കൊച്ചി: അങ്കമാലി - എരുമേലി ശബരി റെയില്‍പാതയ്ക്ക് പണം ത്രികക്ഷി കരാറിലൂടെ കണ്ടെത്താമെന്ന കേന്ദ്ര നിര്‍ദേശം കേരളം തള്ളിയതോടെ പാതയുടെ കാര്യം വീണ്ടും ത്രിശങ്കുവിലായി. സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി പരിഗണിച്ചാണ് ത്രികക്ഷി കരാര്‍ എന്ന നിര്‍ദേശം വന്നത്. മഹാരാഷ്ട്രയില്‍ ഇത് ഒരു പദ്ധതിക്കായി നടപ്പാക്കുന്നുണ്ട് എന്നും അറിയിച്ചിരുന്നു. 

To advertise here,

ആദ്യം ഇതിനോട് താത്പര്യം കാണിച്ച കേരളം പെട്ടെന്നാണ് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ നിലപാട് മാറ്റിയത്. ഇതു സംബന്ധിച്ച് പ്രത്യേകിച്ച് ഒരു വിശദീകരണവും സംസ്ഥാനം നടത്തിയിട്ടുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്തകാലത്തൊ ന്നും പദ്ധതിക്കുള്ള പണം കണ്ടെത്താന്‍ കേരളത്തിനാകില്ല. ഇനിയെന്താണ് തുടര്‍നടപടി എന്ന കാര്യത്തിലും വ്യക്തതയില്ല.

ജനസാന്ദ്രത ഏറെയുള്ള കേരളം പോലെയുള്ള സ്ഥലത്ത് തുടക്കത്തില്‍ തന്നെ ഡബിള്‍ ലൈനിന് സ്ഥലം എടുക്കുന്നതാണ് ഉചിതം എന്ന നിലപാടാണ് റെയില്‍വേയ്ക്കുള്ളത്. എന്നാല്‍, ഇത് കേരളം തള്ളി. അങ്കമാലി മുതല്‍ എരുമേലി വരെയുള്ള റെയില്‍വേ ലൈന്‍ ആദ്യഘട്ടമായി നിര്‍മിക്കണമെന്നും എരുമേലിയില്‍നിന്ന് പമ്പയിലേക്ക് റെയില്‍വേ ലൈന്‍ നീട്ടുന്നതും ശബരി റെയില്‍വേ ഇരട്ട പാതയാക്കുന്നതും അടുത്ത ഘട്ടത്തില്‍ പരിഗണിക്കാമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

1997-ല്‍ പ്രഖ്യാപിച്ച 111 കിലോമീറ്റര്‍ നീളമുള്ള അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് പല തവണ എസ്റ്റിമേറ്റ് പുതുക്കിയിട്ടുണ്ട്. 3810 കോടി രൂപയാണ് ഇപ്പോഴത്തെ എസ്റ്റിമേറ്റ്. പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ നരകിക്കുന്നത് നാട്ടുകാരാണ്. പദ്ധതിക്കായി കല്ലിട്ട 70 കിലോമീറ്റര്‍ സ്ഥലത്ത് പ്രദേശവാസികള്‍ക്ക് സ്ഥലം വില്‍ക്കുന്നതിനോ ഈടുവെച്ച് വായ്പ എടുക്കുന്നതിനോ കഴിയുന്നില്ല. പദ്ധതിക്കായി നിര്‍മിച്ച കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ റെയില്‍വേ പാലവും ഉപേക്ഷിച്ച നിലയിലാണ്.

കരാര്‍ വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ത്രികക്ഷി കരാര്‍ ഒപ്പിടില്ലെന്ന കേരളത്തിന്റെ നിലപാട് പദ്ധതിയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണെന്ന് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറഷന്‍ യോഗം അറിയിച്ചു. കിഫ്ബി ഫണ്ട് വഴി പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പദ്ധതിയെ പ്രശ്‌നത്തിലാക്കുന്നു.

സംസ്ഥാനത്തിന്റെ വായ്പാ പരിധി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കേസ് സുപ്രീംകോടതിയിലാണ്. ഇതിനിടെ, ശബരി റെയില്‍വേ കിഫ്ബി വഴി നടപ്പാക്കാന്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യോഗം വിലയിരുത്തി. വിവാദങ്ങളൊഴിവാക്കി സ്ഥലമെടുപ്പും നിര്‍മാണവും വേഗത്തിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.