
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത റീച്ചുകളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടിയിൽ വിവാദം കത്തുകയാണ്. സിപിഎം, ബിജെപി പക്ഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പരസ്പരം ഏറ്റുമുട്ടുകയും ഇരുപക്ഷത്തെയും നേതാക്കളുടെ പഴയ നിലപാടുകൾ ചൂണ്ടിക്കാട്ടി പരസ്പരം വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ബിജെപി മുൻ സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രന്റെ 2016-ലെ ഫേയ്‌സ്ബുക്ക് പോസ്റ്റും ചിലർ ഉയർത്തിക്കൊണ്ടുവരുന്നത്.
ദേശീയപാതാ വികസനത്തിൽ സുപ്രധാന പങ്കുള്ള, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഉദ്ഘാടനപരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നതാണ് ഇപ്പോഴത്തെ വിമർശനത്തിന് കാരണം. എന്നാൽ, ദേശീയപാതാ നിർമാണം കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബിജെപി പക്ഷം ഇതിനെ നേരിടുന്നത്. ഈ വിമർശനത്തെ പ്രതിരോധിക്കുന്നതിനാണ് ഇടതുപക്ഷം ഇപ്പോൾ കെ. സുരേന്ദ്രന്റെ പ്രസ്താവന കുത്തിപ്പൊക്കിയിരിക്കുന്നത്. പിണറായിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നാണ് ദേശീയപാതാ വികസനമെന്നും ഇത് വിജയിപ്പിക്കാൻ കഴിഞ്ഞാൽ പിണറായി നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാമെന്നുമായിരുന്നു സുരേന്ദ്രന്‍റെ കുറിപ്പ്. അത് ഇങ്ങനെയായിരുന്നു:
'മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ (ഉടനെ വരുന്നത്) ദേശീയപാതാ വികസനവും ഗെയിൽ വാതക പൈപ്പ്‌ലൈൻ പൂർത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം. അതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തി രെഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നിൽ കേരളത്തിലെ മുസ്ലിം പൊളിറ്റിക്‌സിന്റെ സ്വാധീനം ചെറുതല്ല. മുസ്ലിം ലീഗ് യുഡിഎഫിൽ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്‌സിന്റെ വക്താക്കളായ എസ്.ഡി.പി.ഐ, ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികൾ, സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്. അതുവഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവർ നികത്തിയത്. ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, ഗെയിൽ സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്‌സാണ്. സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്. അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ? ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താൽ ഈ സംഘടിത ശക്തികൾ ഇടതു പക്ഷത്തിനു നൽകുന്ന പിന്തുണ എന്താകും? ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും....'
ദേശീയപാതാ വികസനത്തിനും ഗെയിൽ പൈപ്പ് ലൈൻ പൂർത്തീകരണത്തിനും തടസ്സമായി നിൽക്കുന്നത് മുസ്ലിം വിഭാഗത്തിന്‍റെ രാഷ്ട്രീയമാണെന്നും അതിനെ മറികടക്കുക എന്നത് പിണറായിക്ക് അസാധ്യമാണെന്നും സൂചിപ്പിക്കുന്ന കുറിപ്പിൽ, അത് സാധിച്ചാൽ പിണറായിയുടെ നേട്ടമായിരിക്കുമെന്നും പറയുന്നു. ദേശീയപാതാ വികസനം പൂർത്തീകരിച്ചാൽ അതിന്റെ ക്രെഡിറ്റ് പൂർണമായും പിണറായിക്ക് നൽകുന്നതാണ് സുരേന്ദ്രന്റെ കുറിപ്പ്. ഈ പോസ്റ്റാണ് ഇപ്പോൾ ഇടതുപക്ഷ ഹാൻഡിലുകൾ ഉയർത്തിക്കൊണ്ടുവരുന്നത്.
ദേശീയപാത നിർമാണത്തിന്റെ സകല ഉത്തരവാദിത്വവും കേന്ദ്രത്തിനു കീഴിലുള്ള ദേശീയപാതാ അതോറിറ്റിക്കാണെന്നായിരുന്നു കഴിഞ്ഞവർഷം മേയിൽ മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറം കൂരിയാട്ട് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഭാഗങ്ങൾ തകർന്നത് വലിയ വിവാദമായ സാഹചര്യത്തിലായിരുന്നു ആപ്രതികരണം. ദേശീയപാതയുടെ തകർച്ചയിൽ സംസ്ഥാനസർക്കാരിനോ പൊതുമരാമത്തുവകുപ്പിനോ ഉത്തരവാദിത്വമില്ലെന്നും എല്ലാ ജോലികളും നിർവഹിക്കുന്നത് ദേശീയപാതാ അതോറിറ്റിയാണെന്നും 'അ'മുതൽ 'ക്ഷ'വരെയുള്ള ഉത്തരവാദിത്വം അവർക്കാണെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. 2025-ലെ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന ഉയർത്തിക്കാണിക്കുന്നവരെ പ്രതിരോധിക്കാനാണ് ഇപ്പോൾ കെ. സുരേന്ദ്രന്റെ പഴയ പ്രസ്താവനയും മറുപക്ഷം പൊടിതട്ടിയെടുത്തിരിക്കുന്നത്.
Published: 11 Mar 2026, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented