
തിരുവനന്തപുരം: ഇരുപത്തിരണ്ട് ഹെയർപിൻ വളവുകൾ തിരിഞ്ഞ് ഈ പ്രിയദർശിനി ബസ് പൊന്മുടിക്കുന്ന് കയറിയെത്തുന്നത് നിറയെ കരുതലും സ്നേഹവുമായാണ്. ദിവസവും പ്രിയദർശിനി ബസിൽ യാത്രചെയ്യുമ്പോൾ മൂന്ന് അധ്യാപികമാർ മിച്ചംപിടിച്ച പണം 30 കുരുന്നുകളുടെ വിശപ്പകറ്റാനുള്ള പ്രതീക്ഷയായി മാറുകയാണ്. സൗജന്യ യാത്രയിലൂടെ ലാഭിച്ച തുകകൊണ്ട് പൊന്മുടി സ്കൂളിലെ കുട്ടികൾക്ക് വൈകുന്നേരത്തെ അന്നമൊരുക്കുകയാണ് ഈ അധ്യാപികമാർ.
പൊന്മുടി ജി.യു.പി.എസ്. സ്‌കൂളിലെ ഒന്നുമുതൽ ഏഴുവരെ ക്ളാസുകളിലെ കുട്ടികൾക്കായി സ്‌കൂളിൽ വൈകുന്നേരം ഭക്ഷണം നൽകുന്നതിന് ഈ പണം നൽകി മാതൃകയാകുകയാണിവർ. മലപ്പുറം മഞ്ചേരി സ്വദേശിനി പി. നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കെ. ജയശ്രീ ദേവൻ, വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ശാലു പൗലോസ് എന്നിവരാണ് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് അന്നദാതാക്കളായത്. ഈ സദ്പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ വസതിയിലേക്കു ക്ഷണിച്ച് ഇവരെ ആദരിക്കുകയും ചെയ്തു.
2024 ഡിസംബറിലാണ് വിതുര കെ.എസ്.ടി.എ. ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്‌കൂൾകുട്ടികൾക്ക് വൈകുന്നേരം ഭക്ഷണം നൽകുന്ന സായാഹ്നപദ്ധതി ആരംഭിക്കുന്നത്. മാതാപിതാക്കൾ തോട്ടങ്ങളിൽനിന്നു ലയങ്ങളിലേക്കു മടങ്ങിയെത്തുമ്പോൾ നേരം വൈകും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും വൈകുന്നേരത്തെ വിശപ്പടക്കാൻ കുട്ടികൾക്ക് മറ്റു മാർഗമില്ല. ഇതിനു പരിഹാരമെന്നോണമാണ് പദ്ധതിക്കു തുടക്കമിടുന്നത്. സ്പോൺസർമാരുടെ സഹായത്തോടെയാണ് രണ്ടുവർഷത്തിലേറെയായി പദ്ധതി മുന്നോട്ടുപോകുന്നത്. എപ്പോഴും ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാൻ ബദൽമാർഗങ്ങളെക്കുറിച്ച് മൂന്ന് അധ്യാപികമാർ ചിന്തിച്ചുതുടങ്ങി. അതിൽനിന്നാണ് പ്രിയദർശിനി പദ്ധതിയെ ഉപയോഗപ്പെടുത്തണമെന്ന ചിന്ത വരുന്നത്.
പൊന്മുടിയിൽനിന്ന് 22 കിലോമീറ്റർ അകലെ വിതുരയിൽ വാടകയ്ക്കു താമസിക്കുന്നവരാണ് മൂന്നുപേരും. യാത്രയ്ക്കായി പ്രതിമാസം ചെലവാകുന്ന 3,000 രൂപയോളം മാറ്റിവെച്ചാണ് ഇവർ സായഹ്ന ഭക്ഷണത്തിനു സാമ്പത്തികപിന്തുണ നൽകുന്നത്.
അധ്യാപികമാരുടെ ഈ ചിന്തയെ അഭിമാനത്തോടെയും സന്തോഷത്തോടെയും കാണുന്നതായി മന്ത്രി സി.പി. ജോൺ പ്രശംസിച്ചു. പഠനസൗകര്യങ്ങൾക്കൊപ്പം കുട്ടികളുടെ വിശപ്പകറ്റാനും പോഷകാഹാരം ഉറപ്പാക്കാനും മുന്നോട്ടുവന്ന ഇവർ അധ്യാപകവൃത്തിയുടെ മാഹാത്മ്യം വിളിച്ചോതുന്നതായി സ്കൂളിലെ പ്രഥമാധ്യാപകൻ ഷിബു സി. ദാസ് പറഞ്ഞു.
Content Highlights: Three teachers in Ponmudi saved their monthly bus travel expenses of around Rs 3,000., The saved money is used to provide evening meals for 30 plantation workers' children at Ponmudi GUPS School., Transport Minister CP John invited and honored the teachers for their noble initiative., The evening meal project was initially started in December 2024 to help children whose parents return late from plantations.
Published: 24 Oct 2026, 07:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented