തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര സെപ്റ്റംബർ  ഒമ്പതാം തീയതി ചൊവ്വാഴ്ച വെള്ളയമ്പലത്തുനിന്ന് ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും. തലസ്ഥാനനഗരിയെ താളലയ- വിസ്മയങ്ങളിൽ ആറാടിച്ചുകൊണ്ട് ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കും. 

To advertise here,

ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് വെള്ളയമ്പലത്തെ മാനവീയംവീഥിയിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് അമ്പത്തിയൊന്ന് കലാകരന്മാർ ശംഖനാദം മുഴക്കുകയും തുടർന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകൾ തയാറാക്കുന്ന അറുപതോളം ഫ്ളോട്ടുകൾ ഘോഷയാത്രയുടെ പ്രത്യേകതയാണ്. 

തൊണ്ണൂറ്റിയൊന്ന് ദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും. നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലാ രൂപങ്ങളും ഘോഷ യാത്രയിൽ ഒത്തുചേരും. കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും പ്‌ളോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും.