
കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ മരം കടപുഴകിവീണ് ഗതാഗത തടസ്സം. കോഴിക്കോട്ടും ആലുവയിലുമാണ് ട്രാക്കിൽ മരംവീണത്. നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു.
കോഴിക്കോട് കല്ലായി-ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് റെയില്‍വേ ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ കടപുഴകിവീണു. ഇതോടെ റെയില്‍വേയുടെ വൈദ്യുതലൈൻ പൊട്ടിവീണു. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു.
തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്, കണ്ണൂർ-ഷൊർണൂർ മെമു എന്നീ ട്രെയിനുകൾ ഈ കാരണത്താൽ വൈകി. രാത്രി പത്തോടെയാണ് കോഴിക്കോട്ട് നിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ കാറ്റില്‍ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നിട്ടുണ്ട്.

ആലുവ ചൂർണ്ണിക്കര അമ്പാട്ടുകാവിന് സമീപം കൂറ്റന്‍ ആല്‍മരം കടപുഴകി വീണാണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടത്. രാത്രി എട്ടരയോടെയാണ് സംഭവം. അമ്പാട്ടുകാവ് ചുമട്ടു തൊഴിലാളി യൂണിയൻ ഓഫീസിന് പിൻവശത്തെ മരമാണ് മറിഞ്ഞു വീണത്. റെയിൽവേ ട്രാക്കിലെ രണ്ട് ഇലക്ട്രിക് ലൈനുകൾ പൊട്ടി. ഇതോടെ റെയില്‍വേ ട്രാക്കിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
തിരുവനന്തപുരം-നാഗർകോവിൽ നോർത്ത് പാസഞ്ചർ എക്സ്പ്രസ് റദ്ദ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് രാത്രി 7.25ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് വൈകി 9.05-ന് ആയിരിക്കും ചൊവ്വാഴ്ച പുറപ്പെടുക. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.50-ന് പൂനയിലേക്ക് പുറപ്പെടുന്ന പൂർണ വീക്കിലി എക്സ്പ്രസ് വൈകി 9.15-നാണ് യാത്ര ആരംഭിക്കുക.
Content Highlights: Strong winds caused trees to fall on the railway track between Kallayi and Feroke in Kozhikode
Published: 26 May 2025, 09:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented