തിരൂർ: യു.ഡി.എഫ്. സർക്കാർ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നില്ലെന്നും പ്രവാസികളുടെ പെൻഷൻ മുടങ്ങിയെന്നും പ്രവാസികൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണാധികാരിയാണ് കേരളത്തിലുള്ളതെന്നും മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് തിരൂർ ടൗൺ ഹാളിൽ നടത്തിയ 'പ്രവാസം പുതിയ മുഖം, പ്രവാസി ജീവിതങ്ങളുടെ ഭാവി' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

കുടിയേറ്റക്കാരെ വിദേശത്തും ഇന്ത്യയിലും ശത്രുക്കളായി കാണുന്നു. കുടിയേറ്റക്കാരെ നേരിടാൻ രാജ്യാതിർത്തികൾ ചില രാജ്യങ്ങൾ അടയ്ക്കുന്നു. വർഗീയ അധിക്ഷേപങ്ങൾ നടത്തുന്നു. വലതുപക്ഷ സർക്കാറുകൾ എല്ലാ കുറ്റങ്ങളും കുടിയേറ്റക്കാരുടെ മേലിൽ കെട്ടിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണനയം പ്രവാസികളെ വളരെയധികം ബാധിക്കുന്നു. ഇതു കാരണംപ്രവാസികൾക്ക് തൊഴിൽ അരക്ഷിതാവസ്ഥയിലായി. മാറുന്ന തൊഴിൽ നിയമങ്ങൾ പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കി. ഇടതു പക്ഷ സർക്കാർ പ്രവാസികൾക്ക് വേണ്ടി ബദൽ ഉയർത്തിപ്പിടിച്ചു. പ്രവാസ ലോകത്തിന്റെ പ്രശ്‌നങ്ങൾ സർക്കാർ മനസിലാക്കി പരിഹരിക്കാൻ മുന്നോട്ടു പോയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിതാശ്വാസം ഏകോപിപ്പിക്കാൻ കേരളത്തിന് സ്ഥിരം റവന്യൂ സെക്രട്ടറിയില്ല. ഏഴു വകുപ്പുകൾ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യുന്നു. വകുപ്പുകളിൽ ഏകോപനമില്ലായ്മയുണ്ട്. മന്ത്രിമാർക്ക് ഓരോരുത്തർക്ക് വ്യത്യസ്ത അഭിപ്രായം. ഓരോരുത്തരും ഒരോന്നു പറയുന്ന മന്ത്രിസഭയാണിതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സെമിനാറിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസ് അധ്യക്ഷത വഹിച്ചു.

പ്രവാസികളില്ലായിരുന്നുവെങ്കിൽ നമ്മുടെ സ്വാശ്രയ കോളേജുകൾ എന്നേ പൂട്ടിപ്പോകുമായിരുന്നുവെന്നും നമ്മുടെ നവോഥാന സങ്കൽപ്പങ്ങളെ നെഞ്ചോട് ചേർത്ത് വെക്കാൻ പ്രവാസികളും അവരുടെ സംഘടനയും വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണെന്നും പ്രവാസി സംഘത്തെ ഉയർത്തി കൊണ്ടുവരാൻ ഇടതുപക്ഷ സർക്കാർ ശ്രമിച്ചുവെന്നും മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ക്ഷേമ പെൻഷൻ മുടങ്ങുമെന്നതിന്റെ ആദ്യ വെടിയാണ് പെൻഷൻ ബാങ്കിലേക്ക് മാറ്റിയതെന്നും മുസ്ലീം ലീഗ് മതം പറഞ്ഞ് ഭിന്നിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലീഗ് രണ്ടു കുപ്പായം അണിയുന്നു. പ്രതിപക്ഷത്ത് വർഗീയ കുപ്പായവും ഭരണപക്ഷത്ത് മതേതരത്വ കുപ്പായവും. നോർക്ക വകുപ്പ് എന്തേ മുസ്ലീം ലീഗ് വാങ്ങാത്തത്. പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാനില്ലെന്നുള്ളതുകൊണ്ടാണ് വാങ്ങാത്തതെന്നും കെ.ടി. ജലീൽ പറഞ്ഞു.

പ്രവാസികൾ സാമൂഹിക നവോത്ഥാന പോരാട്ടത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ജീവകാരുണ്യ പ്രവർത്തനത്തിൽ പ്രവാസി സംഘടനകൾ മുൻപന്തിയിലാണെന്നും സാംസ്‌കാരിക മേഖലയിലും വിലപ്പെട്ട സംഭാവന നൽകുന്നുവെന്നും കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു. പ്രവാസ ജീവിതം മാനവികതയുടെ ഉദാത്തമായ തലമാണ്. പ്രവാസ ജീവിതം നാടിന് നൽകിയ സേവനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, പ്രവാസി സംഘംസംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറർ കെ.സി. സജീവ് തൈക്കാട്, അഡ്വ. പി. ഹംസ കുട്ടി, ടി. ഷാജി, സി.പി. റസാക്ക് എന്നിവർ സംസാരിച്ചു.

സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രവാസി സംഘം സ്ഥാപക ഭാരവാഹിയായിരുന്ന ആലത്തിയൂർ സൈനുദ്ധീൻ ബാവ ഹാജിയുടെ വസതിയിൽ നിന്നും പതാക സംഘാടക സമിതി വൈസ് ചെയർമാൻ സി.കെ. കൃഷ്ണദാസ് ഏറ്റുവാങ്ങി. തുടർന്ന് ഉസ്മാൻ പൂളക്കോട്ട് ക്യാപ്റ്റനും കെ.ടി.ഒ. ശിഹാബ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ ടൗൺ ഹാളിൽ എത്തി. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി. ലില്ലീസ് പതാക ഏറ്റുവാങ്ങി ഉയർത്തി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.