കോട്ടയ്ക്കൽ: നൂറുകിലോമീറ്ററോളം വേഗത്തിൽ സുഖമായി വാഹനം ഓടിക്കാവുന്ന വിധം തടസ്സങ്ങളേതുമില്ലാതെ നീണ്ടുനിവർന്നു കിടക്കുകയാണ് എൻ.എച്ച് 66. പക്ഷേ, തലങ്ങും വിലങ്ങും ലൈൻ മാറിയും തോന്നുംപടി കയറിയിറങ്ങിയും പായുന്ന വണ്ടികളുമാണ് വഴി നിറയെ. ചിലയിടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകളും. ഇതിനിടയിലൂടെ റോഡ് നൂണ്ടു കടന്നുപോകുന്ന ആളുകളും!. അതിജാഗ്രതയോടെ ഓടിച്ചുപോയാലും അപകടം വന്നുകയറും വിധമാണ് ആറുവരിപ്പാതയിലെ ഗതാഗതം.

To advertise here,

വെള്ളിയാഴ്ച രാവിലെ കുറ്റിപ്പുറം അയിങ്കലത്ത് രണ്ടു ചരക്കുലോറികൾ ഹൈവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. ഒന്നാംലൈനിലേക്ക് പകുതിയോളം കയറിയാണ് വണ്ടികളുടെ കിടപ്പ്. സമാന കാഴ്ചകൾ പലയിടത്തും കണ്ടു. സാവധാനം പോകുന്ന ഭാരവണ്ടികൾ ഒന്നാം ട്രാക്കിലൂടെ പോകണമെന്നാണ് ചട്ടം. എന്നാൽ, ഇതൊന്നും നോക്കാതെ രണ്ടാം ട്രാക്കിലൂടെ കയറി ഓടും.

മായയായി സർവീസ് റോഡ്

സർവീസ് റോഡ് ചിലയിടങ്ങളിലെത്തുമ്പോൾ പൊടുന്നനെ ഇല്ലാതാകും. അവിടെയെത്തിയാൽ വാഹനങ്ങൾക്ക് ഹൈവേയിലേക്ക് കയറുകയേ നിവൃത്തിയുള്ളൂ. പന്തേപ്പാലത്തിനും അയങ്കലത്തിനുമിടയിൽ രണ്ടുകിലോമീറ്ററോളം ഇങ്ങനെ സർവീസ് റോഡില്ല.

കയറുന്നതും ഇറങ്ങുന്നതും തോന്നുംപോലെ

എക്‌സിറ്റിലൂടെ കയറുന്നതും എൻട്രിയിലൂടെ പുറത്തേക്കിറങ്ങുന്നതും പലയിടത്തും കാണാം. ഈ ഭാഗം വേർതിരിക്കാൻ വെച്ച നിരക്കുറ്റികൾ മിക്കയിടത്തും വാഹനം കയറി ഒടിഞ്ഞനിലയിലാണ്.

മിന്നൽ വേഗത്തിൽ അപകടങ്ങളിലേക്ക്

ഇക്കഴിഞ്ഞ ജൂലായ് 26-ന് കുറ്റിപ്പുറത്ത് സ്വകാര്യബസ് ഡിവൈഡറിനു മുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തിന്റെ ഭയാനകദൃശ്യം മറക്കാനാവില്ല. മഴപെയ്യുന്ന സമയത്ത് ആറുവരിപ്പാതയിൽ പലയിടത്തും വെള്ളക്കെട്ട് പതിവ്. ഇങ്ങിനെയൊരു വെള്ളക്കെട്ടിലൂടെ അതിവേഗത്തിൽ പാഞ്ഞപ്പോൾ ഹൈഡ്രോപ്ലെയിനിങ് മൂലം തെന്നിമറിഞ്ഞാണ് അപകടമെന്നാണ് മോട്ടോർ വാഹനവകുപ്പ് സ്ഥിരീകരിച്ചത്.

നിരന്തരം അപകടങ്ങൾ സംഭവിച്ചിട്ടുകൂടി ദേശീയപാതാവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, പോലീസ് തുടങ്ങിയവർ താക്കീതുനൽകിവിടുന്ന തരത്തിൽ പോലും പരിശോധനയ്ക്ക് തയ്യാറാവുന്നില്ല.

ക്യാമറയുണ്ട്; പിഴ വൈകും

ആറുവരിപ്പാതയിൽ ഡിവൈഡർ ചാടിക്കടക്കുന്നതുൾപ്പെടെയുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ ക്യാമറച്ചിത്രങ്ങൾ മോട്ടോർവാഹനവകുപ്പിനും പോലീസിനും കൈമാറാൻ തീരുമാനിച്ചാലുടൻ നിയമലംഘനത്തിന് പിഴയീടാക്കിത്തുടങ്ങും.

പി.പി.എം. അഷ്റഫ്, ദേശീയപാതാ വിഭാഗം ലെയ്സൺ ഓഫീസർ