വിഴിഞ്ഞം തുറമുഖം: ഉറപ്പുകളൊക്കെ കടലെടുത്തു; പദ്ധതി വൈകുന്നതിന്‍റെ നേട്ടംകൊയ്യാന്‍ ചൈന


വിഷ്ണു കോട്ടാങ്ങല്‍

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും നേട്ടമുണ്ടാകും. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങള്‍ക്ക് പകരം വിഴിഞ്ഞം വഴി ട്രാന്‍സ്ഷിപ്‌മെന്റ് നടത്തുമ്പോള്‍ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും.

വിഴിഞ്ഞത്തെ പുലിമുട്ട് നിർമാണം, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി

തിരുവനന്തപുരം: സംസ്ഥാനം ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തുറമുഖമാണ് വിഴിഞ്ഞം. അതിനേക്കുറിച്ച് കേരളത്തിനുള്ള പ്രതീക്ഷകള്‍ വലുതാണ്. ഏറെ കടമ്പകള്‍ കടന്നാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍ പാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലംവരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിര്‍ദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്.

നിര്‍മാണം പൂര്‍ത്തിയായി പൂര്‍ണസജ്ജമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ള തുറമുഖമായി മാറും ഇത്. വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് അന്താരാഷ്ട്ര കപ്പല്‍ചാലുള്ളത്. ഈ ദൂരം തന്നെയാണ് വിഴിഞ്ഞത്തിന്റെ പ്ലസ് പോയിന്റ്. കേരളത്തിലെ പ്രധാന തുറമുഖമായ കൊച്ചിക്ക് പോലും ഈയൊരു മുന്‍തൂക്കമില്ല.

കേരള ചരിത്രത്തില്‍ വിഴിഞ്ഞത്തിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. എട്ടാം നൂറ്റാണ്ടുമുതല്‍ 14-ാം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ കീഴിലായിരുന്ന തെക്കന്‍ കേരളത്തിലെ സുപ്രധാന തുറമുഖമായിരുന്നു വിഴിഞ്ഞം. ആ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്ന തുറമുഖം പിന്നീട് ചോളന്മാരുടെ ആക്രമണത്തില്‍ തകരുകയായിരുന്നു.

വിഴിഞ്ഞത്തിന്റെ ശനിദശ

സര്‍ സി.പി. രാമസ്വാമി അയ്യര്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ടുപിടിച്ചതാണു വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍. എന്നാല്‍ ഇന്ത്യക്കു് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതില്‍നിന്ന് ഒരുചുവടുപോലും മുന്നോട്ടുപോകാനാകാതെ നില്‍ക്കുകയാണ് കേരളം. വിഴിഞ്ഞം യാഥാര്‍ഥ്യമാകാതിരിക്കാന്‍ വര്‍ഷങ്ങളായി മറ്റ് അന്താരാഷ്ട്ര തുറമുഖ ഏജന്‍സികള്‍ പണി പതിനെട്ടും പയറ്റിയ ശേഷമാണ് ഇപ്പോള്‍ തുറമുഖ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.

ആദ്യം 2012ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഏറെക്കാലം പിന്നെ അതേപ്പറ്റി ഒന്നും കേട്ടില്ല. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2015ലാണ് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ അദാനിയുമായി സംസ്ഥാന സര്‍ക്കാര്‍ തുറമുഖ നിര്‍മാണത്തിന് കരാര്‍ ഒപ്പിടുന്നത്. ആയിരം ദിനങ്ങള്‍ കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാകുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. അതുപ്രകാരം 2019ല്‍ നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോഴും പദ്ധതി ഇഴഞ്ഞുതന്നെ നീങ്ങുന്നു.

തുറമുഖ നിര്‍മാണത്തിന് വേണ്ട പുലിമുട്ടുകള്‍ സ്ഥാപിക്കല്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആകെ വേണ്ട 3100 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് സ്ഥാപിക്കേണ്ടതില്‍ അഞ്ചുവര്‍ഷം കൊണ്ട് 850 മീറ്റര്‍ നീളത്തില്‍ മാത്രമെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളു.

