തിരുവനന്തപുരം: പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം നികത്താനും പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ. മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുമെന്ന് അറിയിച്ച അഞ്ച് പരിഷ്കാരങ്ങൾ ഇവയാണ്:
- സ്പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം: സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്വത്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങൾ സർക്കാർ പോർട്ടലിൽ ലഭ്യമാക്കും. ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമ്മിതികൾ, റോഡുകൾ, അണക്കെട്ടുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയുൾപ്പെടെ ഉൾപ്പെടുത്തും.
- പ്ലാൻ സ്‌പേസ് 2.0 (പ്രൊജക്ട് രജിസ്റ്റർ): വിവിധ വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യും. ഇതിനായി ജി.ഐ.എസ്. അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റർ മൊഡ്യൂൾ ഉൾപ്പെടുത്തി നിലവിലുള്ള 'പ്ലാൻ സ്‌പേസ് 2' വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്ന സ്ഥലം, ഏജൻസികൾ, അനുമതി നൽകുന്ന അധികാരികൾ, ഫണ്ടിന്റെ സ്രോതസ്സ്, നിർമ്മാണ ഘട്ടങ്ങൾ എന്നിവയെല്ലാം പ്രൊജക്ട് രജിസ്റ്ററിൽ ഉണ്ടാകും.
- ഗവൺമെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രി: സർക്കാരിന് കീഴിൽ 591 സ്ഥാപനങ്ങളുണ്ട്. 19,000 കോടിയോളം രൂപയാണ് ഇവയുടെ ശമ്പളയിനത്തിൽ ചെലവാകുന്നത്. പല കാലങ്ങളിലായി രൂപീകരിച്ച സ്ഥാപനങ്ങളിൽ പലതും ലക്ഷ്യം കൈവരിച്ചശേഷവും പ്രവർത്തനം തുടരുകയാണ്. ഇവയുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തുകയും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കുകയും ചെയ്യും.
- കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി: കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ സമഗ്രമായി അവലോകനംചെയ്ത് ഭേദഗതി വരുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും.
- ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം: സംരംഭകർക്ക് കേരള സർക്കാരുമായുള്ള ഇടപാടുകൾ ലളിതമാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവൽകരിക്കുന്ന സംസ്ഥാനതല പ്രോസസ്സ് റീ-എൻജിനീയറിങ് പരിപാടിയാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവന നടപടികൾ കൂടുതൽ ലളിതമാക്കും.
കേന്ദ്ര ലേബർ കോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളുമായും സംസാരിക്കുമെന്നും അതിനുശേഷം മാത്രമേ തുടർതീരുമാനങ്ങളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. ബ്രഹ്മോസ് എയറോസ്‌പേസ് പ്രോജക്ടിന് നൽകാൻ ബാക്കിയുള്ള 90 ഏക്കർ ഭൂമി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം നിലവിലുള്ള 35 കോടി രൂപയിൽനിന്ന് 60 കോടി രൂപയായി ഉയർത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ജി. ശശീന്ദ്രനെയും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ (KSCSTE) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഡോ. കെ.കെ. രാമചന്ദ്രനെയും നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: Implementation of Asset Management Digital Platform, Launch of Plan Space 2.0 for project efficiency, Creation of a comprehensive asset register for government buildings, Audit of 591 government institutions, Strategic move to minimize treasury losses and project delays
Published: 29 Jul 2026, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented