ന്യൂഡൽഹി: പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ പുതിയ വോട്ടർമാർക്കായുള്ള ഫോം ആറുവഴി എങ്ങനെ പേരുചേർക്കലിന് അപേക്ഷിക്കുമെന്ന ചോദ്യമുയരുന്നു. വിട്ടുപോയവരെയും ഒഴിവാക്കപ്പെട്ടവരെയുമടക്കം ഉൾപ്പെടുത്തി വോട്ടർപട്ടിക പുതുക്കലിനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ഏറ്റവും പുതിയ ‘സ്പെഷ്യൽ ഡ്രൈവ്’ ഉത്തരവിനെ ചൊല്ലിയാണ് വിവാദം.

To advertise here,

ഫോം ആറ് പുതിയ വോട്ടർമാർക്കുവേണ്ടി മാത്രമാണെന്നും പേര് നീക്കംചെയ്യപ്പെട്ട ഒരാൾക്ക് അത് പൂരിപ്പിച്ച് നൽകാനാവില്ലെന്നും എസ്.ഐ.ആറിന്റെ നിരന്തര വിമർശകനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അങ്ങനെ പൂരിപ്പിക്കാൻ നിർബന്ധിതരാകുന്നവർ ഒരു വർഷംവരെ തടവുശിക്ഷ അർഹിക്കാവുന്ന ക്രിമിനൽക്കുറ്റമാണ് ചെയ്യുന്നതെന്നും അവരെ അതിന് നിർബന്ധിക്കുന്ന കമ്മിഷൻ ഉദ്യോഗസ്ഥർ കുറ്റകൃത്യത്തിന് പ്രേരണ നൽകുകയാണെന്നും ഖുറേഷി ആരോപിച്ചു. കമ്മിഷന്റെ പത്രക്കുറിപ്പുതന്നെ പ്രേരണാക്കുറ്റമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഒരു വോട്ടർപട്ടികയിലും പേരില്ലാത്ത വോട്ടർമാർക്ക് അവരുടെ വോട്ടവകാശം ഉറപ്പിക്കാൻ ഏത് ഫോംവഴി അപേക്ഷിക്കാനാകുമെന്നാണ് കമ്മിഷന്റെ മറുചോദ്യം. ഫോം ആറിലെ സത്യവാങ്മൂലത്തിൽ നിലവിൽ തന്റെ പേര് ഏതെങ്കിലും നിയമസഭാമണ്ഡലത്തിലോ പാർലമെന്റ് മണ്ഡലത്തിലോ ഉൾപ്പെട്ടിട്ടില്ലെന്ന് അപേക്ഷകൻ ബോധിപ്പിക്കുന്നുണ്ട്. അതിനാൽ ഒഴിവാക്കപ്പെട്ടവർക്ക് ഈ ഫോം വഴി അപേക്ഷിക്കുന്നതിന് തടസ്സമില്ലെന്ന് കമ്മിഷൻവൃത്തങ്ങൾ പറയുന്നു.

പട്ടികയിൽ ആദ്യമായി പേര് ഉൾപ്പെടുത്താൻ അപേക്ഷിക്കുകയാണെന്നും അതേ സത്യവാങ്മൂലത്തിലുണ്ട്. തന്റെ പേര് ആദ്യമായി വോട്ടർപട്ടികയിലുൾപ്പെടുത്താനുള്ള അപേക്ഷയെന്ന് നേരത്തേ പല തവണ വോട്ട് ചെയ്ത ഒരാൾക്ക് സത്യവാങ്മൂലത്തിൽ എങ്ങനെ പറയാൻ സാധിക്കുമെന്ന മറുചോദ്യമാണ് കമ്മിഷനെ കുഴയ്ക്കുന്നത്.