ഓഖി, രണ്ട് പ്രളയം, കോവിഡ്, അതിനിടെ ടൗട്ടെ ചുഴലിക്കാറ്റ് എന്നിവയെല്ലാം കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായാണ് അദാനി ഗ്രൂപ്പ് വാദിക്കുന്നത്. ഓഖി, ടൗട്ടെ ചുഴലിക്കാറ്റുകളെ തുടര്‍ന്ന് സ്ഥാപിച്ച പുലിമുട്ടുകളില്‍ നല്ലൊരു ശതമാനം ഒഴുകിപ്പോയി. ശക്തമായ തിരമാലയും നിര്‍മാണത്തിനെത്തിച്ച കൂറ്റന്‍ ടഗ്ഗുകള്‍ കടലില്‍ മറിഞ്ഞതുമൊക്കെ തുറമുഖ നിര്‍മാണത്തെ തടസ്സപ്പെടുത്തി.

കോവിഡും പ്രളയവും ഒക്കെ വന്നതുമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സാവധാനമായി. അതിനിടെ പുലിമുട്ട് നിര്‍മാണത്തിനാവശ്യമായ കല്ലുകള്‍ ലഭ്യമാകാതെ വന്നതും പ്രദേശവാസികളുടെ സമരങ്ങളും ഒക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതായി അദാനി ഗ്രൂപ്പ് പറയുന്നു. ഇനി 2023ല്‍ മാത്രമെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാകൂ എന്നാണ് അവര്‍ പറയുന്നത്.

കേരളത്തില്‍ കല്ലുകളുടെ ക്ഷാമം നേരിട്ടതോടെ തമിഴ്‌നാട്ടില്‍ നിന്ന് കല്ലുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഇതിലും ഇടയ്ക്ക് തടസ്സം നേരിട്ടു. പ്രതിദിനം 15000 മെട്രിക് ടണ്‍ പാറയാണ് പുലിമുട്ട് നിര്‍മാണത്തിനായി വേണ്ടി വരിക.

ചുഴലിക്കാറ്റുകളും കടല്‍ക്ഷോഭവുമൊക്കെ തുറമുഖ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്നു പറയുന്നത് പൂര്‍ണമായും ശരിയല്ല. നിര്‍മ്മാണത്തിലിരുന്ന പുലിമുട്ടിന്റെ കുറെഭാഗം കടല്‍ക്ഷോഭത്തില്‍ ഒഴുകിപ്പോയത് ശരിയാണ്. എന്നാല്‍ നിര്‍മ്മാണം അപ്പാടെ നിലയ്ക്കാന്‍ കാരണം പ്രതികൂല കാലാവസ്ഥയാണെന്നു പറയുന്നത് യാഥാര്‍ഥ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടമില്ലാതെ പോയത് ഒരു കാരണമായി പറയാം. അതിനൊപ്പം നിര്‍മ്മാണ കമ്പനിയുടെ മെല്ലെപ്പോക്കു കൂടിയായപ്പോള്‍ വിഴിഞ്ഞം സ്വപ്നങ്ങള്‍ക്ക് 'ആമവേഗ'മായി.

സര്‍ക്കാരിന്റെ അനാസ്ഥകള്‍

വന്‍പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അപ്രതീക്ഷിതമായി പ്രാദേശികമായ എതിര്‍പ്പുകളും സമരങ്ങളുമൊക്കെ ഉണ്ടാകാം. എന്നാല്‍ അത് പരിഹരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ തുടക്കം മുതല്‍ നിയോഗിക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍മാണം ഏറെ വൈകിയെന്ന് കണ്ടപ്പോഴാണ് സര്‍ക്കാര്‍ മുന്‍ ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. പദ്ധതി പ്രദേശത്ത് സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓഫീസറുടെ ഓഫീസും ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യവും തുടക്കം മുതലേ ഉണ്ടാകേണ്ടതായിരുന്നു. അതില്ലാതെ പോയതിന്റെ ദുരവസ്ഥയാണ് നിര്‍മ്മാണത്തില്‍ ഉടനീളം കാണാനാവുന്നത്.

2023ല്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറയുന്നത്. ഇനിയുള്ള രണ്ടുവര്‍ഷം തട്ടുംതടയുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോയെങ്കില്‍ മാത്രമേ അതൊക്കെ സാധ്യമാകുകയുള്ളു. പുലിമുട്ട് നിര്‍മാണത്തിന് പാറഖനനവും മറ്റും പ്രതിസന്ധിയുണ്ടാക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അവസാനം, ഏറെ വൈകിയാണ് തമിഴ്‌നാട്ടില്‍ നിന്ന് പാറ എത്തിക്കാനുള്ള ധാരണയായത്.

പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായാല്‍ ശേഷിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളാണ്. തുറമുഖ പ്രദേശവുമായി റെയില്‍ റോഡ് ബന്ധങ്ങള്‍ സ്ഥാപിക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് പ്രത്യേക റെയില്‍പാത നിര്‍മ്മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. തുറമുഖ നിര്‍മ്മാണത്തിനൊപ്പം തുടങ്ങിയിരുന്നെങ്കില്‍ ഇതിനകം അതും പൂര്‍ത്തിയാകേണ്ടതായിരുന്നു. ദീര്‍ഘവീക്ഷണമില്ലായ്മയും ആസൂത്രണത്തിന്റെ അഭാവവും എടുത്തുകാട്ടുന്നതാണ് ഇതൊക്കെ.

വിഴിഞ്ഞം വന്നാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍

രാജ്യത്തെ ആദ്യ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലായ വിഴിഞ്ഞം പോര്‍ട്ട് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ തുറമുഖ പദ്ധതിയാണിത്. 7700 കോടി രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ദശലക്ഷം ടി.ഇ.യു (20 അടി തുല്യമായ യൂണിറ്റുകള്‍) കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാവുക. നിലവിലുള്ള 800 മീറ്റര്‍ ബെര്‍ത്ത് ഭാവിയില്‍ 2000 മീറ്ററാക്കി വര്‍ദ്ധിപ്പിക്കും. ഇതോടെ മൂന്ന് ദശലക്ഷം ടി.ഇ.യു ആയി ശേഷി വര്‍ദ്ധിക്കും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും നേട്ടമുണ്ടാകും. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങള്‍ക്ക് പകരം വിഴിഞ്ഞം വഴി ട്രാന്‍സ്ഷിപ്‌മെന്റ് നടത്തുമ്പോള്‍ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും. അന്താരാഷ്ട്ര കപ്പല്‍ ചാനലിന് 10 മൈല്‍ മാത്രം അകലെയാണെന്നതും 18 മീറ്റര്‍ സ്വാഭാവികമായ ആഴമെന്നതും വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്. തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ മേഖലകളില്‍ തിരുവനന്തപുരത്ത് വികസനക്കുതിപ്പുണ്ടാകും. നിരവധി പേര്‍ക്ക് അനുബന്ധ തൊഴിലവസരങ്ങള്‍ ഉണ്ടാകും.

ഷിപ്പിങ് ഏജന്റുമാര്‍, ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസുകള്‍, ഗോഡൗണുകള്‍, കപ്പല്‍ മെയിന്റനന്‍സ്, കുടിവെള്ള പദ്ധതികള്‍, വൈദ്യുതി വിതരണം, ഗതാഗതം, താമസ സൗകര്യം, ഹോട്ടല്‍, ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവയൊക്കെ ആവശ്യമായി വരും. ഇതിലൂടെ സര്‍ക്കാരിന് നികുതി വരുമാനവും നിരവധി പേര്‍ക്ക് തൊഴിലവസരവും ലഭിക്കും. തുറമുഖത്തിനാവശ്യമായ സേവനമേഖലയിലെ നിരവധി പ്രവൃത്തികള്‍ ആവശ്യമായി വരുന്നതിനാല്‍ തിരുവനന്തപുരത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് ഗുണമാകും.

പദ്ധതി വൈകുമ്പോള്‍ നേട്ടം ചൈനയ്ക്ക്

2019 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന പദ്ധതി വൈകുന്നത് ചൈനയുടെ സഹായത്തോടെ ശ്രീലങ്കയില്‍ നിര്‍മ്മിക്കുന്ന തുറമുഖത്തിനാണ് ഗുണം ചെയ്യുക. വിഴിഞ്ഞത്തോട് കിടപിടിക്കുന്നതാണ് ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വൈകുന്നത് പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്കുള്ള ഗതാഗത സാധ്യതകള്‍ ഒരുകളം മുന്‍കൂട്ടി കയറി കളിക്കാനാണ് ശ്രീലങ്കന്‍ നീക്കം. നിലവില്‍ ദുബയ്, സിംഗപ്പൂര്‍, കൊളംബോ തുറമുഖങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയിലെ വിദേശവ്യാപാര മേഖല പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയായാല്‍ ഈ തുറമുഖങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്.

വിഴിഞ്ഞത്തേപ്പോലെ അന്താരാഷ്ട്ര കപ്പല്‍ ചാലിന് സമീപത്താണ് ഹംബന്‍തോട്ട തുറമുഖം. സ്വാഭാവിക ആഴം 17 മീറ്ററും. അതിനാല്‍ വിഴിഞ്ഞം പൂര്‍ത്തിയാകുന്നതുവരെ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികള്‍ ശ്രീലങ്കയിലേക്ക് തിരിയും. ഭാവിയില്‍ അവരെ വിഴിഞ്ഞത്തേക്ക് കൊണ്ടുവരിക ബുദ്ധിമുട്ടേറിയ പരിശ്രമമായി തീരും.

ആശങ്കയില്‍ കടലേറ്റം

വിഴിഞ്ഞം തുറമുഖനിര്‍മാണം നടക്കുന്നതിനൊപ്പം പ്രദേശവാസികള്‍ ആശങ്കപ്പെടുന്നത് തീരം കടലെടുക്കുന്നതിനെയാണ്. ഒരോ മഴക്കാലത്തും കടല്‍ കരയെടുക്കുന്നതിന്റെ അളവ് കൂടിവരുന്നു. തുറമുഖനിര്‍മാണം പൂര്‍ത്തിയാകുന്നതിനനുസരിച്ച് തീരം കടലെടുക്കുന്നതിന്റെ അളവ് കൂടുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മനോഹരമായ ശംഖുമുഖം ബീച്ചും വിമാനത്താവളത്തിലേക്കുള്ള റോഡും കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കടലെടുത്തിരുന്നു. തകര്‍ന്ന തീരത്തിന് കാരണം തുറമുഖനിര്‍മാണമെന്നാണ് ആരോപണം.

നിരവധി വീടുകള്‍ കടലെടുത്തു, വ്യവസായ കേന്ദ്രങ്ങള്‍ അടക്കേണ്ടിവന്നു. തുറമുഖ നിര്‍മാണമാണ് ഇതിനെല്ലാം കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുമ്പോഴും സര്‍ക്കാരോ അദാനിയോ അത് കണ്ടെന്നു നടിക്കുന്നില്ല. അതിനാല്‍ എന്നാണ് കരകയറി കടലെത്തുന്നതെന്ന് കാത്തിരിക്കുകയാണ് ഇവര്‍.

Content Highlights: Vizhinjam port project, Adani Group, Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented