ചെട്ടികുളങ്ങര: പതിനഞ്ചാം ധനകാര്യ കമ്മിഷൻ 2021-26 കാലത്തേക്കനുവദിച്ച ഹെൽത്ത് ഗ്രാന്റിന്റെ അവസാന ഗഡുവായ 647 കോടി രൂപ സംസ്ഥാനത്തിനു ലഭിച്ചു. ഇതോടെ, ഈയിനത്തിലെ മുഴുവൻ തുകയും (2,958 കോടി) സംസ്ഥാനത്തിനു കിട്ടി. കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങൾക്കുമാത്രമാണ് ഗ്രാൻറ് പൂർണമായി നേടാനായത്.

To advertise here,

ഇപ്പോൾ കിട്ടിയ 647 കോടി രൂപ 273 ആരോഗ്യകേന്ദ്രങ്ങൾക്കു കെട്ടിടംപണിയാനും ആശുപത്രികളിലെ പരിശോധന-രോഗനിർണയ സൗകര്യം മെച്ചപ്പെടുത്താനും ഉപയോഗിക്കും. 190 ആരോഗ്യ ഉപകേന്ദ്രങ്ങൾക്കും 62 പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്കും 21 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കുമാണ്‌ കെട്ടിടംപണിയുക. അതോടെ 1,205 ആരോഗ്യ ഉപകേന്ദ്രങ്ങൾക്കും 116 പി.എച്ച്.സി.കൾക്കും 42 സി.എച്ച്.സി.കൾക്കുകൂടി സ്വന്തം കെട്ടിടമാകും.

രോഗനിർണയ-പരിശോധനാ സൗകര്യം മെച്ചപ്പെടുത്താൻ 152 ബ്ലോക്കുതല ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപരിപാലന തുടർപ്രവർത്തനങ്ങൾക്ക് ഫണ്ട്‌ ലഭ്യമാക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ 64 തരം രോഗപരിശോധന സുഗമമാക്കാനും തുക ഉപയോഗിക്കും.

ജനകീയാരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്കരണ ക്ലാസ്, ക്യാമ്പ് എന്നിവ സംഘടിപ്പിക്കാനും നഗരങ്ങളിലെ ഡയാലിസിസ് യൂണിറ്റുകൾക്കാവശ്യമായ വസ്തുക്കൾ വാങ്ങാനും പണംനൽകും.

ആരോഗ്യകേന്ദ്രങ്ങൾക്കും ഉപകേന്ദ്രങ്ങൾക്കും കെട്ടിടംപണിയാൻ തദ്ദേശസ്ഥാപനങ്ങൾ സ്ഥലംവാങ്ങി നൽകണമെന്ന വ്യവസ്ഥ ഇപ്പോഴുമുണ്ട്. സ്ഥലംവാങ്ങാനുള്ള വ്യവസ്ഥകളിൽ സംസ്ഥാന സർക്കാർ 2023-ൽ ഇളവുനൽകിയിരുന്നു. സ്ഥലംവാങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ട് ഉപയോഗിക്കാമെന്നായിരുന്നു അത്.

എന്നിട്ടും, സ്ഥലംവാങ്ങുന്നതിൽ പുരോഗതിയുണ്ടായിട്ടില്ല. ആയിരത്തിലധികം ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് ഇപ്പോഴും സ്വന്തം കെട്ടിടമില്ല.