
തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന ഭാഗത്ത് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കും. ദേശീയപാതാ അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവിനോട്, കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വിശദീകരിച്ചത്. ആറുമാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ ആവശ്യപ്പെട്ടു. തകർന്ന നിർമിതി പൊളിച്ചുമാറ്റിയശേഷമേ നിർമാണം ആരംഭിക്കാൻ കഴിയൂ. ഇതിന് കമ്പനി സാവകാശം തേടി.
മണ്ണുപരിശോധനാ റിപ്പോർട്ട് പരിഗണിച്ചശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. ഈ ശുപാർശ ദേശീയപാതാവിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ, മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അപ്രോച്ച് റോഡിന്റെ വീതികുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്ക് വീതികൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിന് ഇടയാക്കിയെന്നാണ് നിഗമനം.
കൺസൾട്ടൻസി പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. കെഎൻആർസിഎല്ലിനുപുറമേ മറ്റുഭാഗങ്ങളിൽ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയർമാനെ കണ്ടു. വിവിധപദ്ധതികളുടെ പ്രോജക്ട് ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തു. 20 പദ്ധതികളാണ് അവലോകനംചെയ്തത്.
വൈകുന്നത് തെക്കൻ ജില്ലകളിലെ നിർമാണം
പറവൂർ-കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-കൊല്ലം, കൊല്ലം-കടമ്പാട്ടുകോണം, കടമ്പാട്ടുകോണം-കഴക്കൂട്ടം, തുറവൂർ-പറവൂർ എന്നീ തെക്കൻ റീച്ചുകളിൽ നിർമാണം വൈകുന്നത് യോഗത്തിൽ ചർച്ചയായി. ജങ്ഷനുകളിലെ ഡിസൈനുകളിൽ പൊതുജനങ്ങളുടെ എതിർപ്പുകാരണം മാറ്റംവരുത്തിയതും മണൽക്ഷാമവും പദ്ധതി വൈകിപ്പിച്ചെന്ന മറുപടിയാണ് കരാറുകാർ നൽകിയത്. തിരുവനന്തപുരംമുതൽ എറണാകുളംവരെയുള്ള മേഖലകളിലെ നിർമാണപുരോഗതി ദേശീയപാതാവിഭാഗത്തിൽ സംസ്ഥാനചുമതലയുള്ള ബോർഡ് അംഗം വെങ്കിട്ടരമണ ചൊവ്വാഴ്ച പരിശോധിക്കും.
ചീഫ് സെക്രട്ടറിയെ കണ്ടു
സന്തോഷ്‌കുമാർ യാദവ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെയും കണ്ടു. വീഴ്ചകളും നിർമാണപുരോഗതിയും അദ്ദേഹം വിശദീകരിച്ചു. അപാകങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. മഴ മാറിയാൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.
Content Highlights: Elevated Road to Replace Collapsed Section of Kerala's National Highway
Published: 03 Jun 2025, 06:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented