തിരുവനന്തപുരം: സർവകലാശാലകളുടെ ഓഫ് കാംപസുകൾക്ക് സർവകലാശാലാ ഭേദഗതി ബില്ലിൽ അനുമതി നിഷേധിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നെന്ന് സൂചന. ആദ്യം തയ്യാറാക്കിയ കരടുബില്ലിലെ വ്യവസ്ഥയാണ് തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗം വെട്ടിയത്. ഇതിന് സി.പി.എമ്മിന്റെ രാഷ്ട്രീയാനുമതിയും നൽകിയിരുന്നു.
നിലവിലെ നിയമമനുസരിച്ച് സർവകലാശാലകൾ ഏതൊക്കെ പ്രദേശങ്ങളുടെ പരിധിയിലാണോ അവിടെമാത്രം കാംപസുകൾ തുടങ്ങാനേ സാധിക്കൂ. ഈ വ്യവസ്ഥ ഒഴിവാക്കി, കേരളത്തിലെവിടെയും രാജ്യത്തും വിദേശത്തുമൊക്കെ കാംപസുകൾ തുടങ്ങാൻ അനുവദിക്കുന്നതായിരുന്നു കരടുബില്ലിലെ വ്യവസ്ഥ.
കേരളത്തിലെ സർവകലാശാലകളുടെ കാംപസുകൾ വിദേശത്തും തുടങ്ങണമെന്ന് ലോക കേരളസഭയിൽ പ്രവാസികൾ ആവശ്യപ്പെട്ടിരുന്നു. ഓഫ് കാംപസുകൾ സ്ഥാപിക്കാനുള്ള സാഹചര്യമൊരുക്കാൻ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വേണമെന്ന് ഉന്നതവിദ്യാഭ്യാസ നിയമപരിഷ്‌കരണത്തിനു നിയോഗിക്കപ്പെട്ട എൻ.കെ. ജയകുമാർ കമ്മിഷനും ശുപാർശചെയ്തു.
ഇതിനിടെയാണ് സർക്കാർ പുതിയ കരടുബില്ലിൽനിന്ന് ഓഫ് കാംപസ് വ്യവസ്ഥ ഒഴിവാക്കിയത്. സ്വകാര്യസർവകലാശാലകൾ സംസ്ഥാനത്തെ പൊതുസർവകലാശാലകൾക്ക് ഭീഷണിയാവുമെന്ന ആശങ്കയ്ക്കിടെയാണ് ഈ നീക്കം.
സർവകലാശാലകളുടെ വളർച്ച തടയും
സർവകലാശാലകൾക്ക് അക്കാദമികമായും സാമ്പത്തികമായും വളരാനുള്ള വഴിയടയ്ക്കുന്നതാണ് പുതിയ ഭേദഗതിബില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കാലിക്കറ്റ്, എം.ജി. സർവകലാശാലകൾക്ക് ഗൾഫ് രാജ്യങ്ങളിൽ ഓഫ് കാംപസുകൾ തുടങ്ങാൻ ഇപ്പോൾതന്നെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആഗോള റാങ്കിങ്ങിൽ തിളങ്ങി നിൽക്കുകയാണ് കേരള, എം.ജി സർവകലാശാലകൾ.
കഴിഞ്ഞവർഷം ക്യു.എസ് ലോകറാങ്കിങ്ങിൽ ദക്ഷിണേഷ്യയിലെ മികച്ച സർവകലാശാലകളിൽ 88-ാം സ്ഥാനത്താണ് കേരള. മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയ ലണ്ടൻ ആസ്ഥാനമായുള്ള ടൈംസ് റാങ്കിങ്ങിൽ തുടർച്ചയായി എം.ജി. ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച രണ്ടാമത്തെ സർവകലാശാലയാണ് എം.ജി.
സംസ്ഥാനത്തെ നാലു സർവകലാശാലകളും എൻ.ഐ.ആർ.എഫ് റാങ്കിൽ ആദ്യപട്ടികയിലുണ്ട്. ഇങ്ങനെ, ആഗോള-ദേശീയ മേൽവിലാസമുള്ളതിനാൽ ഓഫ് കാംപസുകൾ വഴി വളരാനാവുമായിരുന്നു. വിദേശത്തും സ്വദേശത്തുമായി ധനസമാഹരണം നടത്താനും അവസരമുണ്ടാവും. ഇതിനെല്ലാം സർക്കാർ തടയിട്ടെന്നാണ് വിമർശനം.
നേട്ടം സ്വകാര്യ സർവകലാശാലകൾക്ക്
സ്വകാര്യ സർവകലാശാലകൾക്ക് പൊതുസർവകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ, കേരളത്തിനു പുറത്ത് ‘ഓഫ് കാംപസ്’ തുടങ്ങാൻ സ്വകാര്യ സർവകലാശാലകൾക്കുള്ള അധികാരമോ സ്വാതന്ത്ര്യമോ സർക്കാർ പണം മുടക്കുന്ന പൊതുസർവകലാശാലകൾക്കില്ല.
മറ്റു ചില സ്വകാര്യസർവകലാശാലകൾ മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്യുകയും കേരളത്തിൽ കാംപസുകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പൊതുസർവകലാശാലകൾക്കും ഇങ്ങനെ വ്യാപിക്കാനുള്ള സാഹചര്യം ‘ഓഫ് കാംപസ്’ ഒഴിവാക്കിയതോടെ ഇല്ലാതായി. ഉന്നതവിദ്യാഭ്യാസം കൂടുതൽ മത്സരാത്മകമാവുന്നതോടെ, സ്വകാര്യസർവകലാശാലകളോടു കിടപിടിക്കാനാവാതെ പൊതുസർവകലാശാലകൾ പ്രതിസന്ധിനേരിടും. ഫലത്തിൽ, സ്വകാര്യസർവകലാശാലകളെ സഹായിക്കുന്നതാണ് പൊതുസർവകലാശാലകൾക്ക് ‘ഓഫ് കാംപസ്’ ഒഴിവാക്കിയ സർക്കാർനടപടി.
Content Highlights: Kerala government blocks a bill allowing state universities to open off-campus centers
Published: 12 Feb 2025, 10:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented