കോട്ടയം: സില്‍വര്‍ലൈനില്‍ പന്ത് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക്. ദക്ഷിണ റെയില്‍വേയും കെ-റെയിലുമായി നടന്ന ചര്‍ച്ചയില്‍ സില്‍വര്‍ലൈന്‍ ബ്രോഡ്‌ഗേജിലാക്കണമെന്ന് റെയില്‍വേ നിര്‍ബന്ധം പിടിച്ചതോടെ വിശദപദ്ധതിരേഖയില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണ്ടിവരും. ഇത് സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ കാര്യമായതിനാല്‍ മാറ്റത്തിന് അവര്‍ സമ്മതം പറയണം. പദ്ധതിയുടെ മുന്നോട്ടുപോക്കിന് സംസ്ഥാനസര്‍ക്കാരിന്റെ ഈ തീരുമാനം നിര്‍ണായകം.

To advertise here,

ചര്‍ച്ചയ്ക്കുശേഷം വിശദാംശങ്ങളില്‍ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ വിവിധ തലങ്ങളില്‍ ആഭ്യന്തരചര്‍ച്ചകള്‍ തുടരുകയാണ്. റെയില്‍വേ മുന്നോട്ടുവെച്ച കാര്യങ്ങളിലാണ് കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ച നടന്നത്. സില്‍വര്‍ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍നിന്ന് ബ്രോഡ്‌ഗേജാക്കണം, 50 കിലോമീറ്റര്‍ ഇടവേളകളില്‍ നിലവിലെ പാതയുമായി സില്‍വര്‍ലൈന്‍ ബന്ധിപ്പിക്കണം, ചരക്ക് ഗതാഗതസൗകര്യം ഒരുക്കണം, വേഗം ശരാശരി 160 കിലോമീറ്റര്‍ ആയിരിക്കണം എന്നിവയാണത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യപ്രകാരം തയ്യാറാക്കിയ ഡി.പി.ആറില്‍ വേഗം ശരാശരി 220 കിലോമീറ്റര്‍ വരെ കിട്ടത്തക്കവിധം സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ളതാണ്. നിലവിലെ റെയില്‍വേ പാതയുമായി ബന്ധിപ്പിക്കുന്നുമില്ല. ഡി.പി.ആറിന് മാത്രം 29 കോടി രൂപയാണ് സംസ്ഥാനം മുടക്കിയത്. അതില്‍ അഴിച്ചുപണി എന്നത് വലിയ നഷ്ടമുണ്ടാക്കുന്നതാണ്.