കൊല്ലം: സ്കൂൾവിദ്യാർഥികൾക്ക് നീന്തൽപരിശീലനം നൽകാൻ സ്‍പ്ലാഷ് പദ്ധതി വീണ്ടും തുടങ്ങുന്നു. ജലാശയ അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ആറു വർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി കോവിഡ് വ്യാപനത്തോടെ മുടങ്ങിയിരുന്നു. കൂടുതൽ പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ച് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കായികവകുപ്പിന്റെ തീരുമാനം.

To advertise here,

കാസർകോട്‌ ജില്ലയിലെ പാലാവയൽ, വയനാട് സുൽത്താൻ ബത്തേരി, തൃശ്ശൂർ ഇരിങ്ങാലക്കുട, ഇടുക്കി തൊടുപുഴ, പാലക്കാട് യാക്കര എന്നീ അഞ്ചു കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം തുടങ്ങാനിരുന്നത്. ഒരു ബാച്ചിന് അഞ്ചു മാസമാണ് പരിശീലന കാലാവധി. ഒരു പരിശീലനകേന്ദ്രത്തിൽ ഒരു അധ്യയനവർഷം 1200 വിദ്യാർഥികളെ വരെ നീന്തൽ പഠിപ്പിക്കാനാകുംവിധമാണ് സജ്ജീകരണങ്ങൾ. എല്ലാ ജില്ലകളിലും പുതുതായി പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കുകയും കൂടുതൽ നീന്തൽപരിശീലന കേന്ദ്രങ്ങളെ പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യും. സംസ്ഥാന സ്പോർട്‌സ് കൗൺസിലിനാണ് നിർവഹണച്ചുമതല.

എല്ലാ വിദ്യാർഥികളെയും നീന്തൽ പരിശീലിപ്പിക്കുന്നതിനൊപ്പം മികവുപുലർത്തുന്നവർക്ക് വിദഗ്ദ്ധപരിശീലനം നൽകും. ഇവർക്ക് സ്പോർട്‌സ് കൗൺസിൽ ഹോസ്റ്റലുകളിൽ താമസിച്ച് പരിശീലനംനേടാനുള്ള സൗകര്യവുമൊരുക്കും.

ജലാശയ അപകടങ്ങളെ അതിജീവിക്കാൻ കുട്ടികൾക്ക് ആവശ്യമായ കഴിവ് സ്കൂൾതലത്തിൽ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കായികവകുപ്പ് 2019-ൽ സ്‌പ്ലാഷ് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ അഞ്ചു ജില്ലകളിലാണ്‌ ആരംഭിച്ചത്. എന്നാൽ, പദ്ധതി പ്രാവർത്തികമാകുംമുൻപുതന്നെ കോവിഡ് വ്യാപനമായി. അതോടെ പദ്ധതി നിർത്തിവെച്ചു. പിന്നീട് തുടർന്നില്ല.

വേനലവധിക്കാലത്തുൾപ്പെടെ മുങ്ങിമരണം സംഭവിക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണ്. കോവിഡ് ലോക്ഡൗണും മറ്റും അവസാനിച്ചിട്ടും പദ്ധതി തുടരുന്നതിൽ തീരുമാനമായിരുന്നില്ല. അതിനിടെ മറ്റു പകർച്ചവ്യാധികളും അമീബിക് മസ്തിഷ്കജ്വരമുൾപ്പെടെയുള്ള അണുബാധകളുമുണ്ടായത് നീന്തൽപരിശീലനം ആരംഭിക്കുന്നതു തടഞ്ഞു. ഇതിനിടെ, സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുമെന്ന മുൻ സർക്കാരിന്റെ പ്രഖ്യാപനത്തിലും തുടർനടപടികളുണ്ടായില്ല.