തിരുവനന്തപുരം: ഭരണമാറ്റത്തിനൊപ്പം ഉദ്യോഗസ്ഥ അഴിച്ചുപണി സെക്രട്ടേറിയറ്റിന്റെ താഴേത്തട്ടിലേക്കും. പിണറായിസർക്കാരിന്റെ കാലത്ത് കോൺഗ്രസ് അനുകൂല സംഘടനയിലായിരുന്നതിന്റെ പേരിൽ സെക്രട്ടേറിയറ്റിനുപുറത്തേക്ക് മാറ്റിയിരുന്നവരെയാണ് സംഘടനതന്നെ ഇടപെട്ട് തിരികെയെത്തിക്കുന്നത്. ഇടതുയൂണിയൻ അനുഭാവികളെ സെക്രട്ടേറിയറ്റിന് പുറത്തേക്കും അപ്രധാന തസ്തികകളിലേക്കും മാറ്റിയാണ് ഇവർക്ക് സെക്രട്ടേറിയറ്റിനുള്ളിൽ നിയമനം നൽകുന്നത്.

To advertise here,

സ്പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തുടങ്ങി നിർണായക തസ്തികകളിൽ ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ച് കഴിഞ്ഞദിവസവും ഉത്തരവിറങ്ങിയിരുന്നു. ഉദ്യോഗസ്ഥതലത്തിൽ ഇനിയും മാറ്റങ്ങളുണ്ടാകുമെന്നാണ് ഭരണാനുകൂല സംഘടനകൾ വ്യക്തമാക്കുന്നത്.

അതേസമയം മന്ത്രിയോട് ആലോചിക്കാതെ നിയമിച്ചുവെന്ന ആരോപണത്തെത്തുടർന്ന്, വനംവകുപ്പ് പി.ആർ.ഒ. സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം മാറ്റിയ പബ്ലിക് റിലേഷൻസ് വകുപ്പ് ജീവനക്കാരനായ എ.സി. അഭിലാഷിന് പകരം നിയമനം നൽകിയിട്ടില്ല.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന അഭിലാഷിനെ വനം ആസ്ഥാനത്ത് പി.ആർ.ഒ. ആയി നിയമിച്ചതിൽ ഭരണാനുകൂല സംഘടനകൾ മന്ത്രിക്ക് പരാതിനൽകിയിരുന്നു. നിയമിച്ചത് തന്നോട് ആലോചിക്കാതെയാണെന്ന് മന്ത്രി ഷിബുബേബി ജോണും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

സർക്കാർപണം ദുരുപയോഗംചെയ്ത് ഇടതുസർക്കാരിന്റെ പരസ്യം നൽകുന്നതിനും അനാവശ്യപ്രചാരണങ്ങൾ നടത്തുന്നതിനും നേതൃത്വംനൽകിയെന്ന പേരിലാണ് പി.ആർ.ഡി.യിലെ പലമാറ്റങ്ങളും.

പിണറായിസർക്കാരിന്റെ കാലത്ത് മാധ്യമങ്ങളുമായി നേരിട്ടിടപെടുന്ന പല ജീവനക്കാരെയും ഒരാഴ്ചമുൻപ്‌ മാറ്റിയിരുന്നു.