കൊച്ചി: ആലുവ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റ പണിക്കായി 10 ദിവസത്തേക്ക് അടയ്ക്കുന്നു. 28-10-26 മുതൽ 06-11-26 വരെയാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

To advertise here,

തൃശൂർ ഭാഗത്തുനിന്ന് ആലുവ എറണാകുളം ഭാഗത്തേക്ക്‌ വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും (ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ, ടോറസ് ഉൾപ്പെടെ) അങ്കമാലിയിൽ നിന്നും കാലടി പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.

എറണാകുളം ഭാഗത്തുനിന്ന് വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും (ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ ലോറി, ടോറസ്) കളമശ്ശേരിയിൽ നിന്നും തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂർ വഴി തിരിഞ്ഞു പോകേണ്ടതാണ്.

വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് യു.സി കോളേജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ വന്ന് ആലുവ ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.

ആലുവയിൽ നിന്നും വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി യാത്ര തുടരേണ്ടതാണ്.

പറവൂർ കവല തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽ നിന്നും ഗതാഗതം അനുവദിക്കില്ല. അങ്കമാലി പറവൂർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നും മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാർഗ്ഗംമാത്രം സഞ്ചരിക്കേണ്ടതാണ്.

മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഒരേസമയം ഗതാഗതം ക്രമീകരിച്ചിട്ടുള്ളതാണ്. എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കുക. ഈ സമയങ്ങളിൽ പൊതു ഗതാഗതം പരമാവധി ഉപയോഗിക്കണമെന്ന് പൊതു ജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചു.