ആലപ്പുഴ: പി.എസ്.സി. റാങ്കുപട്ടിക നിലവിലിരിക്കേ ഗ്രാമപ്പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരെ വീണ്ടും നിയമിക്കാൻ നീക്കം. 505 പേരെ കരാറടിസ്ഥാനത്തിൽ നിയമിക്കാനാണു ശ്രമം. ഇതിന് അനുമതി തേടിയുള്ള ഫയൽ മന്ത്രി കെ.എം. ഷാജിയുടെ പരിഗണനയ്ക്കെത്തി.
എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ഹെൽത്ത് ഇൻസ്പെക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ മുൻസർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 941 ഗ്രാമപ്പഞ്ചായത്തുകളിലും ഒരു വർഷത്തെ കരാറിൽ നിയമിച്ചു. സർക്കാരിന്റെ അവസാനകാലത്ത് 436 പേരെക്കൂടി നിയമിച്ചാണ് 941 നിയമനവും പൂർത്തിയാക്കിയത്.
436 പേരെ നിയമിക്കുമ്പോഴേക്കും പി.എസ്.സി. റാങ്കുപട്ടിക വന്നിരുന്നു. അതു മറികടന്നായിരുന്നു താത്കാലിക നിയമനം. യു.ഡി.എഫ്. സർക്കാർ വരുമ്പോൾ റാങ്കുപട്ടികയിൽനിന്നു നിയമനമുണ്ടാകുമെന്നാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിച്ചത്.
2025 ജൂൺ 26-ലെ ഉത്തരവുപ്രകാരം നിയമിച്ച 505 പേരുടെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കരാർ നിയമനത്തിന് അനുമതി തേടിയുള്ള ഫയൽ മന്ത്രിയുടെ ഓഫീസിലെത്തിയത്. പി.എസ്.സി. റാങ്കുപട്ടികയിൽ 1,792 പേരുണ്ട്. ജനുവരി ഒന്നിനു നിലവിൽ വന്നതാണിത്. ഇതിൽനിന്ന് 127 പേരെ മാത്രമാണു നിയമിച്ചത്.
പി.എസ്.സി. റാങ്കുപട്ടികയുണ്ടെങ്കിൽ താത്കാലിക നിയമനം ഇതിൽനിന്നു വേണമെന്നാണു ചട്ടം. അല്ലെങ്കിൽ, പി.എസ്.സി.യുടെ അനുമതിയോടെയേ നിയമനം പാടുള്ളൂ എന്ന വ്യവസ്ഥയുമുണ്ട്. ഇതെല്ലാം മറികടന്നാണ് കരാർ നിയമന നീക്കം. ഇതിനായി താത്കാലികമായി നിയമിച്ചവരുടെ സംഘടന രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഫയൽനീക്കം വേഗത്തിലാകാനുള്ള കാരണവും ഇതാണെന്നാണ് റാങ്കുപട്ടികയിലുള്ളവർ പറയുന്നത്.
മാലിന്യനീക്കം, വിവിധ സംരംഭങ്ങൾക്കു ലൈസൻസ് നൽകൽ, ഹെൽത്ത് കാംപെയ്നുകൾ, ഹരിതമിത്രം ആപ്പുകളുടെ പ്രവർത്തനം എന്നിവയ്ക്കായി ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ടാണ് നീക്കം. സ്ഥിരനിയമനം നടത്തിയാൽ തദ്ദേശസ്ഥാപനങ്ങൾക്കു ബാധ്യതയാകുമെന്ന ആശങ്കയും പിന്നിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Content Highlights: Government proposal to hire 505 Health Inspectors on contract basis., Active PSC rank list with 1,792 candidates exists as of January 2026., Only 127 candidates appointed from the current PSC rank list so far., Violation of PSC norms regarding temporary appointments while rank lists are active., Concerns over financial liability for local self-government institutions.
Published: 01 Jul 2026, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented