തിരുവനന്തപുരം : ബിഹാറിൽ നടപ്പാക്കി വിവാദമായ വോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും ഉടനുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എല്ലാസംസ്ഥാനങ്ങളിലും പട്ടിക പരിഷ്കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം കാത്തിരിക്കുകയാണ് കേരളം. വീഴ്ചകൾ ഒഴിവാക്കി കൂടുതൽ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികൾ. പരിഷ്കരണം സംബന്ധിച്ച് കമ്മിഷനിൽനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു മുൻപ് പുതുക്കലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു. പുതുക്കലിന് മാർഗരേഖയിറക്കും.
വോട്ടർപട്ടിക സമഗ്രപരിഷ്കരണം; എന്യൂമറേഷനുള്ള അപേക്ഷാഫോറം വീടുകളിൽ എത്തിക്കും
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള വോട്ടർപട്ടിക പരിഷ്കരണത്തിന് അടിസ്ഥാനമാക്കുക 2002-ലെ പട്ടിക. കേരളത്തിൽ അവസാനമായി സമഗ്രപരിഷ്കരണം നടന്നത് ഈ വർഷമാണ്. പട്ടിക പുതുക്കാൻ എന്യൂമറേഷനുള്ള അപേക്ഷാഫോറം ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതുമേഖലാജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന തിരിച്ചറിയൽകാർഡ്, 1987 ജൂലായ് ഒന്നിനുമുൻപ് സർക്കാർ/ തദ്ദേശസ്ഥാപനങ്ങൾ, ബാങ്ക്, എൽഐസി, പൊതുമേഖലാസ്ഥാപനം നൽകിയ ഏതെങ്കിലും തിരിച്ചറിയൽകാർഡ്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡുകളോ സർവകലാശാലകളോ നൽകിയ പത്താംതരം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്ഥിരതാമസക്കാരനാണെന്ന സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ഒബിസി, എസ്‌സി/എസ്ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ്, ദേശീയ പൗരത്വപട്ടിക(എൻആർസി), സംസ്ഥാന സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ, സർക്കാർ നൽകുന്ന ഭൂമി/ ഭവന കൈമാറ്റസർട്ടിഫിക്കറ്റ് എന്നിവയാണ് ബിഹാറിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റായി അംഗീകരിച്ച രേഖകൾ. കേരളത്തിലും ഇതെല്ലാം പരിഗണിക്കാനാണ് സാധ്യത.
ഇക്കൂട്ടത്തിൽ ആധാർകാർഡ് ഉൾപ്പെടുത്താത്തത് ബിഹാറിൽ വിവാദമായിരുന്നു. ജനനത്തീയതിയും ജനനസ്ഥലവും തെളിയിച്ച് ശുദ്ധീകരണത്തിന്റെപേരിലുള്ള ബിഹാറിലെ പരിഷ്കരണം പൗരത്വരേഖ തയ്യാറാക്കാനുള്ള കുറുക്കുവഴിയാണെന്ന ആരോപണവും നേരിട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനതിരഞ്ഞടുപ്പ് കമ്മിഷന്റെ പട്ടികയിൽ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പട്ടികയിലുള്ളതിനെക്കാൾ 10 ലക്ഷത്തോളം വോട്ടർമാർ കുറവുണ്ട്. സംസ്ഥാന കമ്മിഷന്റെ പട്ടിക 2023-ലും 2024-ലും പരിഷ്കരിച്ചു. മരിച്ചവർ, സ്ഥലത്തില്ലാത്തവർ തുടങ്ങിയവരെ പരിഷ്കരണത്തിലൂടെ ഒഴിവാക്കിയതോടെയാണ് വോട്ടർമാരുടെ എണ്ണത്തിൽ അന്തരമുണ്ടായത്.
Content Highlights: Kerala Voter List Revision Expected Ahead of Assembly Elections
Published: 11 Aug 2025, 06:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented