തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തെ കണ്ണടച്ച് എതിര്‍ത്ത് പൂര്‍ണമായി വിട്ടുനില്‍ക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ സുപ്രീംകോടതി തടയാഞ്ഞതിനാല്‍ പരിഷ്‌കരണം നടക്കും. ഈ സാഹചര്യത്തില്‍ പൂര്‍ണമായി നിസ്സഹകരിച്ചാല്‍ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടികള്‍ ഏകാധിപത്യപരമാകുമെന്നാണ് വിലയിരുത്തല്‍.
എതിര്‍പ്പ് നിലനിര്‍ത്തിത്തന്നെ സഹകരിക്കാമെന്നാണ് പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളിലെ ചിന്ത. ബിഹാര്‍ മാതൃകയില്‍ ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് പുറന്തള്ളുന്ന നടപടിയുണ്ടായാല്‍ എതിര്‍ക്കുമെന്ന് സിപിഎം, സിപിഐ, കോണ്‍ഗ്രസ് കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥിതി ബിഹാര്‍പോലെയാകുമെന്ന് ആരും കരുതുന്നില്ല. രേഖകളുടെ ബലത്തിലാണ് ഇവിടെ ഭൂരിപക്ഷവും പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ളത്. ഉയര്‍ന്ന സാക്ഷരതയും ഇ-സാക്ഷരതാനിരക്കും കാരണം കേരളത്തില്‍ തട്ടിപ്പ് താരതമ്യേന കുറവാണെന്നാണ് വിലയിരുത്തല്‍.
വോട്ടര്‍പട്ടികയില്‍ കള്ളവോട്ടുണ്ടെന്ന് വിമര്‍ശനം കോണ്‍ഗ്രസ് സ്ഥിരമായി ഉന്നയിക്കുന്ന കാര്യമാണ്. എന്നാല്‍, ഇതുവരെ സിപിഎമ്മിനെതിരേയായിരുന്നു ഈ പരാതി.
ആറ്റിങ്ങല്‍ ലോക്സഭാമണ്ഡലത്തില്‍ അടൂര്‍പ്രകാശ് എംപി സ്വന്തംനിലയില്‍ ധാരാളം കള്ളവോട്ടുകള്‍ കണ്ടെത്തിയിരുന്നു. തൃശ്ശൂരില്‍ വോട്ട് അനധികൃതമായി ചേര്‍ത്തി ബിജെപി നടത്തിയ വോട്ടുപിടിത്തമാണ് സുരേഷ് ഗോപിയുടെ ജയത്തിനുകാരണമെന്ന് കോണ്‍ഗ്രസും സിപിഐയും കുറ്റപ്പെടുത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വോട്ടര്‍പട്ടിക ശുദ്ധീകരണത്തെ പൂര്‍ണമായി തള്ളാന്‍ ഈ പാര്‍ട്ടികള്‍ക്കാകില്ല. രാഷ്ട്രീയചായ്വുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശുദ്ധീകരണത്തിന്റെ പേരില്‍ ഒരുവിഭാഗം ആളുകളെ ഒഴിവാക്കുന്നത് തടയാനാണ് ശ്രമം. എന്യൂമറേഷന് പോകുന്ന ഉദ്യോഗസ്ഥരോടൊപ്പം യുഡിഎഫ് പ്രവര്‍ത്തകരുമുണ്ടാകണമെന്നാണ് മുന്നണിനേതൃത്വത്തിന്റെ അഭിപ്രായം.
രേഖകള്‍ സംഘടിപ്പിച്ചുനല്‍കിയും പരമാവധിപ്പേരെ എന്യൂമറേഷന് സഹായിച്ചും വോട്ടുകള്‍ വിട്ടുപോകാതിരിക്കാനുള്ള ജാഗ്രതയാകും എല്‍ഡിഎഫ് ചെയ്യുക.
Content Highlights: Kerala Political Parties` Stance on Voter List Revision
Published: 15 Sept 2025, 06:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented