കോഴിക്കോട്: പ്രതിസന്ധികൾക്കിടയിലും സ്നേഹത്തിന്റെ മാതൃകതീർത്ത് മുക്കത്തെ മുപ്പതോളം സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും. നവംബർ രണ്ടിന് ബസുകളുടെ സ്നേഹയാത്രയിലെ വരുമാനം ചെന്നെത്തുക എസ്.എം.എ. ടൈപ്പ്-2 രോഗം ബാധിച്ച കോഴിക്കോട് കല്ലുരുട്ടിയിലെ മൂന്നുകുരുന്നുകളുടെ ചികിത്സാഫണ്ടിലേക്ക്.

To advertise here,

പൂവത്തേരിച്ചാലിൽ വീട്ടിൽ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നീ കുരുന്നുകളുടെ ചികിത്സയ്ക്കായുള്ള കാരണ്യയാത്രയുടെ പ്രഖ്യാപനം വ്യാഴാഴ്ച മുൻ എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിച്ചു.

തയ്യിൽ, വീ ഫോർ, അമ്പാടി, നിയ, ശ്രീരുദ്ര, ഫ്രണ്ട്‌സ്, ഫവാസ്, ഇ.എം.എസ്., പഞ്ചാബി, അനുഗ്രഹ, അസാരോ, സൗപർണിക, കെ.ബി.ടി., മഞ്ജു തുടങ്ങിയ ബസുകളാണ് കാരുണ്യയാത്രയിൽ പങ്കുചേരുക. ഇന്ധനച്ചെലവ് കിഴിച്ച് ജീവനക്കാരുടെ ശമ്പളമടക്കം സഹായധനത്തിലേക്ക് നൽകും.

കൗൺസിലർ ഹനീഫ് മുഹമ്മദ്, പി.സി. മുഹമ്മദ് ഇലിയാസ്, കെ. ബൈജു, നിഖിൽ ജെയ്‌സൺ, റഫീസ് തുടങ്ങിയവർ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു. അതിനിടെ കാസർകോട് ചട്ടഞ്ചാൽ-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ‘ഹുദാ’ ബസ് ഒൻപത് ട്രിപ്പുകളിലായി വ്യാഴാഴ്ച സമാഹരിച്ച 16,478 രൂപ കുട്ടികളുടെ ചികിത്സാഫണ്ടിലേക്ക് കൈമാറും.

ദുരന്തഭൂമിയിൽനിന്ന് അവരെത്തി; സാന്ത്വനവുമായി

‘ഇവ്ടെ സുഖല്യാത്ത മൂന്ന് കുട്ട്യോള്ണ്ട്ന്ന് അച്ഛൻ പറഞ്ഞ്. ഓരെ കാണാനും ഓര്ക്ക് പൈസ കൊട്ക്കാനും വന്നതാ ഞങ്ങള്’ – തുളുവും മലയാളവും കലർന്ന ഭാഷയിൽ എൻഡോസൾഫാൻ രോഗബാധിതയായ റൈഷാന പറഞ്ഞു.

സ്വന്തം ജീവിതത്തിലെ തീരാനോവുകൾക്കിടയിലും കുരുന്നുകൾക്ക് കൈത്താങ്ങാവാൻ കാസർകോടുനിന്ന് എത്തിയതായിരുന്നു പെരള നവജീവന സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളായ റൈഷാന, മുഹമ്മദ് റഫീഖ്, മർസാദ്, സുഷാന്ത്, പാർവതി എന്നിവർ.

അധ്യാപകരുടെ സഹായത്തോടെ സഹപാഠികൾക്കിടയിൽനിന്ന്‌ ഉൾപ്പെടെ സ്വരൂപിച്ച നാൽപ്പതിനായിരത്തോളം രൂപ നേരിട്ട് കൈമാറണമെന്ന ആഗ്രഹം കുട്ടികൾ പങ്കുവെച്ചപ്പോൾ അധ്യാപകർ ഒപ്പംനിന്നു.

സ്കൂൾ മാനേജർ ഫാ. ജോസ് ചെമ്പോട്ടിക്കൽ, അധ്യാപികമാരായ സുമിത്ര, സിസ്റ്റർ സെസിൻ എന്നിവരും കുട്ടികളെ അനുഗമിച്ചു. രോഗബാധിതരായ കുട്ടികളുടെ ജീൻതെറപ്പിക്കും തുടർച്ചികിത്സയ്ക്കും 50 കോടി രൂപയാണ്‌ വേണ്ടത്. 11.17 കോടി രൂപയോളമാണ് ഇതിനകം അക്കൗണ്ടിൽ എത്തിയത്.
കൈകോർക്കാം നമുക്ക് 

അക്കൗണ്ട്: അരുൺ പി.ഡി.

അക്കൗണ്ട് നമ്പർ: 21360100162505.

ബാങ്ക്: ഫെഡറൽ ബാങ്ക് മുക്കം ശാഖ

ഐ.എഫ്.എസ്.സി: FDRL0002136

(ലിങ്കിലെ ക്യു.ആർ. കോഡ് സ്കാൻചെയ്തും പണമയക്കാം).