
ദേശീയപാത 66-ആറുവരിപ്പാതയിലെ കുറ്റിപ്പുറം താലൂക്ക് അശുപത്രിക്ക് സമീപമുള്ള അത്താണി ബസാറും റെയിൽവേ മേൽപ്പാലത്തിന്റെ വടക്ക് ഭാഗവും സ്ഥിരം വാഹനാപകട കേന്ദ്രങ്ങളായി മാറുന്നു.
ആറുവരിപ്പാതയുടെ പണി പൂർത്തിയായതിനുശേഷം മാത്രം ഇവിടെ വലുതും ചെറുതുമായ 80-ൽപ്പരം അപകടങ്ങളുണ്ടായി. ഏറ്റവും ഒടുവിലത്തേതാണ് ഞായറാഴ്ചയുണ്ടായത്. മൂന്ന് ദിവസം മുൻപ് ഇതേ സ്ഥലത്ത് ഒരു കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞിരുന്നു.
ഒരുവരി ഇല്ലാതാകുന്നു, പെട്ടെന്ന്
ആറുവരിപ്പാതയുടെ വലത് ഭാഗത്തെ റോഡിലാണ് അപകടം ഏറെയും നടക്കുന്നത്. വളാഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ആറുവരിപ്പാത പഴയ റെയിൽവേ മേൽപ്പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ വലത് ഭാഗത്തെ മൂന്നുവരിപ്പാത രണ്ട് വരിപ്പാതയായി മാറുന്നുണ്ട്. മൂന്ന് വരിപ്പാതയിലൂടെ അമിതവേഗത്തിൽവരുന്ന വാഹനങ്ങൾ പെട്ടെന്ന് രണ്ടുവരിപ്പാതയിലേക്ക് മാറുന്നതിനിടെ നിയന്ത്രണംവിടുന്നതാണ് അപകടത്തിന് പ്രധാനകാരണം.
രണ്ട് വരിയിലേക്ക് മാറുമ്പോൾ വേഗം കുറയ്ക്കുന്നതിനിടെ മുൻപിലെ വാഹനത്തിന്റെ പിറകിൽ ഇടിക്കുന്നു. പുതിയ റെയിൽവേ മേൽപ്പാലം പ്രവർത്തനക്ഷമമാകുന്നതിന് മുൻപ് അത്താണി ബസാർ ഭാഗമായിരുന്നു അപകടമേഖല. ഇവിടെ അപകടങ്ങൾ ഏറിയപ്പോൾ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ പോലീസ് താത്കാലിക സംവിധാനമായി ആശുപത്രിപ്പടിയിലെ മേൽപ്പാലത്തിന് താഴെയായി നാല് വരികളായി പ്‌ളാസ്റ്റിക് വീപ്പകൾ സ്ഥാപിച്ചിരുന്നു. ഇവിടെ മുന്നറിയിപ്പ് സോളാർ വെളിച്ചവും സ്ഥാപിച്ചിരുന്നു. ഏതാനും മാസങ്ങൾ പിന്നിട്ടതോടെ വീപ്പകൾ ബഹുഭൂരിപക്ഷവും വാഹനങ്ങൾ ഇടിച്ച് തകർത്തു. സോളാർ ലൈറ്റും വാഹനങ്ങൾ തകർത്തു. ഇപ്പോൾ ഇവിടെ വേഗനിയന്ത്രണ സംവിധാനമില്ല.
ഹമ്പിന്റെ ഉയരം വർധിപ്പിക്കണം
താലൂക്ക് ആശുപത്രിയുടെ മുൻപിലൂടെ റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ആറുവരിപ്പാതയിലേക്കുള്ള സർവീസ് റോഡിന്റെ പ്രവേശനഭാഗത്ത് സ്ഥാപിച്ച ഹമ്പിന്റെ ഉയരം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ആറുവരിപ്പാതയിലേക്ക് സർവീസ് റോഡ് പ്രവേശിക്കുന്ന ഭാഗം താഴ്ചയിലാണ്. നിലവിൽ ഇവിടത്തെ ഹമ്പിന് ഉയരം കുറവായതിനാൽ ഇതുവഴി ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ വേഗതയിലാണ് പ്രവേശിക്കുന്നത്. ഇത് ആറുവരിപ്പാതയിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനു കാരണമാകുന്നുണ്ട്.
