
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ് ഡിസംബറില്‍ നടക്കാനിരിക്കെ വെല്ലുവിളിയായി കേന്ദ്രത്തിന്റെ ചിറ്റമ്മനയം. തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട സഹായധനമായ 817 കോടിരൂപ വായ്പയാക്കി മാറ്റിയതില്‍ സംസ്ഥാനം കടുത്ത അതൃപ്തിയിലാണ്. എത്രയും വേഗം കേന്ദ്രം നിലപാട് തിരുത്തി കമ്മീഷനിങ് നടത്തണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. ട്രയല്‍റണ്‍ നടക്കുന്ന അവസരത്തില്‍ തന്നെ ഒരു ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്ത് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം ഈ സന്ദർഭത്തിലാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കൽ.
ട്രയല്‍ റണ്‍ തുടങ്ങിയിട്ട് നാല് മാസം പിന്നിടുമ്പോള്‍ വിഴിഞ്ഞത്തേക്കെത്തിയത് മദര്‍ ഷിപ്പുകളടക്കം 46 ചരക്കുകപ്പലുകളാണ്. അദാനി പോര്‍ട്ട്സ് തുറമുഖത്ത് കൈകാര്യം ചെയ്തത് ഒരു ലക്ഷം(100807) കണ്ടെയ്നറുകളാണ്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ 400 മീറ്റര്‍ നീളമുള്ള മദര്‍ ഷിപ്പുകളടക്കം വിഴിഞ്ഞത്ത് കണ്ടെയ്നറുകളിറക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളിലേക്ക് ചരക്ക് കയറ്റിറക്ക് നടത്തി വരുന്നു. ഇതില്‍ നിന്നുള്ള വരുമാനമായി നികുതിയിനത്തില്‍ സംസ്ഥാന ഖജനാവിലേക്കെത്തിയത് 7.4 കോടി രൂപയാണ്. ട്രയല്‍റണ്‍ ഘട്ടത്തില്‍ തന്നെ ഇത്രയധികം ചരക്കുകള്‍ കൈകാര്യം ചെയ്ത മറ്റൊരു തുറമുഖമില്ല.
ഇത്രയൊക്കെ അനുകൂല ഘടകങ്ങളുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി പിന്തുണ നൽകുന്നില്ല എന്ന കടുത്ത പരാതിയാണ് സംസ്ഥാനത്തിനുള്ളത്.
ഭാവിയില്‍ തുറമുഖം ലാഭത്തിലെത്തുമ്പോള്‍ 817 കോടി രൂപയ്ക്ക് എന്ത് മൂല്യമാണോ ഉണ്ടാകുന്നത് ആ തുകയ്ക്ക് തുല്യമായ തുക സംസ്ഥാനം തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. അതായത് സംസ്ഥാനം അന്ന് 12000 കോടിരൂപ തിരിച്ചടയ്ക്കേണ്ടി വരുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം വായ്പാ വ്യവസ്ഥയില്ലാത്ത വി.ജി.എഫ് സഹായമാണ് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ കേരളത്തോട് കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്ന പരാതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. കാരണം വി.ജി.എഫ് സഹായം ആദ്യം അംഗീകരിക്കപ്പെട്ട പദ്ധതിയാണ് വിഴിഞ്ഞത്തേത്. വായ്പാ വ്യവസ്ഥ ഒഴിവാക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ നേരില്‍ കണ്ടും കേന്ദ്രത്തെ ആശങ്ക ബോധിപ്പിക്കും.
പ്രധാനമന്ത്രിയെ ക്ഷണിച്ച് ആദ്യഘട്ട തുറമുഖ കമ്മീഷനിങ് നടത്താനാണ് സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്സും ആഗ്രഹിക്കുന്നത്. അതിനിടെയാണ് വി.ജി.എഫ് സഹായം കേന്ദ്രം വായ്പയാക്കി മാറ്റിയത്. ഇത് ഡിസംബറില്‍ ആദ്യഘട്ട തുറമുഖ കമ്മീഷനിങ് നടത്താനുള്ള നീക്കത്തിന് കല്ലുകടിയാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
Content Highlights: kerala stumbles over centres vgf repayment norms on vizhinjam port
Published: 11 Nov 2024, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented