ആലപ്പുഴ: പൊതുവിഭാഗത്തിൽപ്പെട്ട നീല, വെള്ള കാർഡുകാർക്ക് വിതരണം ചെയ്യാൻ റേഷൻ കടകളിൽ ആട്ടയില്ല. വർഷങ്ങൾക്കു മുൻപ് നിർത്തിയ ആട്ടവിഹിതം ഈമാസം മുതൽ പുനഃസ്ഥാപിച്ചതായി ഉത്തരവിറക്കിയെങ്കിലും സ്റ്റോക്ക് എത്തിക്കുന്നതിൽ ഭക്ഷ്യവകുപ്പിന് വീഴ്ചയുണ്ടായി. ഇതോടെ, റേഷൻ കടകളിൽ ആട്ടതേടിയെത്തുന്നവർ വെറും കൈയോടെ മടങ്ങുകയാണ്.

To advertise here,

ഓരോ താലൂക്കിലെയും ലഭ്യതയനുസരിച്ച് ഒരു കിലോമുതൽ രണ്ടുകിലോ വരെ ആട്ട ജനുവരിയിൽ നീല, വെള്ള കാർഡുകാർക്ക് ലഭിക്കുമെന്നാണ് ഭക്ഷ്യവകുപ്പ് കഴിഞ്ഞമാസം അറിയിച്ചിരുന്നത്. കൂടാതെ, കഴിഞ്ഞദിവസം കാർഡുടമകളുടെ ഫോണിലേക്കും ആട്ട ലഭിക്കുമെന്ന വിവരം എസ്.എം.എസ്. സന്ദേശമായും അയച്ചു. ഇതുകണ്ട് എത്തിയവരും ആട്ട കിട്ടാതെ തിരിച്ചുപോകുകയാണ്.

നീല, വെള്ള, കാർഡുകാർക്കു പുറമേ വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള എൻ.പി.ഐ. കാർഡിനും ഇത്തവണ ആട്ട അനുവദിച്ചിരുന്നു. പരാമവധി ഒരുകിലോയാണ് ഇവർക്ക് അനുവദിച്ചിരുന്നത്. മില്ലുകളിൽനിന്ന് ആട്ട പാക്കറ്റുകൾ ഗോഡൗണുകളിൽപ്പോലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

ജില്ലയിലെ 6.2 ലക്ഷം കാർഡുടമകളിൽ ഒരുലക്ഷം പേർ ഇതിനകം ജനുവരിയിലെ റേഷൻ വാങ്ങിക്കഴിഞ്ഞു. ആട്ട എത്തിയാൽ ഇവർ വീണ്ടും അതു വാങ്ങാനായി റേഷൻ കടകളിലെത്തേണ്ടിവരും. നിലവിൽ ആട്ട എപ്പോൾ വരുമെന്ന് റേഷൻ കടക്കാർക്കും ഉറപ്പില്ല.

ഗോതമ്പിന്റെ ലഭ്യത കുറഞ്ഞതോടെ ഏതാനും വർഷം മുൻപാണ്‌ നീല, വെള്ളക്കാർഡുകാർക്കുള്ള ആട്ടവിഹിതം നിർത്തലാക്കിയത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിലുള്ള മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമാണ് ഏറെക്കാലമായി ആട്ട നൽകിയിരുന്നത്. നിലവിൽ ഈ വിഭാഗങ്ങളുടെ ആട്ടമാത്രമാണ് റേഷൻ കടകളിൽ സ്റ്റോക്കുള്ളത്. ഓരോ വിഭാഗങ്ങളുടെയും ആട്ടയുടെ വില വ്യത്യസ്തമായതിനാൽ വകമാറ്റി നൽകാനും കഴിയാത്ത സ്ഥിതിയിലാണ് റേഷൻ വ്യാപാരികൾ.

മഞ്ഞക്കാർഡുകാരുടെ ആട്ടയ്ക്ക് ഏഴുരൂപയും പിങ്ക് കാർഡുകാരുടേതിന് ഒൻപതുരൂപയുമാണ് നിരക്ക്. നീല, വെള്ള, എൻ.പി.ഐ. കാർഡുകാരുടേതിനു 17 രൂപയുമാണ് നിരക്ക്. അതേസമയം തിങ്കളാഴ്ച ആട്ടയെത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ. മായാദേവി പറഞ്ഞു.