തൃശ്ശൂര്‍: ഒന്നരവയസ്സുമാത്രമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് യുവതിക്കെതിരേ കള്ളപ്പരാതി നല്‍കിയ ഭര്‍ത്താവിനെതിരേ നടപടിയെടുക്കാതെ പോലീസ്. തെറ്റാണെന്നു തെളിഞ്ഞാല്‍ പരാതിക്കാരനെതിരേ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദേശം അവഗണിക്കുകയാണ് പോലീസ്.

To advertise here,

പീഡനം ഉണ്ടായില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ജൂണ്‍മാസത്തോടെ കോടതി കേസ് അവസാനിപ്പിച്ചിട്ടും പോലീസ് മറ്റു നടപടികളിലേക്ക് കടന്നില്ല. ഇതിനെതിരേ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും പോലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ല.

2025 ഫെബ്രുവരി 28-നാണ് ഈ കേസില്‍ ഹൈക്കോടതിയില്‍നിന്നും നിര്‍ദേശമുണ്ടാകുന്നത്. യുവതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇത്. കേസ് പൂര്‍ത്തിയാക്കി കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയാല്‍ പരാതിക്കാരനെതിരേ നടപടിയെടുക്കാനായിരുന്നു നിര്‍ദേശം.

ഇത്തരമൊരു കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തതില്‍ ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വൈവാഹിക തര്‍ക്കങ്ങളുടെ പോക്ക് നാടിനാകെ നാണക്കേടുണ്ടാക്കുന്ന രീതിയിലാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.