ചത്. ഉൾപ്പെടുത്താൻ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ഉൾപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ലീഗ് വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽനിന്ന്
വഖഫ്ബോർഡിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാന്തപുരംവിഭാഗം വിട്ടുനിന്നു. 22-ന് സംസ്ഥാനത്ത് കളക്ടറേറ്റുകൾക്കു മുന്നിൽ പ്രഖ്യാപിച്ച സമരത്തിൽനിന്ന് പുറകോട്ടില്ലെന്നാണ് കാന്തപുരം വിഭാഗം പറയുന്നത്. ഹജ്ജ് കമ്മിറ്റി ചെയർമാൻപദവി തീർഥാടന കാലത്തുമാത്രം പ്രാധാന്യമുള്ളതാണ്. അത് നൽകി പരിഹരിക്കാമെന്ന് പറയുന്നതിൽ കാര്യമില്ല.
സുന്നികളുടെ കൈവശമാണ് കേരളത്തിലെ ഭൂരിഭാഗം വഖഫ് സ്വത്തുകളും. അത് സുന്നികളാണ് കൈകാര്യംചെയ്യേണ്ടത്. ആ നിലയിൽ തങ്ങളെ പരിഗണിക്കാതെ മുജാഹിദ് വിഭാഗത്തെവരെ ഉൾപ്പെടുത്തി. വഖഫ് സ്വത്തില്ലാത്ത ജമാഅത്തെ ഇസ്ലാമിയും വഖഫ് ബോർഡിലുണ്ട്. വളരെ സൗഹാർദപരമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിൽ നല്ല സമീപനമല്ല സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കാന്തപുരം വിഭാഗം നേതാക്കൾ പറയുന്നു. അതുകൊണ്ട് ചർച്ചയ്ക്ക് പെട്ടെന്ന് വഴങ്ങേണ്ടതില്ല എന്ന നിലപാടിലാണ് അവർ.
എന്നാൽ, കേന്ദ്രവഖഫ് ഭേദഗതിവന്ന ശേഷമുള്ള പരിഷ്കാരങ്ങളാണ് കാന്തപുരം വിഭാഗത്തെ ഉൾപ്പെടുത്താൻ പറ്റാത്തതിന് കാരണമായി ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. നേരത്തേ ഉള്ളപോലെയല്ല. ഓരോ വിഭാഗത്തിൽനിന്നേ ആളെയെടുക്കാൻ കഴിയൂ. ബോറ സമുദായത്തെ ഉൾപ്പെടുത്തണമെന്ന് നിർബന്ധമാണ്. അതുകൊണ്ട് ഒൻപതംഗ ബോർഡിൽ മറ്റു മാർഗങ്ങളില്ല.
രണ്ട് അമുസ്ലിംഅംഗങ്ങളെ നിയമിക്കണമെന്ന കേന്ദ്രനിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ അനുകൂല വിധിയുണ്ടായാൽ കാന്തപുരം വിഭാഗത്തിന് വഖഫ് ബോർഡിൽ ഇടംനൽകുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പക്ഷേ, ഈ വിശദീകരണം ഒട്ടും സ്വീകാര്യമല്ലെന്നാണ് കാന്തപുരം വിഭാഗം നേതാക്കളുടെ പ്രതികരണം.
വഖഫ് ബോർഡ് ചെയർമാനെ നീക്കണം-ആക്ട്സ്
പുതിയ വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ മാറ്റാൻ യു.ഡി.എഫ്. നേതൃത്വം തയ്യാറാവണമെന്നും ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സ് ആവശ്യപ്പെട്ടു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾ മുനമ്പത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും സെക്രട്ടറി കുരുവിള മാത്യൂസും പത്രസമ്മേളനത്തിൽ പറഞ്ഞു. ആരോപണങ്ങൾ നേരിടുന്ന മായിൻ ഹാജിക്കെതിരേ നടപടി ആവശ്യപ്പെട്ട് അധികാര കേന്ദ്രങ്ങളെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Published: 20 Oct 2026, 07:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented