തൃശ്ശൂർ: ഗുരുവായൂരിൽ 76-കാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി നിയമവിരുദ്ധമായി പോലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗികാതിക്രമത്തിനിരയായി എന്നതുൾപ്പെടെ വെളിവാകുന്ന മൊഴിയുടെ വീഡിയോ ഗുരുവായൂരിലെ പൊതു വാട്‌സാപ്പ് ഗ്രൂപ്പിലാണ് പോലീസ് പങ്കുവെച്ചത്. അടുപ്പമുള്ള വ്യക്തികൾക്കും നേരിട്ടും അയച്ചു. മണിക്കൂറുകൾക്കുള്ളിൽ ഓൺലൈൻ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വീഡിയോ വ്യാപകമായി പ്രചരിച്ചു. സ്ത്രീക്കെതിരേ വളരെ മോശം പരാമർശങ്ങൾ നടത്തിക്കൊണ്ടുള്ളതാണ് മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെ മൃതദേഹത്തെപ്പോലും അപമാനിക്കാൻ ഇത് വഴിയൊരുക്കി.

To advertise here,

1.52 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പോലീസ് ചോദ്യം ചോദിക്കുന്നതും മറുപടി ഉച്ചത്തിൽ പറയാൻ ആവശ്യപ്പെടുന്നതും കേൾക്കാം. സ്ത്രീയുടെ പേരുവിവരവും ഫോട്ടോയുമടക്കം പോലീസ് പുറത്തുവിട്ടത് ഗുരുതരപിഴവാണ്. വീഡിയോ പിന്നീട് ഗ്രൂപ്പുകളിൽനിന്ന് നീക്കംചെയ്‌തെങ്കിലും അതിനകം വ്യാപകമായി പ്രചരിക്കുകയും കൊല്ലപ്പെട്ട സ്ത്രീക്കെതിരേ കടുത്ത രീതിയിൽ സൈബറാക്രമണമുണ്ടാവുകയും ചെയ്തു. ഇവർ ലൈംഗിക തൊഴിലാളിയാണെന്ന നിഗമനങ്ങളും പോലീസ് ആദ്യഘട്ടത്തിൽ സ്വകാര്യമായി പങ്കുവെച്ചിരുന്നു. ഇതിനെ പല ഓൺലൈൻ മീഡിയകളും പലവിധത്തിൽ വ്യാഖ്യാനിച്ചു. സ്ത്രീയെ സദാചാര വിചാരണയ്ക്കായി വിട്ടുകൊടുക്കുന്നതായി ഇതെന്ന വിമർശനം ഉയരുന്നുണ്ട്.

വീട്ടുജോലി ചെയ്തു ജീവിതം പുലർത്തിയിരുന്ന സ്ത്രീ ഭജന ഇരിക്കാനാണ് ഗുരുവായൂരിലെത്തിയത്. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലും പരിസരത്തുമായി കഴിഞ്ഞിരുന്ന ഇവരെ പരിചയപ്പെട്ട പെരുമ്പാവൂർ സ്വദേശി സി.എസ്. സുരേഷ് കുമാർ (55) തന്റെ താമസസ്ഥലത്തെത്തിക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനുള്ള ശ്രമത്തിനിടെ തലയ്ക്കു പരിക്കേറ്റു ബോധം നഷ്ടപ്പെട്ട സ്ത്രീ മരിച്ചുവെന്നു കരുതി സുരേഷ് വീടിനോടുചേർന്ന കിണറിൽ കല്ലിൽകെട്ടി താഴ്ത്തിയെന്നാണ് കേസ്. രണ്ടുദിവസം കഴിഞ്ഞ് മദ്യപിക്കുന്നതിനിടെ ഇയാൾ സുഹൃത്തുമായി വിവരം പങ്കുവെച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ശ്വാസകോശത്തിൽ വെള്ളംകയറിയാണ് മരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.