അഞ്ച് ദിവസത്തിനകം റിപ്പോർട്ട് -മന്ത്രി
കുറ്റിപ്പുറം ബസപകടം സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകും. ബസ് അമിതവേഗത്തിൽ ആയിരുന്നോ എന്നും റോഡിന്റെ നിർമാണത്തിൽ അശാസ്ത്രീയതയുണ്ടോ എന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് മൂന്നിരട്ടി നിരക്ക് നൽകി കേരളത്തിലേക്ക് വരേണ്ടത് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി. വാടകയ്ക്ക് ബസുകളെടുത്ത് ഓടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ബസുകൾ കിട്ടുന്നില്ല. ബസുകൾ വിട്ടുതരുന്നവർക്ക് അതത് ദിവസത്തെ കളക്ഷൻ തന്നെ നൽകും. ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഇത്തരത്തിൽ കരാറിന് തയ്യാറാണ്. ഇതിനെ സ്വകാര്യവത്കരണമെന്ന് പരാതിയുള്ളവർ അങ്ങനെ പറയട്ടെ എന്നും സി.പി. ജോൺ പറഞ്ഞു.
ആറുവരിപ്പാതയിൽ ഇനിയും മറക്കല്ലേ നിയമങ്ങൾ
ആറുവരിപ്പാതയിലൂടെ സഞ്ചരിക്കുമ്പോൾ അമിതവേഗതയും മഴനനഞ്ഞുകിടക്കുന്ന റോഡും കെട്ടിനിൽക്കുന്ന മഴവെള്ളവും തേഞ്ഞ ടയറുകളും തുടങ്ങി പലകാരണങ്ങൾ അപകടക്കെണിയായി മാറാം
മൂന്നുവരികളും ചീറിപ്പായാനല്ല
ദേശീയപാതയിൽ മൂന്നുവരികളിൽ ഇടതുഭാഗത്തേത് പതിയെ പോകുന്നവർക്കും ചരക്കുവാഹനങ്ങൾക്കും വേഗനിയന്ത്രണമുള്ള വാഹനങ്ങൾക്കുമുള്ളതാണ്. നടുവിലത്തേത് സാധാരണ വേഗതയിൽ പോകുന്നവർക്കും മൂന്നാമത്തേത് എമർജൻസി വിഭാഗത്തിനും ഓവർടേക്ക് ചെയ്യാനുമുള്ളതാണ്.
വളഞ്ഞുപുളഞ്ഞ് വരിമാറിക്കളിക്കൽ നമുക്കു മാത്രമല്ല പിറകിലുള്ളവരെയും അപകടത്തിലേക്കെത്തിക്കും. റോഡ് അടിപൊളിയായതുകൊണ്ട് നിങ്ങൾക്കിഷ്ടമുള്ള വേഗത്തിൽ ഓടിക്കരുത്. ഓടിക്കുന്ന വണ്ടിയുടെ വേഗപരിധിയും ഓർക്കണം. മഴക്കാലത്ത് വേഗം നന്നേകുറച്ച് പോകുന്നതാണ് നല്ലത്.
അറിയണം വഴികൾ
സർവീസ് റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക് കയറാനും ഇറങ്ങാനുമാണ് എൻടിയും എക്‌സിറ്റും. എൻട്രിയിലൂടെ പ്രവേശനംമാത്രമേ നടത്താവുൂ. വാഹനത്തിരക്കില്ലെങ്കിൽപ്പോലും അതുവഴി പുറത്തിറങ്ങാൻ ശ്രമിക്കരുത്. എക്‌സിറ്റിലൂടെ പുറത്തിറങ്ങുക.
പാടില്ല, ഈ വാഹനങ്ങൾ
ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടർ ഇവ ദേശീയപാതയിൽ കയറാൻ പാടില്ല. ഇത് സൂചിപ്പിക്കുന്ന സൂചനാബോർഡുകൾ എല്ലാ എൻട്രികളിലും സ്ഥാപിച്ചിട്ടുണ്ട്.
മുറിച്ചുകടക്കല്ലേ
ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കനോ റോഡരികിൽ കാത്തുനിൽക്കാനോ പാടില്ല. നിയമവിരുദ്ധമാണ്. വേഗത്തിൽപ്പോകുന്ന വാഹനങ്ങളുടെ പാതയായതിനാൽ ഇത് അപകടമുണ്ടാക്കും.
അപകടകാരണം പരിശോധിക്കുമെന്ന് മോട്ടോർവാഹന വകുപ്പ്
ബസ് അപകടത്തിൽപ്പെട്ടത് അമിതവേഗം മൂലമാണോയെന്നതു സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് അപകടസ്ഥലം സന്ദർശിച്ച തിരൂർ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരായ രഞ്ജു, ബ്രബിൻ എന്നിവർ പറഞ്ഞു.
ബസ്സിന്റെ വേഗം തെളിയിക്കാവുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമല്ല. അതിനാൽ വെട്ടിച്ചിറമുതൽ അപകടസ്ഥലംവരെ ബസ് ഓടിയെത്താനെടുത്ത സമയം സംബന്ധിച്ച് പരിശോധന നടത്തിവരുകയാണെന്നും,പ്രാഥമിക റിപ്പോർട്ട് ഉടൻ അധികൃതർക്കു നൽകുമെന്നും ഇവർ പറഞ്ഞു.
Published: 27 Jul 2026, 07:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented